Skip to main content

മാമ്പുഴ മർഹൂം അലി ഹസൻ മുസ്‌ലിയാർ [ന.മ] തലമുറകൾക്ക് ഊർജ്ജം പകർന്ന ആത്മീയനിലാവ്



 മാമ്പുഴ മർഹൂം അലി ഹസൻ മുസ്‌ലിയാർ [ന.മ]
തലമുറകൾക്ക് ഊർജ്ജം പകർന്ന ആത്മീയനിലാവ്



✒️ മിൻഹാജ് ഇ.കെ ചാഴിയോട് 


കിഴക്കനേറനാടിന്റെ നവോത്ഥാന സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ നിറം പകർന്ന മുഖ്ലിസ്വായ ഉമറാആയിരുന്നു കാളികാവിനടുത്ത അടക്കാകുണ്ടിലെ എ.പി ബാപ്പുഹാജി. കാനനഭംഗിയുടെ മലയോര ചെരുവുകളിൽ വിശാലമായി പരന്നുകിടക്കുന്ന ഏക്കർകണക്കിന് പച്ചമണ്ണിൽ കൃഷിയിറക്കി പകലന്തികൾ വിയർപ്പൊഴുക്കിയ അനുഭവങ്ങളുടെ നാട്ടുപച്ചയായിരുന്നു ബാപ്പുഹാജിയുടെ ജീവിതവൃത്തി തന്നെ.

 ഉഴുത് മറിച്ച നിലത്ത് ഹരിതസുന്ദരമാം വിധം ഞാറ് നിറഞ്ഞ് നിൽക്കുന്ന നേരം.ഇഖ്ലാസ്വിന്റെ ഹാജിയോർമ്മകളിൽ നന്മയുടെ നറുമണമേകിയ ഹാജ്യാരുടെ പ്രിയപ്പെട്ട 'ആലസ്സം മോല്യാര്'പാടവരമ്പത്തെ നാട്ടിടവഴികളിലൂടെ നടന്നുനടന്ന് ബാപ്പുഹാജിയുടെ ഓട്മേഞ്ഞ വലിയവീട്ടിൽ അതിഥിയായിയെത്തി.അലി ഹസൻ മുസ്‌ലിയാരെ എന്തെന്നില്ലാത്ത പിരിശത്തിന്റെ ദർജപ്പടിയിലാണ് ഹാജ്യാർ കാലങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്നത് തന്നെ..!

മോല്യാരാക്കയെ കണ്ടാൽ പറയാനായി പാത്തുവെച്ച ഹാജിമനസ്സിലെ നീറലിന്റെ നെടുവീർപ്പുകളും വേദനകളും കയറ്റിയിറക്കങ്ങളുമെല്ലാം ശമനതീരവും തേടി അങ്ങനെ ശാന്തമായി ഊർന്നിറങ്ങുമെത്രെ..!
പതിവിന്റെ തുടർച്ചയെന്നോളം ബാപ്പുഹാജിക്ക് അലി ഹസൻ മുസ്‌ലിയാരോട് അന്നും പറയാനേറയുണ്ടായിരുന്നു.
നെൽകൃഷിയിലുള്ള ചാഴി ശല്യത്തെക്കുറിച്ച് ഹാജ്യാർ പരാതി സ്വരത്തിൽ തന്നെ അലി ഹസൻ മുസ്‌ലിയാരോട് പറഞ്ഞൊപ്പിച്ചു.പ്രിയങ്കരനായ ഹാജിയുടെ വാക്കുകളെല്ലാം കൗതുകമേറിയ കുഞ്ഞുകേൾവിക്കാരനെപ്പോലെ കേട്ടിരുന്ന അലി ഹസൻ മുസ്‌ലിയാർ അൽപം വെണ്ണീർ കൊണ്ടുവരാൻ പറഞ്ഞു.ഹാജ്യാർ കൈയ്യിലേൽപ്പിച്ച വെണ്ണീരുമായി അലി ഹസൻ മുസ്‌ലിയാർ അദ്ദേഹത്തോടൊപ്പം തന്നെ പാടത്തിലൂടെയങ്ങനെ കുറച്ചങ്ങ് നടന്നു.നടത്തത്തിനടയിൽ "രണ്ടു കണ്ടം ചാഴികൾക്ക് കൊടുക്കുമോയെന്ന്" ഹാജിയോട് അലി ഹസൻ മുസ്‌ലിയാരുടെ നിഷ്കളങ്കമായ ചോദ്യം.പരന്നുകിടക്കുന്ന ഏക്കർ കണക്കിന് കൃഷിഭൂമിയിൽ നിന്നും രണ്ട് കണ്ടം നൽകാൻ  ഹാജിക്കും സമ്മതം തന്നെ.

