മാമ്പുഴ മർഹൂം അലി ഹസൻ മുസ്‌ലിയാർ [ന.മ] തലമുറകൾക്ക് ഊർജ്ജം പകർന്ന ആത്മീയനിലാവ് ✒️ മിൻഹാജ് ഇ.കെ ചാഴിയോട് കിഴക്കനേറനാടിന്റെ നവോത്ഥാന സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ നിറം പകർന്ന മുഖ്ലിസ്വായ ഉമറാആയിരുന്നു കാളികാവിനടുത്ത അടക്കാകുണ്ടിലെ എ.പി ബാപ്പുഹാജി. കാനനഭംഗിയുടെ മലയോര ചെരുവുകളിൽ വിശാലമായി പരന്നുകിടക്കുന്ന ഏക്കർകണക്കിന് പച്ചമണ്ണിൽ കൃഷിയിറക്കി പകലന്തികൾ വിയർപ്പൊഴുക്കിയ അനുഭവങ്ങളുടെ നാട്ടുപച്ചയായിരുന്നു ബാപ്പുഹാജിയുടെ ജീവിതവൃത്തി തന്നെ. ഉഴുത് മറിച്ച നിലത്ത് ഹരിതസുന്ദരമാം വിധം ഞാറ് നിറഞ്ഞ് നിൽക്കുന്ന നേരം.ഇഖ്ലാസ്വിന്റെ ഹാജിയോർമ്മകളിൽ നന്മയുടെ നറുമണമേകിയ ഹാജ്യാരുടെ പ്രിയപ്പെട്ട 'ആലസ്സം മോല്യാര്'പാടവരമ്പത്തെ നാട്ടിടവഴികളിലൂടെ നടന്നുനടന്ന് ബാപ്പുഹാജിയുടെ ഓട്മേഞ്ഞ വലിയവീട്ടിൽ അതിഥിയായിയെത്തി.അലി ഹസൻ മുസ്‌ലിയാരെ എന്തെന്നില്ലാത്ത പിരിശത്തിന്റെ ദർജപ്പടിയിലാണ് ഹാജ്യാർ കാലങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്നത് തന്നെ..! മോല്യാരാക്കയെ കണ്ടാൽ പറയാനായി പാത്തുവെച്ച ഹാജിമനസ്സിലെ നീറലിന്റെ നെടുവീർപ്പുകളും വേദനകളും കയറ്റിയിറക്കങ്ങളുമെല്ലാം ശമനതീരവും തേടി അങ്ങനെ ശാന്തമായി ഊർന്നിറങ്ങുമ...