Skip to main content

ത്യാഗസുരഭില സ്മൃതികളുടെ ബലിപെരുന്നാൾ

✒️  മിൻഹാജ് ഇ. കെ ചാഴിയോട്.

ആത്മവിചാരണയുടെയും ആത്മീയ അനുഭൂതിയുടെ ആഘോഷത്തിന്റെയും ത്യാഗസുരഭിലമായ ചരിത്രസ്മരണകളുടെയും  അലകളുയർത്തി മറ്റൊരു ബലിപെരുന്നാൾ കൂടി സമാഗതമായി.
 പരിമിതികളുടെ കാലത്തും ബലിപെരുന്നാൾ വിശ്വാസിഹൃത്തടങ്ങളിൽ ശുഭപ്രതീക്ഷയുടെയും സ്നേഹസന്തോഷത്തിന്റെയും സുന്ദരനിമിഷങ്ങളാണ്. ഓരോ നിമിഷങ്ങളിലും ഇബ്രാഹിമിയ്യ  കുടുംബത്തിന്റെ ത്യാഗസുരഭിലമായ ജീവിതപാഠങ്ങൾ വിശ്വാസിമാനസങ്ങൾ അയവിറക്കുകയാണ്.

 ലോകമുസ്‌ലിം സമൂഹം ഹിജ്റകലണ്ടറിലെ പ്രധാനഇതളുകളായ ദുൽഹിജ്ജയുടെ ത്യാഗസ്മരണകൾ തുടിച്ചുനിൽക്കുന്ന   പവിത്രമായ ദിനരാത്രങ്ങളിലേക്ക്  പ്രവേശിച്ചിരിക്കുകയാണ്. മുസ്‌ലിം ജീവിതത്തിലെ സന്തോഷത്തിന്റെയും ആത്മീയനിർവൃതിയുടെയും സുന്ദരനിമിഷങ്ങളായ ബലിപെരുന്നാളിന്റെയും  വിശുദ്ധഹജ്ജിന്റെയും ബലികർമ്മത്തിന്റെയും ദുൽഹിജ്ജ ഇന്നും വിശ്വാസിമാനസങ്ങളിൽ സന്തോഷപ്പൊലിമയുടെ പേമാരിതീർക്കുകയാണ്.

അതെ.  ദുൽഹിജ്ജ വിശ്വാസിമാനസങ്ങളിലെ  സന്തോഷത്തിന്റെയും സുകൃതസന്ദേശത്തിന്റയും പ്രതീക്ഷയുടെയും മാസമാണ്. സൃഷ്ടാവിനുവേണ്ടിയുള്ള   സമർപ്പണത്തിന്റെ  സമാനതകളില്ലാത്ത ഉപമകൾ തീർത്ത ഇബ്രാഹീമിയൻ  കുടുംബത്തിന്റെ സുരഭിലമായ ജീവിതങ്ങൾ ലോകീയർക്കന്നും മാതൃകയാണ് .ഒപ്പം. ദുൻയാവിലെ അനന്തമായ ലക്ഷ്യത്തിന് പിന്നാലെയുള്ള ജീവിതവഴിത്താരയിൽ ഹൃദയത്തിൽ കൂടിച്ചേർന്ന്കലർന്ന ചവറുകൾ പുറംതള്ളി ഖൽബകം ശുദ്ധീകരിക്കാൻ വർഷത്തിലൊരിക്കൽ മാത്രം നാഥൻ കനിഞ്ഞു നൽകുന്ന അസുലുഭമുഹൂർത്തവും.

 ബലിപെരുന്നാൾ കേവലം പുതുവസ്ത്രധാരണയിലോ മൈലാഞ്ചിച്ചുവപ്പിലോ  പെരുന്നാൾ നമസ്കാരത്തിലോ മാത്രം ഒതുങ്ങുന്നതല്ല. പ്രത്യുത. അണമുറിയാത്ത  തക്ബീർധ്വനികളും ആത്മീയനിർവൃതിയുടെ അറഫാദിനത്തിലെ വ്രതാനുഷ്ഠാനവും വിശുദ്ധമായ ഹജ്ജും  സമ്പാദ്യശുദ്ധിയുടെ സുകൃതമാതൃകയായ ബലികർമ്മവുമുൾക്കൊള്ളുന്ന സുകൃതങ്ങളുടെ സുന്ദരനിമിഷങ്ങളാണ് ബലിപെരുന്നാൾ.