"ഇനി ഇവിടെ നിൽക്കരുത്.അതാ നിങ്ങൾക്കുള്ളതാണ് അപ്പുറത്തെ രണ്ടുകണ്ടം ഭൂമി. അങ്ങോട്ടുപോവുകയെന്നും ചാഴികളോട് പറഞ്ഞ്" അലി ഹസൻ മുസ്‌ലിയാർ തിരിച്ചുപോന്നു.പിറ്റെ ദിവസം സുബ്ഹി നമസ്കാരം കഴിഞ്ഞ് പാടവരമ്പത്തെത്തിയ ഹാജിയാരുടെ മനംനിറക്കുന്നതായിരുന്നു കണ്ട കാഴ്ചകളെല്ലാം.ചാഴികളെല്ലാം
അലി ഹസൻ മുസ്‌ലിയാർ പറഞ്ഞുറപ്പിച്ച രണ്ടു കണ്ടെത്തിലെത്തിയിരിക്കുന്നു.അവിശ്വസനീയമാം വിധമുള്ള സായൂജ്യത്തിന്റെ നിറക്കാഴ്ച ഹാജ്യാരുടെ അകക്കണ്ണിലും വെളിച്ചമേകിയെന്ന് തന്നെ പറയാം.
പിന്നീട്,ഏക്കർ കണക്കിന് സ്ഥലങ്ങളും സംഭാവനകളുമെല്ലാം ജാരിയായ സ്വദഖയായി ദീനീസ്ഥാപനങ്ങൾക്കായി എഴുതിക്കൊടുക്കുമ്പോഴും
അലി ഹസൻ മുസ്‌ലിയാർ ജീവിതത്തിലേക്ക് കൊളുത്തിവെച്ച ആത്മീയ സായൂജ്യത്തെക്കുറിച്ച്  എന്തെന്നില്ലാത്ത നിർവൃതിയോടെ ഹാജി പറയുമായിരുന്നുവത്രേ..!

ചില ജീവിതങ്ങൾ അങ്ങനെയാണ്.നീണ്ട കാലൻകുടക്കു കീഴിൽ തലയും താഴ്ത്തി ഭൂമിയെപ്പോലും നോവിപ്പിക്കാത്ത നടന്നുതീർത്ത നിഷ്കളങ്കജീവിതങ്ങൾ.
ഇബാദുറഹ്മാനെന്ന പരിശുദ്ധ ഖുർആനിക വിശേഷണത്തെ അക്ഷരം തെറ്റാതെ അടയാളപ്പെടുത്തിയ ശാന്തിപൂത്ത് തളിർത്ത അമരസാന്നിധ്യങ്ങൾ.അസറുള്ള വാക്കുകൾ കൊണ്ട് തലമുറകൾക്ക് വഴിയൊരുക്കിയ വിശുദ്ധിയുടെ ഒറ്റയടിപ്പാതകൾ.ചെറിയൊരു ദൃഷ്ടികൊണ്ട് മാത്രം ഉമ്മത്തിന്റെ മനസ്സിൽ ഇലാഹീയോർമ്മകളുടെ കടലിരമ്പം തീർത്ത് തഖ്‌വയുടെ തണൽവിരിച്ച നന്മയുടെ മാമരങ്ങൾ.

