✒️ മിൻഹാജ് ഇ. കെ ചാഴിയോട്.
ഒരിക്കൽ.ഇമാം അഹ്മദ് ബ്നു ഹമ്പൽ
(റ ) മക്കയിലെ പച്ചക്കറി വ്യാപാരിയുടെയടുത്ത് ഏതാനും ദിർഹമുകൾക്ക് ഒരു ചെമ്പുപാത്രം പണയം വെച്ചു. നാളുകൾക്കു ശേഷം പണയബാധ്യത തീർക്കാൻ ഇമാം വ്യാപാരിയുടെ സന്നിധിയിലേക്ക് ചെന്നപ്പോൾ കച്ചവടക്കാരൻ രണ്ടു ചെമ്പുപാത്രം എടുത്തു നൽകിക്കൊണ്ട് പറഞ്ഞു : "മഹാനവർകളെ. ഇതിൽ ഏതാണ് നിങ്ങളുടെ ചെമ്പ് പാത്രമെങ്കിൽ നിങ്ങളതെടുക്കുക." വ്യാപാരിയുടെ അപ്രതീക്ഷിതമായ പ്രതികരണം കേട്ട ഇമാം ഹമ്പൽ (റ )പറഞ്ഞു: "ഇതിൽ എന്റെ പാത്രം ഏതാണെന്ന് എനിക്ക് വ്യക്തമായി തിരിച്ചറിയുന്നില്ല. അതുകൊണ്ട് രണ്ട് പാത്രവും ഈ ദിർഹമും നീ സ്വന്തമാക്കിക്കോ.."
തദവസരം. രണ്ടു പാത്രങ്ങളിൽ ഒരു പാത്രത്തിൽ തൊട്ടുകൊണ്ട് കച്ചവടക്കാരൻ പറഞ്ഞു. പ്രിയപ്പെട്ട ഇമാം.., ഇത് നിങ്ങളുടെ പാത്രമാണ്. ഞാൻ നിങ്ങളുടെ സൂക്ഷ്മത പരിശോധിച്ചതാണ്. പക്ഷേ കച്ചവടക്കാരൻ നൽകിയ മറുപടിയൊന്നും മഹാനവറുകൾക്ക് വേണ്ടവിധം സംതൃപ്തിയായില്ല. തന്റെ പാത്രവും ദിർഹമും തിരിച്ചു വാങ്ങാതെ ഇമാം ഹമ്പൽ (റ ) തിരിച്ചുപോയി.
രണ്ടിലോരു പാത്രം തനിക്ക് അവകാശപ്പെട്ടതാണെന്ന നിലയിൽ ഏതെങ്കിലുമൊരു പാത്രം ഇമാമിന് സ്വന്തമാക്കാമായിരുന്നു.
പരീക്ഷണത്തിന്റെ പ്രഥമഘട്ടത്തിൽ ഇമാമിന് തന്റെ പാത്രം തിരിച്ചറിഞ്ഞില്ലെങ്കിലും കച്ചവടക്കാരൻ തൊട്ടുകാണിച്ച ഉറപ്പിന്റെ കരുത്തിൽ മഹാനവർകൾക്ക് ആ പാത്രമെങ്കിലും സ്വന്തമാക്കാമായിരുന്നു.
എന്നിട്ടും സംശയത്തിന്റെ മങ്ങിയ നിഴലിന്റെ പേരിൽ സ്വന്തം അവകാശപ്പെട്ടത് പോലും ഇമാം മാറ്റിവെക്കുകയായിരുന്നു.
ജീവിതത്തിന്റെ ഒരു നിമിഷം പോലും ദൃഢതയില്ലാത്ത ഇടപാടുകളുമായി ബന്ധപ്പെടരുതെന്ന ഖൽബിനകത്ത് ഊതിക്കാച്ചി പാകപ്പെടുത്തിയ ഉറച്ച തീരുമാനത്തിന്റെ വെളിച്ചത്തിൽ തെളിഞ്ഞ തെളിവാണിത്.! സുകൃതം പൂത്ത സൂക്ഷ്മത നിറഞ്ഞുതുളുമ്പിയതിന്റെ നേർസാക്ഷ്യം..!ഓരോ നിമിഷവും "നാഥനെന്ന" ബോധം ഖൽബിനകത്ത് ജ്വലിച്ചു കത്തിയതിന്റെ കൃത്യമായ അടയാളമാണിത്..!