 ത്യാഗത്തിന്റെ  തീച്ചൂളയിൽ നിന്നും കാച്ചിയെടുത്ത ഈമാനികാവേശത്തിന്റെ  ഇന്നലെകളിൽ ജീവിച്ച ഇബ്രാഹീമിയൻ  കുടുംബത്തിന്റെ ത്യാഗനിർഭരമായ ജീവിതങ്ങളാണ് ബലിപെരുന്നാളിന്റെ  ഏറ്റവും വലിയ സന്ദേശം.
ഒന്നിനുപിറകെ ഒന്നായി വന്ന പരീക്ഷണങ്ങളുടെ പേമാരിയിൽ കാലിടറാതെ.. പൈശാചിക പ്രലോഭനങ്ങളിൽ അടിപതറാതെ.. ജീവൻപോലും ഭയത്തിന്റെ  മുൾമുനയിൽ നിന്ന  നിമിഷങ്ങളിൽ പോലും വിശ്വസിക്കുന്ന വഴിയും മുറുകെപ്പിടിക്കുന്ന ആദർശവും അടിയറവെക്കാതെ ജീവിച്ചുപോയ ഇബ്രാഹീമിയൻ കുടുംബം  നാല് സഹസ്രാബ്ദങ്ങൾക്കുപ്പുറം ഇന്നും വിശ്വാസി മാനസങ്ങളിൽ ജീവിക്കുകയാണ്.

 ഒരുപാട് നാളത്തെ ദാമ്പത്യവല്ലരിയിലെ  ജീവിതത്തേട്ടത്തിനിടയിൽ ജീവിതത്തിന്റെ സായംസന്ധ്യയിൽ ലഭിച്ച  സൗഭാഗ്യസ്നേഹസൂനം ഹസ്റത്ത് ഇസ്മാഈൽ (റ)ന്റെ  കഴുത്തിൽ കുഞ്ഞുനാളിൽ തന്നെ  കത്തിവെക്കാൻ  ദൈവികനിർദ്ദേശം വന്നപ്പോൾ ഉടൻ  അതിനുവേണ്ടി തയ്യാറെടുത്ത ഇബ്രാഹിം നബി(അ)യും ഒരുപാട് നാളിലെ  സ്വപ്നസാക്ഷാത്കാരമായി ലഭിച്ച കൺമണിയെ താലോലിച്ചും കളിപ്പിച്ചും  പോറ്റിവളർത്തി മതിവരാത്തസമയത്തും മരണക്കത്തിയിലേക്ക് തന്റെ കുഞ്ഞുപൈതലിനെ  പുതുവസ്ത്രമണിയിച്ച് പറഞ്ഞയച്ച ഹാജറാ ബീവി(റ)യുംപിതാവിന്റെ പുഞ്ചിരിയും മാതാവിന്റെ മാണിക്യവുമായി ജീവിച്ച് കൊതിതീരും മുമ്പ് ഇലാഹീനിർദ്ദേശം വന്നപ്പോൾ ദുനിയാവിനെ മറന്ന് നാഥന് വഴങ്ങിയ ഹസ്രത്ത് ഇസ്മാഈൽ നബി (അ)യും എന്നും വിശ്വാസിമാനസക്കൊട്ടാരങ്ങളിലെ സുകൃതസാനിധ്യങ്ങളാണ്.പ്രണയത്തിനും നൈമിഷികസുഖാസ്വാദനങ്ങൾക്കും വേണ്ടി വിശ്വസിച്ചുപോന്ന ആദർശവും വിശ്വാസവും വലിച്ചെറിയുന്ന ആധുനികസമൂഹത്തിന് മുമ്പിൽ ഇബ്രാഹീമിയൻ കുടുംബത്തിന്റെ  അചഞ്ചലമായ ആദർശഭദ്രത നൽകുന്ന പാഠങ്ങൾ ചെറുതല്ല.

 ചുറ്റുപാടിൽ മുഴുവനും ഇസ്‌ലാമികവിരുദ്ധ പടർന്നുപിടിച്ചപ്പോഴും സമൂഹം ഒന്നടങ്കം എതിരായിനിന്നപ്പോഴും
 സർവ്വതും സ്രഷ്ടാവിലേക്ക് സമർപ്പിച്ച  "തവക്കുലിന്റെ" കരുത്തും കെട്ടുറപ്പുമായിരുന്നു ആ കുടുംബത്തിന്റെ അലങ്കാരം.