അല്ലെങ്കിലും,പടച്ച റബ്ബെന്ന ജീവിതവികാരവുമായി ഉറങ്ങിയുണരുന്ന ചില നിസ്വാർത്ഥ ജീവിതങ്ങൾ കാലത്തിന്റെ നിശ്ചിതമായ നിയോഗങ്ങളാണ്.കാറ്റും കോളുമെല്ലാം കുത്തിയൊലിച്ച് വരുമ്പോഴും ഉമ്മത്തിന് കയറിരിക്കാൻമാത്രം പാകത്തിൽ പടച്ചറബ്ബ് പാകപ്പെടുത്തിവെച്ച ഇജാബത്തിന്റെ പ്രതീക്ഷയിടങ്ങൾ.ദുൻയാവിന്റെ പളപളപ്പിന്റെ പകർച്ചവ്യാധിയിലും പടച്ചോനെപ്പേടിയുടെ വറഇന്റെ വസന്തമായി നിലകൊണ്ട നിത്യസുരഭില വസന്തങ്ങൾ.
ഇത്തരുണത്തിൽ,വിശുദ്ധിയുടെ വീചികളിലൂടെ ജീവിതം തീർത്ത് തലമുറകൾക്ക് ആത്മീയ സൗരഭ്യത്തിന്റെ മധുപകർന്ന അനുഗ്രഹീത സാന്നിധ്യമാണ് മർഹൂം മാമ്പുഴ അലി ഹസൻ മുസ്‌ലിയാർ [ന.മ].

ജീവിതകാലത്ത് സമുദായത്തിനെന്ന് മാത്രമല്ല.ഒരു പ്രദേശത്തിന് തന്നെ കയറിചെല്ലാനുള്ള പ്രതീക്ഷയുടെ ശമനതീരമായിരുന്നു അലി ഹസൻ മുസ്‌ലിയാർ.അവിടുത്തെ ഉറുക്കിനും മന്ത്രിച്ചൂതലിനും പ്രാർത്ഥനക്കും മാത്രമായി കാതങ്ങൾ താണ്ടി മാമ്പുഴയെത്തിയ ഇന്നലെയോർമ്മകൾ ഇന്നും പഴയ തലമുറ ഇടതടവില്ലാതെ പറഞ്ഞുതീർക്കും.
ജീവിതകാലത്തെന്ന പോലെ തന്നെ മരണാനന്തരവും  
പ്രതീക്ഷാ നിർഭരമായ മരുപ്പച്ചകൾ സ്വപ്നം കണ്ട് മാമ്പുഴയിലെത്തുന്ന ജനവൃന്ദത്തിന് കൈയ്യും കണക്കുമില്ല.എത്രവലിയ സഹന പർവ്വങ്ങൾക്കും ആലസ്സം മോല്യാരുടെ തലക്കുംപുറത്തെ പെട്ടിയിലൊരു പത്ത് രൂപയിട്ടാൽ പരിഹാരമാകുമെന്ന ജാതി-മത ഭേദമന്യേയുള്ള കിഴക്കനേറനാടിന്റെ പതിവുവർത്തമാനങ്ങൾ തന്നെ മതി അവിടുത്തെക്കുറിച്ചുള്ള ജനകീയ മതിപ്പും വിശ്വാസവും തിട്ടപ്പെടുത്താനെന്നത് പച്ച പരമാർത്ഥം തന്നെ..!

സാധാരണക്കാരിൽ സാധാരണക്കാരനായി
പച്ചമനുഷ്യനെപ്പോലെ ജീവിതം തീർത്തത് കൊണ്ട് തന്നെ അലി ഹസൻ മുസ്‌ലിയാരുടെ ജീവചരിത്രം വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.വിയോഗാനന്തരം തന്നെ അവിടുത്തെ ധന്യജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളെല്ലാം നടന്നിട്ടുണ്ടെങ്കിലും വിവരങ്ങളൊന്നും വേണ്ടവിധം ലഭ്യമായിട്ടുമില്ല.ചുള്ളിയിൽ അഹ്മദ് മുസ്‌ലിയാരുടെ പുത്രനായി പള്ളിപ്പുറത്താണ് സ്മര്യപുരുഷന്റെ ജനനം. ബാല്യത്തിന്റെ കുഞ്ഞിളം നാളുകളിൽ തന്നെ അനാഥത്വത്തിന്റെ കൈപ്പുനീർ രുചിക്കേണ്ടി വന്ന മഹാൻ ശേഷം പാണ്ടിക്കാണ്ടിനടുത്ത പയ്യറമ്പിലേക്ക് താമസം മാറുകയായിരുന്നു.