ഹൃദയാന്തരാളത്തിൽ അന്ധകാരവും അസ്വസ്ഥതയുമുണ്ടാക്കുന്ന കർമ്മങ്ങളിൽ നിന്നുള്ള അകൽച്ചയാണ് സൂക്ഷ്മത. ആത്മവിജയത്തിന്റെ അംഗീകൃതമായ മാനദണ്ഡമാണത്.കളങ്കരഹിതവും കുറ്റമറ്റതുമായ കർമ്മങ്ങൾ സൂക്ഷ്മതയുടെ പ്രതിഫലനങ്ങളാണ്.അവിടെ നിഷിദ്ധപ്രവർത്തനങ്ങൾ വന്നു ചേരുമോ എന്ന് ഭയന്ന് അസ്പൃശ്യകാര്യങ്ങൾ ദൂരീകരിക്കുന്നു.
രാത്രിയുടെ ഇരുട്ട് കെട്ടുകൾക്കിടയിൽ വിജനമായ സൈകതപരപ്പിൽ ഏകാന്തനായിരിക്കുമ്പോഴും സർവ്വതും നാഥൻ ദർശിക്കുന്നുണ്ടെന്ന ബോധ്യമാണ് സൂക്ഷമത. അവിടെ ഏതു തെളിഞ്ഞ ജലാശയങ്ങളിലേക്ക് എടുത്തുചാടുന്നതിനു മുമ്പോന്ന് സൂക്ഷ്മമായി പരിശോധിക്കുന്നു.
നിരവധി പണ്ഡിത പ്രതിഭകളും സൂഫിമഹത്തുക്കളുമെല്ലാം സൂക്ഷ്മതക്ക് നിർവചനങ്ങൾ നൽകിയിട്ടുണ്ട്. പദ ഘടനയിലും വാക്കുകളിലും ശൈലിയിലും വ്യത്യാസങ്ങളുണ്ടെങ്കിലും നിനക്ക് സംശയം ഉള്ളതിനെ നീ സംശയമില്ലാത്തതിലേക്ക് ഉപേക്ഷിക്കുകയെന്ന പ്രവാചകാധ്യാപനത്തിന്റെ ആശയാവതരണത്തെതെന്നെയാണ് എല്ലാ നിർവചനങ്ങളും അടിവരയിടുന്നത്.
മനുഷ്യന്റെ നോട്ടം, സംസാരം,കേൾവി, ഭക്ഷണം എന്നിവ ഉൾപ്പെടെ എല്ലാം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടത് അതിപ്രധാനമാണ്. ലളിതവും പ്രായോഗികവുമായ വ്യവസ്ഥകളും കർമ്മപഥങ്ങളുമാണ് ഇസ്‌ലാം നിർദേശിക്കുന്നത്. തന്മൂലം തന്നെ ഭൗതികതയുടെ ഒഴുക്കിനനുസരിച്ച് നീന്തുന്നവർക്ക് ജീവിതത്തിൽ സൂക്ഷ്മതയെ സന്തതസഹചാരിയാക്കാൻ അല്പം പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരുമെങ്കിലും യഥാർത്ഥ നിഷ്കളങ്കരായ വിശ്വാസികൾക്ക് അതിലളിതവും സരളവുമാണ്. ഭൗതികതയുടെ കമനീയവും നായനമനോഹരവുമായി മേച്ചിൽപ്പുറങ്ങളിൽ സൂക്ഷ്മതയോടെ ജീവിതം സമ്പന്നമാക്കിയവർക്ക് അനശ്വരമായ സ്വർഗീയ അനുഭൂതികളാണ് പടച്ച റബ്ബ് ഓഫർ നൽകുന്നത്.
