✒️മിൻഹാജ് ഇ.കെ ചാഴിയോട്
വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്.
തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്.
ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്.
പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കുകളിൽ തന്നെ ദർശനീയമാണ്.
ബദ്റാവിഷ്കാരങ്ങൾക്കപ്പും പ്രമേയവും പശ്ചാതലവും പരിണിതിയും വിഷയീഭവിക്കുന്ന സുന്ദരാത്മകവും അക്കാദമികവുമായ രചനാ പശ്ചാതലമാണ് ബദർ ഖിസ്സപ്പാട്ടിന്റെ അകസാരങ്ങൾ. കാവ്യത്തിന്റെ ഇതിവൃത്തവും അനുവാചകരുടെ ആസ്വാദനങ്ങളും സമന്വയിച്ച ചേർത്തുവെപ്പാണ് ബദർ പടപ്പാട്ടിന്റെ വിജയരഹസ്യം.സ്വാതന്ത്രസമര രംഗത്ത് സജീവമായിരുന്ന മാപ്പിളമക്കൾക്ക് ഊർജ്ജം പകരുന്നതിലും കെടാത്ത കാത്തുവെപ്പിലുമെല്ലാം ബദർ ഖിസ്സപ്പാട്ടിന്റെ വരികൾ നിമത്തമാണെന്നത് വസ്തുതയാണ്.വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സംഘവും അധിനിവേശവിരുദ്ധ സമരമുഖങ്ങളിലേക്കിറങ്ങുമ്പോൾ ബദർ പടപ്പാട്ട് പാടിത്തീർത്ത് ആവേശമാവാഹിച്ചെടുത്തിരുന്നുവെന്നത് ചരിത്രവസ്തുതയാണ്.
വരികളിലും വാക്കുകളിലും സന്നിവേശിപ്പിച്ച എന്തെന്നില്ലാത്ത വശ്യതയുടെ ഉള്ളടക്കങ്ങൾ വൈദ്യർ കൃതിയുടെ സവിശേഷതയാണ്.തന്റെ ഇരുപത്തിനാലാം വയസ്സിൽ വൈദ്യർ രചിച്ച പ്രണയതീവ്രമായ ഹുസ്നു ജമാലിന്റെ പിരിശംപൂത്ത വരികൾ എന്തെന്നില്ലാത്ത നിർവൃതിയോടെ മലയാളിപ്പോഴും വായിക്കുന്നു.എന്നാൽ,
കല്പിത കഥകളുടെ കമനീയമായ ആഖ്യാനരീതിയിൽ നിന്നും തെന്നിമാറി ചരിത്രയാഥാർത്ഥ്യങ്ങളിലേക്കുള്ള വൈദ്യരുടെ ചുവടുമാറ്റം കൂടി ബദർ പടപ്പാട്ടിലൂടെ പ്രാരംഭമേകുകയിരുന്നു.തദനന്തരം,വിരചിതമായ ഉഹ്ദും മലപ്പുറവുമടക്കമുള്ള രചനകളിലും ചരിത്രം തന്നെയാണ് പ്രമേയം.
മോയിൻകുട്ടി വൈദ്യരുടെ മഷിയൊഴുക്കിലെ ഇശലലകളിൽ ജനകീയതയുടെ അംഗീകാരം നേടി, സാക്ഷാകാരത്തിന്റെ നിറം പകർന്ന മനോഹരമായ കൃതിയാണ് ബദർപടപ്പാട്ട്.അറബിയും കന്നടയും സംസ്കൃതവും തമിഴും മലയാളവും സമന്വയിച്ച ഭാഷാശൈലിയാണ് ബദർ പടപ്പാട്ടിൽ രചയിതാവ് സ്വീകരിച്ചിട്ടുള്ളത്.തന്മൂലം തന്നെ, പ്രഥമ കേൾവിക്കാരനും സാമാന്യബോധക്കാരനും
പെട്ടന്ന് തന്നെ ഗ്രഹിച്ചെടുക്കാനാകാത്ത ശൈലിയാണ് രചനയുടെ ഇതിവൃത്തം.തദടിസ്ഥാനത്തിലാണ് വ്യത്യസ്തമായ ഈണങ്ങളിൽ കോർത്തിണക്കിയ ബദർ പടപ്പാട്ട് പാടുകയും അതിനോടൊപ്പം തന്നെ വിശദീകരിക്കുകയും ചെയ്യുന്ന ബദർ ഖിസ്സപ്പാട്ട് പാടിപ്പറയലെന്ന കലാരൂപം തന്നെ വികാസം പ്രാപിക്കുന്നത്.