 തീക്ഷണമായ  പരീക്ഷണങ്ങൾ ജീവിതത്തിലെ നിത്യം അതിഥിയായി വന്നപ്പോഴും  പരീക്ഷണങ്ങൾക്ക് മുമ്പിൽ പരിഭവം പറയാതെ.. പൈശാചിക പ്രലോഭനങ്ങളിൽ അടിപതറാതെ..   വലിയ പരീക്ഷണങ്ങൾക്കൊപ്പമാണ് വലിയ പ്രതിഫലമെന്ന ഉദാത്തബാധം മുറുകെപിടിച്ച് പരീക്ഷണങ്ങളെ സ്വർഗീയ പൂന്തോപ്പിലേക്കുള്ള പാതയാക്കുകയായിരുന്നു ഖലീലുല്ലാഹി ഇബ്രാഹിം നബി (അ). നംറൂദിന്റെ  തീകുണ്ഡാരത്തെ  അല്ലാഹുവിന്റെ മാർഗത്തിലുള്ള പൂമെത്തയായി സ്വീകരിച്ച നബിക്ക്  ആളിപ്പടർന്ന അഗ്നിനാളങ്ങൾ സ്വന്തനത്തിന്റെ കുളിർകാറ്റായി അനുഭവപ്പെടുകയായിരുന്നു."നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉത്തമരെന്ന" ഖുർആനിക വചനം പോലെ ഉള്ളിലെ വിശ്വാസമായിരുന്നു ഇബ്രാഹിം നബിയുടെ കരുത്ത്.

ഒരു പുൽക്കൊടി പോലും തൂമ്പെടുക്കാത്ത..,പേരിനുപോലും ആളനക്കമില്ലാത്ത..,തീർത്തും വിജനമായ മരുഭൂമിയിൽ..,കുഞ്ഞിളം പൈതലുമായി ചുട്ടുപൊള്ളുന്ന വെയിലിനോടും  കോരിച്ചൊരിയുന്ന മഴയോടും രാത്രിയുടെ യാമങ്ങളിലെ ഇരുളിനോടും പരിഭവമില്ലാതെ ജീവിക്കാൻ ഹാജറ ബീവി (റ) ന്  കരുത്ത്പകർന്നത്  അടിയുറച്ചുവിശ്വസിക്കുന്ന ആദർശമായിരുന്നു.

 ഖലീലുല്ലാഹി  ഇബ്രാഹിം നബി (അ) ഫലസ്തീനിലെ ഖലീൽ  സിറ്റിയിലാണ് അന്ത്യനിദ്രകൊള്ളുന്നതെങ്കിലും പ്രിയപത്നി ഹാജറാ ബീവി(റ)യും പൊന്നോമന പുത്രൻ ഇസ്മാഈൽ നബി (അ) യും മുസ്‌ലിം ലോകത്തിന്റെ  തറവാട് ഭൂമിയായ കഅ്ബാലയത്തിന്റെ  ചാരത്തുതന്നെയാണ്. അതെ.ഒരേ ലക്ഷ്യവും ഒരേ മനസ്സും ഒരൊറ്റ മന്ത്രവുമായി വർഷാവർഷം ലക്ഷക്കണക്കിന് ഹാജിമാർ തീർക്കുന്ന അന്താരാഷ്ട്ര മുസ്‌ലിം സമ്മേളനവും കണ്ട് നിർവൃതിയടഞ്ഞ് ഇബ്രാഹീമിയൻ കുടുംബം  കഅബാലയത്തിന്റെ പരിശുദ്ധമണ്ണിൽ  അന്ത്യനിദ്ര കൊള്ളുകയാണ്.