എന്നാൽ ഇസ്‌ലാമിന്റെ അനുയായികളെന്ന് പാടിപ്പറഞ്ഞ് പുളകം കൊള്ളുന്ന പല ഒഫീഷ്യൽ മുസ്‌ലിമുകളും ഇക്കാര്യങ്ങൾ വേണ്ടവിധം പരിഗണിക്കുന്നില്ലന്നെത് നഗ്നസത്യമാണ്.കേവലം ഒരു പാരമ്പര്യ സാമുദായിക മതം എന്നതിലപ്പുറം അധികമാളുകളും അടിസ്ഥാനപരമായ ആദർശങ്ങൾ പോലും സ്വീകരിക്കാൻ വിമുഖത കാണിക്കുകയാണ്. നമസ്കാരവും നോമ്പും നാലാളുകൾക്കിടയിലെ മുസൽമാന്റെ തിരിച്ചറിയൽ കാർഡായിയിന്ന് പരിഗണിക്കപ്പെടുകയാണ്.നമസ്കാരവും നോമ്പും സകാത്തുമെല്ലാം ഇസ്‌ലാമിലെ സുപ്രധാന കർമ്മങ്ങളാണെന്നതിൽ ആർക്കും തർക്കമില്ല.എന്നാൽ അത് മാത്രമല്ല ഇസ്‌ലാമെന്ന് കൂടി വായിക്കണം.
ഒരു മനുഷ്യന് ഏറ്റവും കൂടുതൽ സൂക്ഷ്മത പുലർത്തേണ്ടത് അവന്റെ ജോലികളിലും ജീവിതോപാധികളിലുമാണ്.കാരണം അവ വ്യക്തികൾക്കപ്പറും കുടുംബത്തെ കൂടി ബാധിക്കുന്ന പ്രശ്നമാണ്. ഭാര്യയും മക്കളുമെല്ലാം കുടുംബനാഥന്റെ തണലിലാണല്ലോ വളരുന്നത്.
ഓൺലൈൻ ബിസിനസ്സുകൾ രംഗം കീഴടക്കുന്ന കാലമാണ്.ദ്രുതഗതിയിൽ ഉത്ഭവിക്കുകയും നിമിഷങ്ങൾകൊണ്ട് സമൂഹത്തെ വലവീശി പിടിക്കുന്നതുമായ പല ഓൺലൈൻ ബിസിനസുകളും ആഴ്ചകൾ കൊണ്ട് പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും നോട്ടുകെട്ടുകൾ കൊണ്ടാണ് ഓഫർ പേമാരികൾ തീർക്കുന്നത്. തുച്ഛമായ സമയം കൊണ്ട് വളരെ മെച്ചമായ വരുമാനമെന്നതിന്റെ മഞ്ഞളിപ്പിൽ കീഴടങ്ങി ഒരുപാട് പേരാണ് ഹറാം കലർന്ന ഇത്തരം ഓൺലൈൻ ബിസിനസുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്.
ലക്ഷങ്ങളും കോടികളുമായുള്ള ഇത്തരം വരുമാന മാർഗ്ഗങ്ങളുടെ ഉത്ഭവ മാർഗ്ഗങ്ങൾ അധികവും നിഷിദ്ധമാണ്. പലിശയും അപരന്റെ അർഹതാനിഷേധവു മാണ് പിന്നീട് പലരുടെയും വരുമാനമാർഗങ്ങളായി പരിണമിക്കുന്നത്. എന്നാൽ നിഷിദ്ധമായ ഭക്ഷണം കഴിച്ചു വളരുന്ന ഏതൊരു ശരീരവും നരകാഗ്നിയിലേക്ക് അർഹതപ്പെട്ടതാണെന്ന പ്രവാചക വചനവും പലിശ ഭക്ഷിക്കുന്നവരും ഭക്ഷിപ്പിക്കുന്നവരും ശാപത്തിനിരയായിരിക്കുന്നുവെന്ന പ്രവാചക നിർദേശവും ആധുനികകാലത്തെ ഓൺലൈൻ ബിസിനസുകളിൽ പതിയിരിക്കുന്ന അപകടത്തെയാണ് സൂചിപ്പിക്കുന്നത്.
വരുമാനമെന്നതുപോലെ ഭക്ഷണരീതിയും സുപ്രധാനമാണ്. റസ്റ്റോറന്റുകളിലും ഫാസ്റ്റ്ഫുഡുകളിലും അൺലിമിറ്റഡ് ഭക്ഷണങ്ങൾ വിളമ്പുന്ന സമകാലിക കാലത്ത് തീർത്തും ഇസ്‌ലാമിക കർമ്മശാസ്ത്ര പ്രകാരം അനുവദനീയമായ രീതിയിലുള്ള അറവിലൂടെയുള്ള മാംസമാണ് ഭക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതും ജീവിത വിശുദ്ധിയുടെ വഴിയടയാളങ്ങളാണ്.