ഹി.രണ്ട് റമളാൻ 17-ന്റെ ഒറ്റദിനത്തിലെ ബദ്ർ വിശേഷങ്ങളെ 106 പാട്ടുകളുള്ള ദീർഘകാവ്യമായിട്ടാണ് ഗസ്‌വത്തു ബദറുൽ കുബ്റ വിരചിതമാകുന്നത്.ദൈർഘമേറിയ കാവ്യം കാവ്യരസം ചോർന്നു പോകാതെ തന്നെ പ്രവചനങ്ങളും സ്വപ്നങ്ങളും ബദ്റിൽ വിരിഞ്ഞ് പുഷ്കലിച്ച അത്യപൂർവ്വ സംഭവങ്ങളും പറഞ്ഞ് കൗതുകത്തോടെ കാതോർക്കുന്ന അനുവാചകസമക്ഷത്തെ സൃഷ്ടിച്ചെടുക്കുന്നു.
ഖുർആനിക പൊരുളാസകലമടങ്ങിയ ബിസ്മിയോ തിത്തുടങ്ങുന്ന കാവ്യം ബിസ്മിയുടെ വിശാലമായ ആന്തരികാർത്ഥം അനാവരണംചെയ്യുന്നുണ്ട്. കാവ്യത്തിലെ പ്രാരംഭമുറയിൽ നിന്നും ബദ്റിന്റെ പൊരുളിലേക്കും പ്രമേയത്തിലേക്കും വഴിമാറുന്നത് തന്നെ വളരെ ഔത്സുക്യത്തോടെയല്ലാതെ ഏറ്റുചൊല്ലാനാവില്ല.നബിയും സ്വഹാബത്തും ഇരിക്കുമ്പോൾ നിഗൂഢവാർത്തയുമായി വന്ന ഒരു വ്യക്തി അബൂസുഫ്‌യാന്റെ കച്ചവടസംഘത്തെക്കുറിച്ചുള്ള രഹസ്യവിവരം കൈമാറിയതിനെക്കുറിച്ച് ചരിത്രാഖ്യാനത്തിന്റെ തികവാർന്ന കാവ്യശൈലിയിലൂടെയാണ് തുടക്കമേകുന്നത്.
വരികൾക്കും വാക്കുകൾക്കുമിടയിൽ സാഹചര്യത്തിന്റെ സ്ഥിതിവിശേഷണങ്ങളും പ്രതികാരത്തിന്റെ പുകയുമെല്ലാം ദർശനീയമാണ്.
തന്റെ കച്ചവടസംഘം അപകടത്തിന്റെ മുൾമുനയിലാണെന്ന ഭീതിജനകമായ വിശേഷവുമായി മക്കയിലെത്തുന്ന ളംളമുൽ ഗിഫാരിയുടെ ചരിത്രപ്പറച്ചിലടങ്ങളിൽ തന്നെ പ്രയാസത്തിന്റെ നൂലാമാലകൾ കെട്ടിപ്പിണഞ്ഞു കിടക്കുന്നത് കാണാം.
"ഫെട്ടെ ഖുബൈസിൻ ഫകുട്ടിന്നൊ
രത്താതിഫിട്ടത് ളംളമുതാൻ
ഫിത്തം ഫദയ്തിരു ഹസ്തം ശിരസ്സി
നിൽ ബെത്ത് ബിളിത്തുരത്താൻ
തിട്ടമെ ദിക്കുകൾ ഒക്കെയിൽ
മുക്കിയ മക്കയിൽ മിക്കവരെ
തിങ്കളായ് ഉങ്കൾക്കിറക്കിയ വൻ
ബലാ സങ്കിടം കേളുവീരെ"
ഇവിടം ക്രമപ്രകാരം ചേർത്തുവെച്ച വാക്കുകളിൽ നിന്ന് തന്നെ പ്രമേയത്തിന്റെ തീവ്രതയും ഗൗരവവും വായിച്ചെടുക്കാം.ബദർ ഖിസ്സപ്പാട്ടിന്റെ സംഗ്രഹവായനയിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് അബൂജഹൽ.അബൂജഹലിന്റെ നികൃഷ്ടതകൾ തുറന്നുവെക്കുന്ന വരികൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ അനുവാചക ഹൃദയാന്തരങ്ങളിൽ അവനോടുള്ള വെറുപ്പിന്റെയും നീരസത്തിന്റെയും ചൂടേൽക്കുമെന്നത് വാസ്തവമാണ്.കുഞ്ഞിളം കാലം മുതൽ തന്നെ നിഷ്കളങ്കരായ മുത്ത്നബിയോട് ശത്രുതാ മനോഭാവം പുലർത്തിപ്പോന്ന നികൃഷ്ടന്റെ ജീവിതവൃത്തങ്ങളായ വാശിയും അഹങ്കാരവും അസൂയയുമെല്ലാം കൃത്യമായി തന്നെ വായിച്ചെടുക്കാവുന്നതാണ്.