പാരമ്പര്യത്തിന്റെ പഴമ പേറുന്ന
കിഴക്കെ പാണ്ടിക്കാട് ജുമുഅത്ത് പള്ളിയിൽ വെച്ചാണ് അവിടുത്തെ ഓത്തുപള്ളി പഠനത്തിന് പ്രാരംഭമേകുന്നത്.വർഷങ്ങളോളം പള്ളിദർസിന്റെ അകത്തളങ്ങളിലിരുന്ന് ഇബാറത്തുകളോടൊപ്പം സഹവസിച്ച അലി ഹസൻ മുസ്‌ലിയാരുടെ കിതാബ് ശേഖരണങ്ങളെക്കുറിച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മുഖ്യകാര്യദർശിയായിരുന്ന കെ.ടി ഉസ്താദ് തന്നോട് അന്വേഷിച്ചിരുന്നുവെന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജന: സെക്രട്ടറി ഉസ്താദ് വാക്കോട് മൊയ്തീൻ കുട്ടി ഫൈസി അനുഭവം പങ്കുവെച്ചതും നമ്മളെല്ലാം അറിഞ്ഞതിനപ്പുറം അലി ഹസൻ മുസ്‌ലിയാർക്ക് വിശാലമായൊരു പണ്ഡിതമുഖം കൂടിയുണ്ടെന്ന വർത്തമാനങ്ങളും  ഓർമ്മകളുടെ ഓളങ്ങളിലിന്നും മായാതെ കിടപ്പുണ്ട്.

അമാനത്ത് ആയിശയെന്ന മഹതിയാണ് അലി ഹസൻ മുസ്‌ലിയാരുടെ പ്രഥമ പത്നി.മഹതി അസുഖ ബാധിതയായി മരണപ്പെട്ടതിന് ശേഷം പയ്യനാട് പേട്ടയിൽ കുരിക്കൾ പാത്തുമ്മക്കുട്ടി എന്നവരെ വിവാഹം ചെയ്തു.
പിന്നീട്,ജോലിയും ഉപജീവനമാർഗവും തേടി മഹാനോർ കരുവാരകുണ്ടണ്ടിന്റെ മലയോര പ്രദേശങ്ങളിലെത്തുകയായിരുന്നു.കാലികളെ മേച്ചും കച്ചവടങ്ങളിലെ കൂലിക്കാരനായും കാളവണ്ടിക്കാരനായും റോഡ് പണിക്കാരനുമായെല്ലാം അലി ഹസൻ മുസ്‌ലിയാർ ഉപജീവനം തേടി.ചെയ്യുന്ന ജോലികളിലെ കൃത്യനിഷ്ഠതയും ഇഖ്ലാസ്വും അവിടുത്തെ തീർത്തും വ്യതിരിക്തനാക്കുകയായിരുന്നു.ഉടമക്കും ഉപഭോക്താവിനും നഷ്ടമില്ലാത്ത രീതിയിൽ കൃത്യമായി തൂക്കമൊപ്പിച്ച് വിൽപ്പന നടത്തിയിരുന്ന  അലി ഹസൻ മുസ്‌ലിയാരെന്ന നീതിബോധമുള്ള കച്ചവടക്കാരൻ അക്കാലത്തെ വല്ലാത്ത വിസ്മയം തന്നെയായിരുന്നു.

കാളികാവ്-കരുവാരകുണ്ട് പാത നിർമ്മാണത്തിൽ തൊഴിലാളിയായി പ്രിയങ്കരനായ ആലസ്സം മോല്യാരുമുണ്ടായിരുന്നുവെന്ന് എ.പി ബാപ്പു ഹാജി സാക്ഷിപ്പെടുത്തുന്നുണ്ട്.റോഡ് പണിക്ക് വിളിക്കുമ്പോൾ തന്നെ ളുഹ്ർ,അസ്വർ നമസ്കാര സമയത്തും ഭക്ഷണ നേരത്തും ജോലി നിർത്തുമെന്ന് ആദ്യമേ പറഞ്ഞുറപ്പിക്കുമായിരുന്നുവെത്രെ.
നടപ്പിലും പെരുമാറ്റത്തിലുമെല്ലാം പച്ചമനുഷ്യനായി ജീവിച്ച സ്മര്യപുരുഷൻ പലപ്പോഴും കാളവണ്ടിയുമായി ആളുകളെ കയറ്റികൊണ്ടുപോകുമായിരുന്നു.നാലണയായിരുന്നു കൂലി.