ഹറാമിയ്യത്തിന്റെ മാർഗ്ഗത്തിലൂടെ ആരുടെയെങ്കിലും ഉള്ളിലേക്ക് ഭക്ഷണം ചെന്നാൽ അവന്റെ നാല്പത്
ദിവസത്തെ ആരാധനകൾ സ്വീകരിക്കുകയില്ലെന്നാണ് ഇസ്‌ലാമിക വീക്ഷണം. നിഷിദ്ധമായ വഴികളിലൂടെയുള്ള ആഹാരവ്യവസ്ഥകൾ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം നിസ്സാരമല്ലെന്ന് ചുരുക്കം.
സൂക്ഷ്മജീവിതം നയിക്കാൻ അതീവശ്രദ്ധപുലർത്തേണ്ട മറ്റൊന്നാണ് സംസാരവും കേൾവിയും ദർശനവുമെല്ലാം.
ഇവ മൂന്നിനെയും വേണ്ടരീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ നരകത്തിലേക്കുള്ള മുതൽക്കൂട്ടായി മറ്റൊന്നും ആവശ്യമില്ലന്നതാണ് സത്യം.
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ നല്ലതുമാത്രം വാചാലമാകട്ടെ.. അല്ലെങ്കിൽ അവൻ മൗനം പാലിക്കട്ടെ എന്ന തിരുവചനത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ അതീവ ശ്രദ്ധയിൽനിന്ന് കടഞ്ഞെടുത്തതാവണം നമ്മുടെ സംസാരങ്ങളും ഇടപെടലുകളും.
കപട വിശ്വാസിയുടെ അടയാളമായി പ്രവാചകൻ പരിചയപ്പെടുത്തിയ കളവും വ്യഭിചാരത്തിനേക്കാൾ വലിയ പാതകമാണെന്ന് സൂചിപ്പിച്ച പരദൂഷണവും സ്വർഗീയ പ്രവേശനത്തിന് വിഘാതമാകുമെന്ന് പ്രവാചകൻ നിർദ്ദേശിച്ച ഏഷണിയുമെല്ലാം സംസാരങ്ങളിലെ അപകടകരമായ അർബുദങ്ങളാണ്.
പറയുന്നതെല്ലാം വാസ്തവത്തിന്റെ വെളിച്ചത്തിലുള്ളതാകണമെന്നപോലെ അനാവശ്യമായ സംസാരങ്ങളിൽ നിന്ന് മാറി നിൽക്കുന്നതും യഥാർത്ഥ വിശ്വാസിയുടെ ജീവിതത്തിന് സൗന്ദര്യം പകരുന്നതാണ്.
മറ്റുള്ളവരുടെ സംസാരങ്ങൾ തനിക്ക് പ്രയാസമാകരുതെന്ന് ആഗ്രഹിക്കുന്നതുപോലെ തന്റെ സംസാരങ്ങൾ മറ്റുള്ളവർക്ക് പ്രയാസമാകരുതെന്ന് നമ്മളും ആഗ്രഹിക്കണം.
വാട്സപ്പും യൂട്യൂബും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രംഗംകീഴടക്കുന്ന അഭിനവ കാലത്ത് സത്യവിശ്വാസി ഏറെ ജാഗ്രത പുലർത്തേണ്ടതാണ് ദർശനം.
അങ്ങാടികളിലും പീടികത്തിണ്ണകളിലും സ്ത്രീകൾ അടക്കിവായുകയാണ്.
ഷോപ്പിംഗ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം നീണ്ടവരിയിൽ ഭൂരിഭാഗവും പെൺപടകളാണ്.
സ്വന്തത്തെ നിയന്ത്രിക്കുന്ന പലർക്കും നിയന്ത്രണം നഷ്ടപ്പെട്ട് തിന്മയിലേക്ക് പലപ്പോഴും വഴിതെറ്റിപോകുന്നത് ദർശനങ്ങളിലൂടെയാണ്. നാവു പോലെ മറ്റൊരു മഹാപകടകാരിയാണ് കണ്ണുമെന്ന് ചുരുക്കം.