"കേറിക്കേമ കോടതൻ മുകളിൽ
ഹേമപ്പിടിവാൾ ഹസ്തമിലണവായ്
കിരികിടമകുട തിതരുമുടി നീർത്തി
തല കുടൈയ് വായെ- ഗളബിലെ കരഹിദ
ഫർസൈയ് സയ്ഫ് പരത്തി തിരു ളറ്ബായെ"
യുദ്ധത്തിന്റെ സന്നഹങ്ങളുമേന്തി വന്ന് തിരിച്ചുപോക്കിന് മക്കക്കാർ തയ്യാറെടുത്തപ്പോൾ താനൊരിക്കലും യുദ്ധമില്ലാതെ മക്കയിലേക്കില്ലെന്ന അഹങ്കാരത്തിന്റെ ജീവൻവെച്ച വാക്കുകളും ശേഷം ദയനീയമായി കൊല്ലപ്പെടുകയും ചെയ്യുന്ന രംഗമാണിത്.ഓരോ അലങ്കാരപ്രയോഗങ്ങളും ഉപമകളും എത്രയധികം കൃത്യതയോടെയാണ് വൈദ്യർ വെച്ചിരിക്കുന്നത്.
ലോകത്തിന്റെ നിത്യസുരഭില വസന്തമായ മുത്ത്നബിയെന്ന പരംപൊരുളിന്റെ പവിത്രതയും മഹത്വവുമെല്ലാം മോയിൻകുട്ടി വൈദ്യർ വിശദമാക്കുന്നുണ്ട്.മാപ്പിളപ്പാട്ടുകളിൽ പതിവായി ആവർത്തിക്കുന്ന ആലമുൽ ഗൈബിൽ തന്നെ തിരുനബി[സ്വ]ക്ക് അനിഷേധ്യമായ ദറജപ്പടിയും തിരുജനനവും മകുടമാതൃകാപരമായ ജീവിതവും വരികൾക്കിടയിലൂടെ പിരിശത്തോടെ വായിക്കാവുന്നതാണ്.
നബിയിമ്പത്തിന്റെ കനലിൽ കാച്ചിയെടുത്ത ഇശ്‌ഖു റസൂലിന്റെ മധുരമനോഹര ലോകം തന്നെ ബദർ ഖിസ്സപ്പാട്ടിന്റെ മറ്റൊരു ഭാഗമാണ്.വിശ്വാസ വൈകാരികതയുടെ ബദ്ർ സാക്ഷ്യങ്ങൾക്കിടയിലും കരളിന്റെ കഷ്ണമായ മുത്ത്നബിയെ ജീവിതവികാരമാക്കി പ്രതിഷ്ഠിച്ച പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ ഖിസ്സപ്പാട്ടിലുണ്ട്. പ്രവാചക സ്നേഹത്തിന്റെ അനശ്വര മാതൃകയായ സവാദ്(റ)-ന്റെ ചരിത്രം തന്നെ കാവ്യത്തിൽ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.
തിരുനബി (സ്വ) തന്റെ അനുചരന്മാരെ അണിയൊപ്പിച്ചു നിർത്തുന്നതിന്റെ തിരക്കിലാണ്. പരിശുദ്ധമായ അവിടുത്തെ കയ്യിൽ ഒരു വടിയുമുണ്ട്. നിർണായകമായ ആ സമയങ്ങളിൽ ഓരോരുത്തരും തിരുനബിയുടെ കൽപ്പനക്കായി കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ്. സർവ്വരും സ്നേഹദൂതന്റെ ഓരോ നിരീക്ഷണങ്ങളും സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആയിടെയാണ് സവാദ് ബിനു ഉസയ്യ (റ) അണിയിൽ നിന്നും അല്പം മുന്തിനിൽക്കുന്നതായ രംഗം റസൂലിന്റെ ദൃഷ്ടിയിൽ പതിഞ്ഞത്. രംഗം ശ്രദ്ധയിൽപ്പെട്ട തിരുനബി അവിടുത്തെ വടികൊണ്ട് സവാദ് (റ) ന്റെ ഉദരത്തിൽ മൃദുലമായി കുത്തികൊണ്ട് " സവാദ് അണി ശരിപ്പെടുത്തി നിൽക്കൂ... " എന്ന് ആജ്ഞാപിച്ചു.