മിണ്ടാപ്രാണികളുടെ പോലും അഭിമാനവും ഇസ്സത്തും മഹാൻ വേണ്ടരീതിയിൽ പരിഗണിച്ചിരുന്നുവെന്നത് ചരിത്രസത്യം.ഏതെങ്കിലും കാള അനുസരണക്കേട്. കാണിച്ചാൽ മറ്റുള്ള കാളകളുടെ സമീപത്ത് നിന്നും ദൂരേക്ക് കൊണ്ടുപോകും.'അവന്റെ മുമ്പിൽ വെച്ച് അന്നെ അയ്ബാക്കണ്ടെന്നു വിചാരിച്ചാണ്' ഇവിടെ കൊണ്ടുവന്നതെന്ന് പറഞ്ഞ് ചെറിയ ശിക്ഷയും ഗുണദോഷവും നൽകുമായിരുന്നു.മാനുഷിക വ്യവഹാരങ്ങൾക്കപ്പുറം മിണ്ടാപ്രാണികൾക്ക് പോലും മൗലികാവകാശങ്ങൾ വകവെച്ചു നൽകിയ അവിടുത്തെ സുകൃതമാതൃകകൾ തീർത്തും അനുകരണീയം തന്നെ.

ഒത്ത ഉയരം,ചെറിയ താടി,ഒരു കള്ളിത്തുണി, കുപ്പായത്തിന് മുകളിൽ ചുരുണ്ട് വലിയൊരു പുതപ്പും അത്രയൊന്നും വലിപ്പം തോന്നാത്ത തലപ്പാവും വെളുത്ത ശരീരവുമാണ് അലി ഹസൻ മുസ്‌ലിയാരുടെ രൂപഭാവമെന്ന് ബാപ്പു ഹാജി പലപ്പോഴും വിശദീകരിക്കുമായിരുന്നു.സാധാരണക്കാരന്റെ ഇരുത്തവും നടത്തവും പെരുമാറ്റവുമുള്ള മഹാനോരുടെ മുഖത്ത് നോക്കിയാൽ തന്നെ വശ്യമായ പുഞ്ചിരിയുണ്ടാകുമെന്ന് ഹാജ്യാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കിഴക്കനേറനാടിന്റെ പാടവരമ്പത്ത് വർഷങ്ങളോളം കാലികളെ മേച്ച് ഉപജീവന മാർഗം തേടിയ ഇന്നലെയോർമ്മകൾ സ്മര്യപുരുഷന്റെ ജീവിതത്തിലെ അനിഷേധ്യ താളുകളാണ്.നമസ്കാരങ്ങൾക്കും മറ്റു ആവിശ്യങ്ങൾക്കും വേണ്ടി പോകുമ്പോൾ മഹാനോർ നിശ്ചിതമായ സ്ഥലം തിട്ടപ്പെടുത്തി വരയിടുകയും അതിനപ്പുറം പോകരുതെന്നും കാലികളോട് പറയുകയും ചെയ്യും.
എല്ലാം കഴിഞ്ഞ് മോല്യാരുപ്പാപ്പ തിരിച്ചുവരുമ്പോഴും നിർണിത വരകൾക്കുള്ളിൽ അനുസരണയോടെ അനുവർത്തിക്കുന്ന കാലികളെ കാണുമായിരുന്നുവെത്രെ..!
പറയേണ്ടവർ പറഞ്ഞാൽ കേൾക്കേണ്ടവരെല്ലാം അച്ചടക്കബോധ്യത്തോടെ കേട്ടിരിക്കുമെന്നതിന്റെ മനോഹരമായ തെളിവ് കൂടിയാണിത്.

അപസ്മാരം,കുട്ടികളുടെ രോഗങ്ങൾ,കാലികളുടെ രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്കെല്ലാം ശമനവും തേടി അലി ഹസൻ മുസ്‌ലിയാരുടെ സമക്ഷത്തിലെത്തിയ ജനവൃന്ദത്തിന് കൈയ്യും കണക്കുമില്ല.മോല്യാരുപ്പാപ്പയെന്ന് മന്ത്രിച്ചൂതുകയോ, ഉറക്കെഴുതുകയോ,നൂൽ കെട്ടുകയോ ചെയ്താൽ പിന്നീട് അത്തരം രോഗങ്ങൾക്ക് ചികിത്സ തേടേണ്ടതില്ലെന്ന ഉറച്ചവിശ്വാസത്തോടെയാണ് ജാതി-മതഭേദമന്യേ ജനങ്ങൾ മഹാനോരെ സമീപിച്ചിരുന്നത് തന്നെ.