സ്ത്രീജനങ്ങള്‍ അധികം കടന്നുവരികയും വിലസുകയും ചെയ്തു പ്രലോഭനങ്ങളുണ്ടാക്കിയേക്കാവുന്ന ഷോപിങ് മാള്‍, മാര്‍ക്കറ്റുകള്‍, തെരുവുകള്‍ എന്നിവയില്‍ അധികസമയം ചെലവഴിക്കാതിരിക്കുക എന്നതാണ് ഇതിന്റെ പരിഹാരമാർഗ്ഗം.
പ്രവാചകന്‍ തിരുമേനി (സ) പറഞ്ഞു: ‘നിങ്ങള്‍ പൊതുവഴിയില്‍ ഇരിക്കുന്നത് സൂക്ഷിക്കുക.’അപ്പോള്‍ അനുയായികള്‍ പറഞ്ഞു:’ഞങ്ങള്‍ക്കത് ഒഴിവാക്കാനാകില്ലല്ലോ. അവിടെയിരുന്നാണ് ഞങ്ങള്‍ വിശേഷങ്ങള്‍ പറയുന്നത്.’അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു:’നിങ്ങള്‍ക്കങ്ങനെ ഇരുന്നേ മതിയാകൂ എന്നാണെങ്കില്‍ അതിന്റെ അവകാശം നല്‍കുക.’എന്താണ് പ്രവാചകരേ , പൊതുവഴിയുടെ അവകാശങ്ങള്‍? അനുയായികള്‍ ചോദിച്ചു.പ്രവാചകന്‍ പ്രതിവചിച്ചു: ‘നോട്ടം താഴ്ത്തുകയും കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയുംചെയ്യുക.'(ബുഖാരി,മുസ്‌ലിം)
അല്ലാഹു നമ്മെ സദാവീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം എപ്പോഴും ഉണ്ടായിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും എവിടെപ്പോയാലും അവന്‍ . ‘കള്ളനോട്ടവും അന്തര്‍ഗതങ്ങളുമെല്ലാം അല്ലാഹു അറിയുന്നു.'(ഗാഫിര്‍-19)
എന്ത് കാണുമ്പോഴും എന്ത് ദർശിക്കുമ്പോഴും ആരും കാണുന്നില്ലെങ്കിലും എല്ലാം കാണുന്നവനായ സൃഷ്ടാവുണ്ടെന്ന ബോധ്യമാണ് നമുക്കുണ്ടാകേണ്ടത്.
അപ്പോഴാണ് നമ്മുടെ ദർശനങ്ങൾക്ക് നിയന്ത്രണം വരുന്നത്.
എല്ലാം ഓൺലൈനിൽ അരങ്ങുവാഴുന്ന അഭിനവകാലഘട്ടത്തിൽ പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിലെ പള്ളിപ്പറമ്പുകളിൽ നടന്നിരുന്ന മതപ്രഭാഷണങ്ങൾ യൂട്യൂബിലും ഫേസ്ബുക്കിലും പുതിയ ഇടം കണ്ടെത്തിയിരിക്കുകയാണ്.
അടച്ചിടലിന്റെ കാലത്തും അടങ്ങിക്കിടക്കേണ്ടതല്ല ആത്മീയതയെന്നും പ്രതിസന്ധിയുടെ കാലത്തും നന്മപ്രസരണ ത്തിന്റെ വഴികൾക്ക് വിഘാതം സംഭവിക്കരുതെന്നുമുള്ള ലക്ഷ്യത്തിലൂടെയുള്ള ഓൺലൈൻ ലൈവ് മതപ്രഭാഷണങ്ങൾ സുകൃതം പൂക്കുന്ന സൗന്ദര്യം മുറ്റങ്ങൾ തന്നെയാണ്.
പവിത്രവും പരിശുദ്ധവുമായ ഇശാ-മഗ്‌രിബിടയിൽ ആരംഭം കുറിക്കുന്ന ഇത്തരം ലൈവ് മജ്‌ലിസുകൾക്ക് തിരശ്ശീല വീഴുന്നത് ഏകദേശം അർദ്ധരാത്രിയോടടുത്ത സമയങ്ങളിലാണ്.