ബദറിന്റെ പോർക്കളം ചൂട് പിടിച്ചിരിക്കുകയാണ്. ഇരുവിഭാഗങ്ങൾക്കും പോരാട്ടത്തിൽ വിജയത്തിന്റെ വെന്നിക്കൊടി വാനിലുയർത്തിയേ മതിയാവൂ.എങ്കിലേ നാളെയിലെ അവരുടെ നിലനിൽപ്പിന് സൗന്ദര്യം കൈവരികയുള്ളൂ.
ഇരുവിഭാഗവും പോരട്ടരംഗങ്ങൾക്ക് കാത്തിരിക്കുകയാണ്. പോർക്കളത്തിന്റെ ചൂട് നിമിഷംതോറും കൂടി വരികയാണ്.
ആ നിർണായകമായ സമയത്താണ് മുസ്‌ലിം സൈന്യത്തിൽ നിന്ന് ഒരു പരാതിയുടെ ശബ്ദം പൊട്ടിപ്പുറപ്പെടുന്നത്. സവാദ്(റ) വാണ് ആ പരാതിക്കാരൻ. അവിടുത്തെ പരിഭവത്തിന് മുമ്പിൽ എല്ലാവരും ശ്രദ്ധയോടെ നോക്കി നിന്നു. അവിടുത്തെ പരാതിവാക്കുകൾക്ക് മുമ്പിൽ എല്ലാവരും കാത് കൂർപ്പിച്ചു.
തിരുദൂതരെ. അങ്ങ് എന്നെ അണി ശരിപ്പെടുത്താൻ വേണ്ടി അടിച്ചപ്പോൾ വടികൊണ്ട് കുത്തിയത് എനിക്ക് വല്ലാതെ വേദനിച്ചു പോയി. നീതിയും കാരുണ്യവും സത്യവുമായിട്ടാണല്ലോ അള്ളാഹു തിരുദൂതരെ നിയോഗിച്ചത്. ആരെയും വേദനിപ്പിക്കാതെ സർവ്വർക്കും സാന്ത്വനത്തിന്റെ കുളിർകാറ്റായിയാണല്ലോ തിരുനബി അനുഭവപ്പെടേണ്ടത്. ആർക്കും വേദനിപ്പിക്കുന്ന ഒരുത്തനായി തിരുനബി അനുഭവപ്പെടാൻ പാടില്ലല്ലോ...അല്പം പരിഭവഭാവത്തിൽ തന്നെ സവാദ് (റ) തന്റെ പരാതി റസൂലിന് മുന്നിൽ ബോധിപ്പിച്ചു.
സവാദ് (റ) വിന്റെ പരാതി കേൾക്കേണ്ട താമസം. സ്വഹാബത്ത് ഒന്നടങ്കം കോപാകുലരായി. നിർണായകമായ ഈ സമയത്തെ അനാവശ്യമായ നടപടിയെ അവരെല്ലാവരും വെറുത്തു. തങ്ങളുടെ കരളിന്റെ കഷ്ണ്മായ തിരുദൂതരെ വേദനിപ്പിക്കുന്നതിൽ അവരുടെ മാനസങ്ങൾ നൊന്തു. പക്ഷേ. സാഹചര്യവും ചുറ്റുപാടും തനിക്കെതിരാണെങ്കിലും സവാദി(റ)ൽ വിട്ടുവീഴ്ചയുടെയോ നിലപാട് മാറ്റത്തിന്റെയൊ ഒരനക്കം പോലും കണ്ടില്ല.
പക്ഷെ രംഗം ശാന്തമാക്കി കാരുണ്യത്തിന്റെ പ്രവാചകൻ തിരുനബി ചോദിച്ചു.
" സവാദ്..താങ്കൾ ഇനി എന്താണ് ഉദ്ദേശിക്കുന്നത്..?
തിരുനബിയെ എനിക്ക് അങ്ങയോട് പ്രതികാരം ചെയ്യണം.താങ്കൾ എന്നെ വേദനിപ്പിച്ചതിന് എനിക്ക് പകരം ചെയ്തേ മതിയാവൂ...
