✒️ മിൻഹാജ് ഇ. കെ ചാഴിയോട്. ആത്മവിചാരണയുടെയും ആത്മീയ അനുഭൂതിയുടെ ആഘോഷത്തിന്റെയും ത്യാഗസുരഭിലമായ ചരിത്രസ്മരണകളുടെയും അലകളുയർത്തി മറ്റൊരു ബലിപെരുന്നാൾ കൂടി സമാഗതമായി. പരിമിതികളുടെ കാലത്തും ബലിപെരുന്നാൾ വിശ്വാസിഹൃത്തടങ്ങളിൽ ശുഭപ്രതീക്ഷയുടെയും സ്നേഹസന്തോഷത്തിന്റെയും സുന്ദരനിമിഷങ്ങളാണ്. ഓരോ നിമിഷങ്ങളിലും ഇബ്രാഹിമിയ്യ കുടുംബത്തിന്റെ ത്യാഗസുരഭിലമായ ജീവിതപാഠങ്ങൾ വിശ്വാസിമാനസങ്ങൾ അയവിറക്കുകയാണ്. ലോകമുസ്‌ലിം സമൂഹം ഹിജ്റകലണ്ടറിലെ പ്രധാനഇതളുകളായ ദുൽഹിജ്ജയുടെ ത്യാഗസ്മരണകൾ തുടിച്ചുനിൽക്കുന്ന പവിത്രമായ ദിനരാത്രങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുസ്‌ലിം ജീവിതത്തിലെ സന്തോഷത്തിന്റെയും ആത്മീയനിർവൃതിയുടെയും സുന്ദരനിമിഷങ്ങളായ ബലിപെരുന്നാളിന്റെയും വിശുദ്ധഹജ്ജിന്റെയും ബലികർമ്മത്തിന്റെയും ദുൽഹിജ്ജ ഇന്നും വിശ്വാസിമാനസങ്ങളിൽ സന്തോഷപ്പൊലിമയുടെ പേമാരിതീർക്കുകയാണ്. അതെ. ദുൽഹിജ്ജ വിശ്വാസിമാനസങ്ങളിലെ സന്തോഷത്തിന്റെയും സുകൃതസന്ദേശത്തിന്റയും പ്രതീക്ഷയുടെയും മാസമാണ്. സൃഷ്ടാവിനുവേണ്ടിയുള്ള സമർപ്പണത്തിന്റെ സമാനതകളില്ലാത്ത ഉപമക...