ജീവിതകാലത്തെന്ന പോലെ വിയോഗാനന്തരവും  പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയുന്ന പ്രാർത്ഥനാവചസ്സുകളുമായി  അനേകായിരങ്ങൾ മാമ്പുഴ മഖ്ബറയിലേക്കൊഴുകുന്നത് കിഴക്കനേറനാടിന്റെ ഡയറിയിലെ സ്ഥിരംകാഴ്ച്ചയാണ്.മാമ്പുഴ മഹല്ല് കമ്മിറ്റി ഇർഷാദുൽ ഉമ്മയുടെ കീഴിലായി അലി ഹസൻ മുസ്‌ലിയാരുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന ദർസ്,അറബി കോളേജ്,തഹ്ഫീളുൽ ഖുർആൻ കോളേജ് സ്ഥാപനങ്ങളിൽ പഠിക്കുന്ന മുന്നൂറിലധികം വരുന്ന വിദ്യാർത്ഥികളുടെ  ചെലവിന്റെ ഏക വരുമാനബിന്ദുവും അലി ഹസൻ മുസ്‌ലിയാരുടെ മഖ്ബറയിലേക്കെത്തുന്ന സംഭാവനകളും അതിൽ നിന്നും പിറവിയെടുത്ത  സംവിധാനങ്ങളും തന്നെയാണെന്നത് ഇന്നും വിസ്മയാത്മകമായ വസ്തുതയാണ്.

വിദ്യാർത്ഥികൾ ഉണ്ടാകുന്ന സമയത്ത് അവർക്കാവിശ്യമായ ചെലവിനുള്ള സമ്പത്ത് നേർച്ചപ്പെട്ടിയിൽ നിന്ന് ലഭിക്കുമ്പോൾ തന്നെ വിദ്യാർത്ഥികൾ അവധിയാകുന്നത് കൊണ്ട് പരിശുദ്ധ റമളാനിൽ പോലും വരുമാനം കുറയുന്ന അത്ഭുതസംഭവങ്ങൾ വാക്കോട് ഉസ്താദ് 'അസ്സനാഉൽ അലിയ്യു'വെന്ന അലി ഹസൻ മുസ്‌ലിയാരുടെ മൗലിദ് കിതാബിൽ വിവരിക്കുന്നുണ്ട്.

കോഴിക്കോട് പുതിയറ സുലൈമാൻ മുസ്‌ലിയാരെ പരാമർശിക്കാതെ അലി ഹസൻ മുസ്‌ലിയാരുടെ ചരിത്രം പൂർണമാവില്ല.ഇരുവരും തമ്മിൽ അഭേദ്യമായ അടുപ്പമായിരുന്നു.അലി ഹസൻ മുസ്‌ലിയാർ ചായപ്പീടികയിലേക്ക് വരുമ്പോൾ രണ്ട് ചായക്കാണ് ഓർഡർ നൽകുക.ഒരാൾക്കെന്തിനാണ് രണ്ട് ചായയെന്ന് പരിസരത്തുള്ളവർ ചോദിക്കുമെങ്കിലും കടക്കാരൻ രണ്ടു ചായ കൊണ്ടുവന്നാൽ വൈകാതെ തന്നെ  സുലൈമാനും മുസ്‌ലിയാരും പ്രത്യക്ഷപ്പെടും.ശേഷം, ഇരുവരും ഒരുമിച്ചിരുന്ന് ചായകുടിക്കുമെത്രെ..!