ഈ രംഗം കണ്ട് സ്വഹാബതത്തിന് മുഴുവനും കലികയറി നിൽക്കുകയാണ്.ഓരോരുത്തരുടെയും മനസാന്തരങ്ങളിൽ സവാദി(റ)നോട് വെറുപ്പിനന്റെ അംശങ്ങൾ പൊട്ടിമുളക്കാൻ തുടങ്ങി. അവർക്ക് ഓരോരുത്തർക്കും തിരുനബി അങ്ങനെയായിരുന്നുവല്ലോ അനുഭവപ്പെട്ടിരുന്നത്...
അതിനിടയിലാണ് സവാദ് മറ്റൊരു നിർദ്ദേശം കൂടി മുന്നോട്ട് വെക്കുന്നത്. നബിയേ അങ്ങ് എന്റെ നഗ്നമായ വയറ്റിലാണ് എന്നെ വേദനിപ്പിച്ചത്. തന്മൂലം എനിക്കും അവിടുത്തെ നഗ്നമായ വയർ തന്നെ വേണം.
അദ്ദേഹത്തിന്റെ നിബന്ധനകളും നിർദ്ദേശങ്ങളും മൂലം സ്വഹാബത്തിന്റെ ഖൽബകങ്ങൾ കലിതുള്ളി.അല്ലാഹുവിന്റെ കോപവും ശാപവും ഇയാൾക്ക് നിർബന്ധമായിരിക്കുന്നു എന്ന് അവർ ഓരോരുത്തരും ആത്മഗതം ചെയ്തു. തിരു നബിയെ വേദനിപ്പിക്കുന്നത് സ്വന്തത്തെ വേദനിപ്പിക്കുന്നതിനേക്കാൾ അവർക്ക് നോവായിരുന്നു.
സവാദ് (റ ) വിന്റെ നിർദ്ദേശപ്രകാരം തിരുനബി തന്റെ വയറുകൾ നഗ്നമാക്കി നൽകി. തളിർത്ത പൂമൊട്ടുകൾ പോലെയുള്ള തിരുനബിയുടെ നഗ്നവയറുകൾ കണ്ട് സവാദ് (റ) ആവേശഭരിതനായി.പതിനാലാം രാവിലെ പൗർണമിയെപ്പോലും തോൽപ്പിച്ചു കളയുന്ന അവിടുത്തെ സൗന്ദര്യത്തിലേക്ക് കണ്ണെടുക്കാതെ നോക്കിനിന്നു. അവിടുത്തെ സൗന്ദര്യത്തിൽ മയങ്ങിയ സവാദ്(റ) വിന്റെ കരങ്ങളിൽ നിന്ന് വടി നിലംപൊത്തി. പൂന്തോപ്പിൽ നിന്നും മധുനുകരുന്ന ശലഭത്തെ പോലെ തന്റെ മുഖം തിരുനബിയുടെ പുണ്യശരീരത്തോട് ചേർത്ത് വെച്ചു. പരിശുദ്ധമാക്കപ്പെട്ട ആ ശരീരം ചേർത്തുപിടിച്ച് ആ അനുരാഗി ഒരുപാടു ചുംബനങ്ങളർപ്പിച്ചു.
ഈ അസുലഭമുഹൂർത്തമോർത്ത് അവിടുത്തെ നയങ്ങളിൽ നിന്ന് ചുടുബാഷ്പങ്ങൾ ചാലിട്ടൊഴുകി. ജീവിതത്തിലെ അനർഘമായ നിമിഷങ്ങൾ കരഗതമാക്കിയതിനു ശേഷം സവാദ് (റ)ന്റെ ഹൃദയം ശാന്തമായി. എല്ലാം കണ്ടു നിന്ന സ്വഹാബത്ത് ആശ്ചര്യപ്പെട്ടു പോയി. അതിലപ്പുറം ഈ അസുലഭ മുഹൂർത്തങ്ങൾ തനിക്കാണെങ്കിൽ എന്നോർത്തു പോയി..
ഒടുവിൽ. തിരുനബി സവാദ്(റ)നോട് ചോദിച്ചു. സവാദേ... പ്രതികാരം ഇങ്ങനെ ചെയ്യുവാൻ താങ്കളെ പ്രേരിപ്പിച്ചതെന്താണ്..?