മനുഷ്യസൃഷ്ടിപ്പിന്റെ  നിദാനം തന്നെ ഇലാഹിനെ ആരാധിക്കുക  എന്നുള്ളതാണല്ലോ.
അതുകൊണ്ടുതന്നെ വിശ്വാസിയുടെ ജീവിതത്തിലെ സന്തോഷത്തിന്റെയും സഹതാപത്തിന്റെയും സർവ്വനിമിഷങ്ങളും ആരാധന തന്നെയാവണം.
 തന്മൂലം തന്നെ പെരുന്നാൾ പൊലിമയുടെ സന്തോഷദിനരാത്രങ്ങളും ആരാധനകൾ കൊണ്ട് തന്നെയാണ് വിശ്വാസി അടിപൊളിയാക്കേണ്ടത്.  അതിനർത്ഥം പെരുന്നാൾ സുദിനത്തിൽ പ്രഭാതം മുതൽ വുളു  എടുത്ത് മുസ്വല്ലയിൽ വന്നിരുന്ന് ദിവസത്തിന്റെ രാത്രി വരെ ആ മുസ്വല്ലയിൽ തന്നെ ഇരിക്കണമെന്നല്ല.  മറിച്ച് നാം  പതിവുപോലെ പെരുന്നാൾദിനങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളും  അനുഷ്ഠാനങ്ങളും
 നല്ലലക്ഷ്യത്തോടെയും നന്മനിറഞ്ഞ നിയ്യത്തോടെയും ചെയ്തു തീർക്കുമ്പോഴാണ് നമ്മുടെ പെരുന്നാൾദിനങ്ങൾ സുകൃതങ്ങൾ കൊണ്ടു പ്രശോഭിതമാകുന്നത്.

 പെരുന്നാൾ ആത്മസംസ്കരണത്തിന്റെ  നാളുകളാണ്. സ്വന്തത്തോടുള്ള ചോദ്യങ്ങളാണ് അന്ന് വിശ്വാസിമാനസങ്ങളിൽ ഉയരേണ്ടത്. ഇത്രയും കാലം ഈ ഭൂമിയിൽ ജീവിച്ചത് കൊണ്ട് എന്ത് നേടിയെന്ന ചോദ്യചിഹ്നം ഉള്ളിൽ നിന്നും നമുക്ക് നേരെ തിരിയണം.  ഗതകാല ജീവിതത്തിനിടയിൽ അറിയാത്തവന്ന  അരുതായ്മകളോട്  ഖൽബകം സലാം പറയണം.  പാപപങ്കിലമായ ഹൃത്തടങ്ങളിൽ വിശുദ്ധിയുടെ വെള്ളിവെളിച്ചം വീശണം. കൂട്ടിയും കിഴച്ചും   ഗതകാലത്തിന്റെ മൂല്യനിർണയം സൂക്ഷ്മതയോടെ നടത്തണം. അപ്പോഴാണ് പെരുന്നാൾ യഥാർത്ഥ പെരുന്നാളായി മാറുന്നത്.

ചുരുക്കത്തിൽ. വിശ്വാസിയുടെ ജീവിതത്തിലെ ഒരു സംവത്സരത്തിലെ  ഏറ്റവും വലിയ സന്തോഷത്തിന്റെ മനോഹരമായ നിമിഷങ്ങളാണ് ബലിപെരുന്നാൾ സമർപ്പിക്കുന്നത്.
 വിശ്വാസിയുടെ അധരങ്ങളിൽ  നിന്നുമുയരുന്ന അണമുറിയാത്ത തക്ബീർ ധ്വനികളും തക്ബീറിന്റെ അകമ്പടിയോടുകൂടെയുള്ള പെരുന്നാൾ നിസ്കാരവും  പരിശുദ്ധഭൂമികയിൽ പതിനായിരങ്ങൾ പാൽക്കടൽ തീർക്കുന്ന പരിശുദ്ധ ഹജ്ജും സാമ്പാദ്യശുദ്ധിയുടെ സുകൃതമാതൃകയായ മൃഗബലിയും തളിരിടുന്ന സൗഹൃദവുമെല്ലാം ബലിപെരുന്നാളിന്റെ സുന്ദരമായ നിമിഷങ്ങളാണ്.

എന്നാൽ., ബലിപെരുന്നാളിന്റെ  സുന്ദരമായ നിമിഷങ്ങളെ തിന്മ ചേരാതെ നന്മ ചോരാതെ ചെലവഴിക്കാനും ഇബ്രാഹീമിയ്യ  കുടുംബത്തിന്റെ സമർപ്പണസന്ദേശം ജീവിതപാഠമാക്കുവാനും  വിശ്വാസി സമൂഹം തയ്യാറാവണം. പടച്ചറബ്ബ് അനുഗ്രഹിക്കട്ടെ -ആമീൻ

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...