 അക്കാലത്തെ പേരുകേട്ട കരുവാരകുണ്ട് പുന്നക്കാട് ആഴ്ച ചന്തയിൽ സുലൈമാൻ മുസ്‌ലിയാർ വരുമ്പോൾ കുശവന്മാരിൽ നിന്ന് മൺപാത്രങ്ങൾ വാങ്ങി ഓരോ പാത്രവും മറ്റു പാത്രങ്ങളുടെ മേൽ  എറിഞ്ഞു പൊട്ടിക്കും.ഒന്നും ചോദിക്കാതെ എല്ലാവരും കൗതുകത്തോടെ നോക്കിനിൽക്കുമ്പോൾ സുലൈമാൻ മുസ്‌ലിയാർ തന്നെ പറയും: "നാട് പോയി കാടാകും.കാട് പോയി നാടാകും." പുന്നക്കാട് ചന്ത നിലനിന്നിരുന്ന  പ്രസ്തുത പറമ്പിലാണ്  ഇന്ന് കിഴക്കനേറനാട്ടിലെ മതകീയ നവോത്ഥാനത്തിന്റെ ആസ്ഥാനകേന്ദ്രമായ ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റർ നിലകൊള്ളുന്നത്.

 അലി ഹസൻ മുസ്‌ലിയാരുടെ  മരണസമയത്ത്  ഒരു വ്യക്തിക്ക് അഞ്ചു രൂപ  കടം തിരിച്ചു നൽകാനുണ്ടായിരുന്നുവെത്രെ.മരണശയ്യയിൽ കിടക്കുന്ന പിതാവ്  മകനോട് കൈയ്യുയർത്തി അഞ്ചുവിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചു കൊടുത്തു.അല്പ സമയത്തിന് ശേഷം,ഒരു വ്യക്തി വന്ന് പിതാവ് തനിക്ക് അമ്പത് രൂപ കടം തരാനുണ്ടെന്ന്  പറഞ്ഞു. അഞ്ചു രൂപയാണോ,അമ്പത് രൂപയാണോ പിതാവിന്റെ കടമെന്ന്  പുത്രനും സംശയം.അമ്പത് തന്നെയാണെന്ന് ആഗതൻ ഉറപ്പിച്ചുപറയുന്നു.
എന്നാൽ,നിങ്ങൾക്ക് തരാനുള്ള അമ്പത് രൂപ  പിതാവിന്റെ ജനാസയുടെ തലക്കരികിൽ വെക്കാമെന്ന് മകൻ പറഞ്ഞുറപ്പിച്ചു.പണമെടുക്കാൻ കുനിഞ്ഞ അയാൾ  പിന്നീട് നിവർന്ന് നിന്നിട്ടില്ലെന്ന്   അടക്കാകുണ്ടിലെ എ.പി ബാപ്പുഹാജി തന്റെ ജീവിതം പറയുന്ന പുസ്തകത്തിൽ വ്യക്തമായി വിവരിക്കുന്നുണ്ട്.

മുഖത്തുണ്ടായിരുന്ന കുരു പൊട്ടിയതിനെ തുടർന്ന് ബാധിച്ച പനി മൂന്ന് ദിവസം തുടരുകയും മരണകാരണവുമായി മാറുകയായിരുന്നുവെത്രെ.
ഹി.1370 ജമാദുൽ ആഖിർ [1951 മാർച്ച്] മാസത്തിലാണ് അലി ഹസൻ മുസ്‌ലിയാർ ഇഹലോകവാസം വെടിഞ്ഞതെന്ന് വാക്കോട് ഉസ്താദ് 'അസ്സനാഉൽ അലിയ്യു'വെന്ന അലി ഹസൻ മുസ്‌ലിയാരുടെ മൗലിദ് കിതാബിൽ വ്യക്തമാക്കുന്നുണ്ട്.പടച്ചറബ്ബ് മഹാനുഭാവനോടൊപ്പം നമ്മെ ജന്നാത്തിലൊരുമിപ്പിക്കട്ടെ-ആമീൻ

അവലംബം

1.അസ്സനാഉൽ അലിയ്യു ഫീ മനാഖിബി ശൈഖി അലി ഹസനിൽ വലിയ്യി.
 [ഉസ്താദ് വാക്കോട് മൊയ്തീൻ കുട്ടി ഫൈസി]
2. എ.പി ബാപ്പു ഹാജി.നാടുണർത്തിയ ജീവിത നിയോഗം.
[ടി.അബ്ദുസ്സമദ് റഹ്മാനി കരുവാരകുണ്ട്]
3.മസാർ 23
 [മാമ്പുഴ ആണ്ടുനേർച്ച സ്പെഷ്യൽ സപ്ലിമെന്റ്]
 

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...