തിരുദൂതരെ. അങ്ങയോടുള്ള എന്റെ അവസാനബന്ധം ആ പുണ്യശരീരം സ്പർശിച്ചു കൊണ്ടായിരിക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അവിടുത്തെ സ്പർശനങ്ങൾ കൊണ്ട് തന്റെ ശരീരത്തെ നരകാഗ്നിയിൽ നിന്ന് മോചിപ്പിക്കലാണ് ലക്ഷ്യം. സവാദ്(റ) മറുപടി വ്യക്തമാക്കി. മറുപടി കേട്ട് തിരുനബി അദ്ദേഹത്തിന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒടുവിൽ. അത്ഭുതപരതന്ത്രരായി ചുറ്റും നോക്കി നിൽക്കുന്ന സ്വഹാബിത്തിനോട് സവാദ് (റ) പറഞ്ഞു.ഓ.സ്വാഹാബത്തെ നിങ്ങളെന്നെ തെറ്റിദ്ധരിച്ചിരിച്ചു.ഈയൊരു രംഗത്തെ മോയിൻ കുട്ടി വൈദ്യർ ഇങ്ങനെയാണ് ചിത്രീകരിക്കുന്നത്.
"അയ്നാൽ തിരുബത്വൻ അയർത്ത് നോക്കീ
അടുത്ത് പൊളിഞ്ഞാശ മിളി ഒളുക്കീ
മയ്മാൻ മഹാജൂആൽ മലർ കഞ്ചത്തെ
മദപൂരണം കണ്ടെ പടിക്കടുത്തെ
കൈ നൽ യെദമാക്കി ഖ്വിദ്‌ഹും ചാട്ടി
കദിരോൻ മശങ്കും മെയ് പുടത്ത് പൂട്ടി
പൊരുളാൽ ബത്വനോട് മുകത്തെ ചേർത്തീ
പൊളിയും കടൽ ഇശ്ഖ്വാൽ അണഞ്ഞു മൊത്തീ
അരിപ്പൂ അലർന്തെ തേൻ അരിന്ദും പോലെ
അളുദൂം മണത്തും ശൗഖ്യൊശിയാ ഹാലെ"
ഇങ്ങനെ,ബദറിന്റെ സർവ്വതലങ്ങളും ഹൃദയസൃപക്കായ വരികളിൽ ഈമാനികാവേശം കത്തിച്ചുവെച്ച വാക്കുകളിൽ മോയിൻകുട്ടി വൈദ്യർ തലമുറകൾക്ക് കൈമാറുകയായിരുന്നു. നാട്ടിടവഴികളിലും ശാന്തിപൂത്ത ഗ്രാമീണതയിലും ഈമാനികബോധം നിറഞ്ഞുനിന്ന ഇന്നലെകളിൽ ബദർ പടപ്പാട്ട് ഹിഫ്ളായ കൂട്ട്യാൾക്ക് വിവാഹാലോചനയിലും മറ്റുമെല്ലാം വലിയ മതിപ്പായിരുന്നുവെത്രെ..!
എതിർപ്പിന്റെ കനൽജ്വാലകളിൽ കാലുറപ്പിച്ച് സത്യദീനിന് വേണ്ടി ജീവിതാർപ്പണം നടത്തിയ ബദ്‌രീങ്ങളുടെ നാമധേയത്തിൽ മലയാളമണ്ണിൽ നിന്നുമുള്ള അനശ്വരസ്മാരകമാണ് ബദ്ർ ഖിസ്സപ്പാട്ടെന്ന് അക്ഷരത്തെറ്റില്ലാതെ പറഞ്ഞുവെക്കാം.
സാഹിത്യഭംഗിയും അനുവാചക മതിപ്പും അവതരണശൈലിയുമെല്ലാം വരികൾക്ക് കൂടുതലധികം കരുത്തേകുകയായിരുന്നു.
കാറ്റിലും കോളിലും കട്ടിക്കൂരിരുട്ടിലുമെല്ലാം ശാന്തിമന്ത്രങ്ങളായി കേരളീയ മുസ്‌ലിം ഉമ്മത്ത് ഈമാനികാവേശത്തോടെ ചേർത്തുവച്ചത് ബദ്ർ പടപ്പാട്ടിന്റെ വരികളായിരുന്നു.
പ്രയാസങ്ങളുടെ പേമാരികൾക്കിടയിലും നനവുപറ്റാത്ത പ്രതീക്ഷയുടെ ഉമ്മറപ്പടികളായി പൈതൃകത്തിന്റെ വഴിയോരങ്ങൾ ഉമ്മത്തിന്റെ മുമ്പിലുണ്ട്.

Comments
Post a Comment