മഗ്‌രിബ് നമസ്കാരത്തിന് ശേഷം സിനിമകളിലും സീരിയലുകളിലും അഭിരമിച്ച് ആനന്ദം കണ്ടെത്തിയിരുന്ന കുടുംബിനികളെ സുകൃതങ്ങളുടെ സൽപാന്ഥാവിലേക്ക് വഴിനടത്താൻ ഇത്തരം ഓൺലൈൻ മജ്‌ലിസുകൾ നിമിത്തമാകുന്നുണ്ടെന്നത് അവിതർക്കിതമാണ്. അതിലുപരി പതിവായി കൊണ്ടുനടക്കുന്ന വിർദുകളും കൂട്ടുപ്രാർത്ഥനയും ഖുർആൻ പാരായണവും എല്ലാം പ്രതിഫലം പെയ്തിറങ്ങുന്ന തും പ്രതീക്ഷയേറിയതുയുമായ മജ്ലിസുകളാണെന്നത്ത് പച്ചപ്പരമാർത്ഥം തന്നെ.
പക്ഷേ. നന്മ പ്രചരണത്തിന്റെ ലേബലൊട്ടിച്ച് ഇത്തരം രംഗത്ത് വാഴുന്ന വ്യാജന്മാരും ആസ്വാദനത്തിന്റെ മുതലെടുപ്പായി ഉപയോഗപ്പെടുത്തുന്ന സ്ത്രീ സമൂഹമുണ്ടെന്നതും യാഥാർഥ്യമാണ്.
നന്നാവണം എന്ന് ആഗ്രഹിക്കുന്ന പച്ചപ്പരമാർത്ഥികളെ വിവിധ തന്ത്രങ്ങൾ ഉപയോഗിച്ച് വലവീശിപ്പിടിക്കുന്ന ഒറിജിനലിനെ വെല്ലുന്ന വ്യാജൻമാരും ഈ രംഗത്തുണ്ട്. പരിശുദ്ധമായ സമയങ്ങളിലെ ഇത്തരം മജ്ലിസുകളിൽ സൗന്ദര്യാസ്വാദനത്തിനും മറ്റു ഭൗതിക ലക്ഷ്യങ്ങൾക്കുവേണ്ടി പങ്കെടുക്കുന്നവരുമുണ്ട്.
സമയനഷ്ടവും ഡാറ്റാ നഷ്ടവുമല്ലാതെ ഇത്തരം പ്രവണതകളിൽ നിന്ന് യാതൊരു പ്രയോജനവുമില്ല.
എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ഇരുതല മൂർച്ചയുള്ള ആയുധം കൂടിയാണിത്.
ഇത്തരം മജ്‌ലിസുകളുടെ വാട്സാപ്പ് ഗ്രൂപ്പ്കൾ മാത്രം കേന്ദ്രീകൃതമായി പ്രവർത്തിച്ച് സ്ത്രീസമൂഹത്തെ വശീകരിക്കുന്ന പൂവാലന്മാരുടെ സംഘവും എണ്ണയിട്ട് പ്രവർത്തിക്കുന്നുണ്ട്.
സദസ്യരെ ആകർഷിക്കുവാൻ വേണ്ടി ഗാനവും ആകർഷണീയമായ ആംഗ്യവുമായി പലരും രംഗത്ത് വരുമ്പോൾ അത്തരം നിമിഷങ്ങൾക്ക് വേണ്ടി മാത്രമായി അണിഞ്ഞൊരുങ്ങുന്നവരും
മൊബൈൽ തുറന്നുവെച്ച് സൗന്ദര്യാസ്വാദനത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നവരും ശ്രോതാക്കളിലുണ്ട്.
" ദീനീ പ്രഭാഷകൻ യുവാവും വസ്ത്രധാരണയിലും കോലത്തിലും സ്ത്രീകൾക്ക് വേണ്ടി അണിഞ്ഞോരുങ്ങുന്നവനും ഗാനവും ആംഗ്യവും ചലനങ്ങളും കൂടുതൽ കാണിക്കുന്ന വ്യക്തിയും അതോടൊപ്പം സദസ്സിൽ സ്ത്രീകൾ പങ്കെടുക്കുന്നുമുണ്ടങ്കിൽ അത് പാതകമാണ്.
അതിന് വിഘാതം സൃഷ്ടിച്ചേ മതിയാവൂ..
