✒️ ഹാഫിള് പി.കെ ശഫീഖ്
"കളങ്കമില്ലാത്ത ഹൃദയവുമായി അല്ലാഹുവിലേക്ക് ചെന്നെത്തുന്നവർക്കല്ലാതെ സന്താനമോ സമ്പത്തോ ഉപകാരപ്പെടാത്ത ദിവസത്തിൽ എന്നെ അപമാനിക്കരുതേ" (സൂറ:26 ശുഅറാഅ് 87,88,89)
അള്ളാഹു അവൻറെ ദാസന്മാർക്ക് ആഘോഷങ്ങൾക്ക് ചില ദിനങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ആഘോഷ ആരവങ്ങൾക്ക് അപ്പുറം അവ ആത്മീയമായ ഉത്ഥാനത്തിന്റെ ദിനങ്ങൾ കൂടിയാണ്. മാനുഷിക ജീവിതത്തിലെ സ്വാഭാവികതയുടെ ഭാഗമായി കുടികൊള്ളുന്ന പൈശാചിക ഘടകങ്ങളുടെ പ്രവർത്തനം മുഖേന മനസ്സാന്തരങ്ങളിൽ അടിഞ്ഞുകൂടിയ തിന്മകളുടെ ഡിപ്പോസിറ്റുകളുമായി അല്ലാഹുവിനെ സമീപിക്കാൻ നമുക്കൊരിക്കലും സാധ്യമല്ലല്ലോ.വിശിഷ്ട ദിവസങ്ങളിൽ ജോലിക്കാർക്ക് പതിന്മടങ്ങ് പ്രതിഫലം നൽകുക എന്നുള്ളത് മനുഷ്യപ്രകൃതങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ്" എന്നാൽ സൃഷ്ടികളോട് ഏറെ കാരുണ്യകടാക്ഷമുള്ളവനായ അള്ളാഹു നിത്യജീവിതത്തിലെ സൽപ്രവർത്തികൾക്ക് തന്നെ അവൻ കനിഞരുളിയ ദിനങ്ങളിൽ പതിന്മടങ്ങ് പ്രതിഫലങ്ങൾ നൽകി സൃഷ്ടികളെ അവനിലേക്ക് വിളിക്കുന്നു.
ജീവിതത്തിൻറെ തീക്ഷ്ണമായ യാഥാർത്ഥ്യങ്ങൾക്കു നടുവിലും വിശ്വാസദൃഢതയോടെ നിലനിന്ന ഹസ്രത്ത് ഇബ്രാഹിം(അ)ന്റെ ത്യാഗോജ്വലമായ സ്മരണയാണ് ബലിപെരുന്നാൾ. ജീവിതത്തിന് യൗവനം തുടിക്കുന്ന നാളുകളിലൊന്നും സന്താനലബ്ധിക്ക് ഭാഗ്യമില്ലാതെ ആശകളറ്റുപോകുന്ന ജീവിതത്തിന്റെ സായാഹ്ന ഘട്ടങ്ങളിലാണ് അല്ലാഹു മകനായി ഇസ്മാഈലിനെ നൽകുന്നത്.തൻറെ ജീവിതത്തിൻറെ കേന്ദ്ര കഥാ ബിന്ദുവായി മകൻ മാറിയ നേരത്താണ് മകനെ ദൈവപ്രീതിക്കായി ബലി നൽകാൻ ആജ്ഞയുണ്ടായത്. ഇഷ്ടപ്പെട്ടതിനെ ദൈവമാർഗത്തിൽ ബലി നൽകുന്നതാണ് ത്യാഗം കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യ ജനുസ്സിൽ കുടികൊള്ളുന്ന ആത്മീയ പ്രഭകളെയെല്ലാം കെടുത്തിക്കളയുന്ന മൃഗത്തെ പ്രതീകാത്മകമായ അറുത്ത് കളയലാണ് ബലികർമ്മം കൊണ്ട് ഉദ്ദേശിക്കുന്നത്.
വെറുപ്പിനെ ചോദ്യം ചെയ്യുന്നവരുടെ ചൂണ്ടുവിരൽ ചൂഴ്ന്നെടുക്കുന്ന കാലത്തും ഹലീമായ ( സഹിഷ്ണുത) ഇബ്രാഹിം നബിയിൽ മതേതര സമൂഹത്തിൽ ജീവിക്കുന്നവർക്ക് ഉത്തമ മാതൃകയുണ്ടെന്ന് പരിശുദ്ധ ഖുർആൻ പറഞ്ഞ് വെക്കുന്നുണ്ട് സൂറത്ത് മുംതഹിന (9,10 ) തൊട്ടടുത്തുള്ള ആയത്തുകളിൽ സമാധാനത്തോടെ പിറന്ന നാട്ടിൽ വസിക്കാനനുവദിക്കാതെ അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുന്നവർക്കെതിരെ നിങ്ങൾ പോരാടണമെന്നും സഹപ്രവർത്തകർ സഹവർത്തിത്വത്തോടെ സഹിഷ്ണുതാപരമായി പെരുമാറുന്ന സഹോദര സമുദായത്തോട് ദയാവായ്പ് കാണിച്ച് ഏകോത്തര സമൂഹങ്ങളായി വർത്തിക്കാനും ആഹ്വാനം ചെയ്യുന്നു.
പരിശുദ്ധ ഇസ്‌ലാം പാരമ്പര്യത്തിൽ അധിഷ്ഠിതമാണെന്ന് രൂഢമൂലമായ വേരുകൾ ആഴ്ന്നിറങ്ങി ബഹുശാഖിയായി വളരുന്ന വടവൃക്ഷമാണെന്നും അറിയിക്കുന്നതാണ് ബലിപെരുന്നാളിലെ ഒരോ കർമ്മങ്ങളും. ആരാധനാ കർമ്മങ്ങളിൽ യുക്തിക്ക് സ്ഥാനമില്ലെന്നും ഇലാഹിയ വിധി മാത്രമാണ് ഓരോ ആരാധനയുടേയും മർമ്മമെന്നും വിളിച്ചോതുന്നതാണ് ഹജ്ജിന്റെയും ബലിയുടെയും കർമ്മങ്ങൾ. എല്ലാ പ്രതിസന്ധികളും ഈമാനികാഭിനിവേഷത്തോടെ നേരിടാൻ തയ്യാറായ ഒരു കുടുംബത്തെ സ്മൃതി പഥങ്ങളിലെ നിത്യഹരിത വസന്തങ്ങളാക്കിയാണ് ഓരോ ബലിപെരുന്നാളും കടന്നുപോകുന്നത്.
കാലം അതിന്റെ പ്രതീക്ഷാനിർഭരമായ കഥാതന്തുക്കളിൽ സംഘമിക്കുന്ന അസുലഭനിമിഷമാണ് ബലിപെരുന്നാൾ. ഓരോ ബലി പെരുന്നാളിലും ഖലീലുള്ളാഹി ഇബ്രാഹിം നബി (അ)യുടെ പ്രാർത്ഥന നമ്മുടെ മനസ്സാന്തരങ്ങളിൽ തളംകെട്ടി നിൽക്കട്ടെ ......
Comments
Post a Comment