പ്രയോജനത്തെക്കാളേറെ അത് ഉപദ്രവം ചെയ്യും.
സാഹചര്യത്തെളിവുകളിൽ നിന്ന് ഇതൊക്കെ ആർക്കും മനസ്സിലാക്കാം.
മതപ്രഭാഷണം എന്നത് അതീവ സൂക്ഷ്മജീവിതവും ഭക്തിയും ഒതുക്കവുമുള്ള സ്വാലിഹിങ്ങളുടെ വേഷവിധാനങ്ങളുമുള്ളവരെ മാത്രം ഏൽപ്പിക്കാവുന്ന കാര്യമാണ്.
അല്ലാതിരുന്നാൽ ജനങ്ങൾ ഒന്നുകൂടി പിഴക്കാനേ അത് നിദാനമാവൂ..
(ഇഹ്‌യാ ഉലൂമുദ്ധീൻ )
സുകൃതങ്ങളിൽ നിന്ന് പോലും ആത്മാർത്ഥതയും സൂക്ഷ്മതയും ഒലിച്ചുപോകുന്ന ദയനീയ കാഴ്ചയാണിത്. സാങ്കൽപ്പികമായ കെട്ടുകഥയെ രേഖപ്പെടുത്തി വെച്ചതല്ല. നമ്മുടെ നാട്ടിൻപുറങ്ങളിൽ നന്മയുടെ മേൽ വിലാസങ്ങളിൽ പതിവായി നടമാടുന്ന അപകടകരമായ സംഭവങ്ങളാണിത്.
ഇന്നിന്റെ സമൂഹത്തിന്റെ ഗതി എങ്ങോട്ടാണ്..?
ഭൗതികമായ ലക്ഷ്യസാക്ഷാൽകാരത്തിന്റെ പിന്നാലെയാണ് ഓരോരുത്തരുടെയും സഞ്ചാരം. ആത്മീയതകളിൽ പോലും ആധുനികത അധിനിവേശം സ്ഥാപിക്കുന്നത് നിസ്സാര പ്രശ്നമല്ല.
ഓരോ വ്യക്തിയുടെയും നീക്കങ്ങൾ എത്രമാത്രം അപകടകരമാണ്. സത്യവിശ്വാസി അതീവജാഗ്രതയും സ്വയംനിയന്ത്രിതയും പുലർത്തേണ്ട യുഗമാണിത്. എവിടെ തിരിഞ്ഞാലും ദുർവൃത്ത ദർശനങ്ങൾ. ചുറ്റുപാടും മാലിന്യ വൽക്കരിക്കപ്പെട്ട ശബ്ദകോലാഹലങ്ങൾ. തീനും കുടിയും അടക്കവും ഇരുത്തുമെല്ലാം ഇസ്‌ലാമിക വിരുദ്ധമായ മാർഗങ്ങളിലായിരിക്കുന്നു.
ഏതു കർമ്മങ്ങളും ഭൗതികമായ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമായി ചുരുങ്ങുമ്പോൾ നമ്മുടെ ജീവിതതത്തിന്റെ തന്നെ അർത്ഥം നഷ്ടപ്പെടുകയാണ്. വിനിയോഗിച്ച വർഷങ്ങളും ചെലവഴിച്ച് സമയങ്ങളും ഊർജ്ജവുമെല്ലാം വൃഥാവിലായി പോവുകയാണ്.
ഏതൊരു നല്ലൊരു പ്രവർത്തനത്തിലും നമ്മുടെ നിയ്യത്താണ് പ്രധാനം. ലക്ഷ്യങ്ങളാണ് അടിസ്ഥാനം.
നന്മയെന്നു രൂപവത്കരിക്കപ്പെട്ട എത്രയെത്ര കർമ്മങ്ങളാണ് മോശമായ നിയ്യത്തു കൊണ്ട് ഭൗതികമായ കർമ്മങ്ങൾ മാത്രമായി പരിവർത്തനം ചെയ്യുന്നതെന്ന പ്രവാചക വചനത്തിന്റെ ആശയതലങ്ങൾ നമ്മൾ ഇരുന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ജീവിക്കുന്ന കാലത്തോളം പടച്ച റബ്ബിന്റെ പൊരുത്തത്തിലായി സൂക്ഷ്മ ജീവിതം നയിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ.
👍👍👍
ReplyDelete