Skip to main content

ശൈഖുനാ ഒ. കുട്ടി മുസ്‌ലിയാർ: വിനയം വിതറിയ വിജ്ഞാന വിസ്മയം


✒️  മിൻഹാജ് ഇ. കെ ചാഴിയോട്.

"ഒ.കെ വരുന്നുണ്ട്. നീ വേഗം പോയി ചായയുണ്ടാക്ക് ". തന്റെ വീട് ലക്ഷ്യംവെച്ച് നടന്നുവരുന്ന അരുമശിഷ്യൻ കാളികാവുകാരനായ  ഒ.കുട്ടി മുസ്‌ലിയാരെ അകലെ നിന്ന് കാണുമ്പോൾ തന്നെ കേരളം കണ്ട ഏറ്റവും വലിയ കിതാബിന്റെ  കുലപതികളിലൊരാളായ  കണ്ണിയത്ത് ഉസ്താദ് തന്റെ പ്രിയ പത്നിയോട് പതിവായി പറയുന്ന വാക്കുകളാണിത്.  അഭിമാനശിഷ്യന്റെ ആഗമനം കൊണ്ട് നിർവൃതിപൂണ്ടു ഗുരു പറയുന്ന വാക്കുകൾ.

 ചില ജീവിതങ്ങൾ അങ്ങനെയാണ്. വിദ്യാർത്ഥി കാലത്തെ  അഹോരാത്രപരിശ്രമം കൊണ്ടും അറ്റമില്ലാത്ത അദബ് കൊണ്ടും കൃത്യതയാർന്ന ജീവിതശൈലി കൊണ്ടും ആത്മാർത്ഥമായ സേവനങ്ങൾ കൊണ്ടും ഗുരുമാനസങ്ങളിൽ ഇഷ്ഖ്  തീർത്ത് ഗുരുവിന്റെ പ്രാർത്ഥനകളിലെ പ്രാർത്ഥനാവചസ്സുകളായിതീർന്ന്,  ഗുരുവിന്റെ അനുഗ്രഹവും ആശീർവാദങ്ങളും വേണ്ടുവോളം ലഭിച്ച ജീവിതങ്ങൾ.  അത്തരം ആശീർവാദങ്ങളും അനുഗ്രഹങ്ങളുമായിരുന്നു പിന്നീട് ആ  ജീവിതങ്ങൾക്ക്  കാലിടറാതെ നിൽക്കാൻ കരുത്തേകിയത്. കഴിഞ്ഞ റമളാൻ പതിനൊന്നിന്റെ പവിത്രമായ ദിനത്തിൽ നമ്മിൽനിന്ന് വിടപറഞ്ഞ ശൈഖുനാ ഒ. കുട്ടി മുസ്‌ലിയാരുടെ ജീവിതത്തിലും ഏറ്റവും വലിയ അനുഗ്രഹത്തിന്റെ  പേമാരിയായി പെയ്തിറങ്ങിയത്  ഗുരുക്കന്മാരുടെ അനുഗ്രഹം തന്നെയായിരുന്നു.  ജീവിതത്തിൽ ഒരിക്കൽപോലും കളങ്കതയുടെ കറപുരട്ടാത്ത കണ്ണിയത്ത് ഉസ്താദിനെപ്പോലെയുള്ള വരുടേതാകുമ്പോൾ അത് പിന്നെ  പറയേണ്ടതില്ലല്ലോ....

 അതെ. അധ്യാപകരുടെ അനുഗ്രഹങ്ങളിലൂടെ പാകപ്പെടുത്തിയ ആത്മാർത്ഥമായ ജീവിതം കൊണ്ട് ശൈഖുനാ കുട്ടി മുസ്‌ലിയാർ നമ്മെ  അമ്പരപ്പിക്കുകയായിരുന്നു. ഭൗതികതയിൽ നിന്ന്  കിതാബിന്റെ  ആഴങ്ങളിലേക്ക് ഒളിച്ചോടി അറിവുകൊണ്ട് അജബ് തീർക്കുകയായിരുന്നു ശൈഖുനാ.  ഒച്ചപ്പാടുകളെക്കൊണ്ടല്ല.  നിശബ്ദതയുടെ നിലാവ്കൊണ്ടായിരുന്നു ആ അത്ഭുതപ്പെടുത്തലുകളെല്ലാം.. നിറപ്പകിട്ടാർന്ന വേദികളിൽ നിറഞ്ഞാടാതെയും മാധ്യമങ്ങൾക്ക് മുമ്പിൽ മുഖം കാണിക്കാതെയും എല്ലാത്തിനുമുമ്പിലും വിശാലമായ വിനയം  വിതറി തലതാഴ്ത്തി നടന്ന ജന്മം.തദ് രീസിന്റെ   സുന്ദര ലോകത്ത് നിന്ന് നൂറുകണക്കിന് പണ്ഡിതപ്രതിഭകളെ സമൂഹസമക്ഷം സമർപ്പിച്ച സ്വാതികൻ..
 യുവത്വത്തിന്റെ പ്രസരിപ്പിൽ ബിദ്അത്തിന്റെ വിഷബീജങ്ങളെ മുളയിലെ നുള്ളിക്കളയാൻ അഹോരാത്രം പരിശ്രമിച്ചനേതാവ്..
 ശൈഖുനാ കണ്ണിയത്ത് ഉസ്താദിന് പകരം പലപ്പോഴും പ്രഭാഷണ വേദികളെ സജീവമാക്കിയ അനുഗ്രഹീത പ്രഭാഷകൻ..

അതെ. പദവികൾക്കും  അധികാരത്തിനും  പിന്നിലോടാതെ, ഭൗതികതയുടെ സുഖലോലുപതയുടെ പട്ടുമെത്തയിൽ വിരാചിക്കാതെ,  ലൗകികതയുടെ പളപളപ്പിലേക്ക് കണ്ണ് തള്ളാതെ,  ഒരാളുടെയും മനസ്സ് നോവിപ്പിക്കാതെ,  എന്നാൽ ഒരാളുടെയും മുമ്പിൽ തന്റെ ആദർശം പണയം വെക്കാതെ, നാഥന്റെ കലാമായ ഖുർആൻ കൊണ്ട് ഖൽബകം ഖമറാക്കി,  അറിവും ആത്മീയതയും കൂടുകൂട്ടിയ ഹൃദയവുമായി ശൈഖുനാ നാം ജീവിച്ച കാലഘട്ടത്തിൽ നമ്മിലൂടെ നടന്നുപോവുകയായിരുന്നു.

ഒടങ്ങാടൻ മമ്മദ് മൊല്ലയുടെയും ഞരഞ്ഞിയിൽ ഫാത്തിമയുടെയും  മകനായി 1928 ൽ  കാളികാവിനടുത്ത അമ്പലക്കടവിലാണ് ജനനം.
എടപ്പറ്റ മോയിൻ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഓത്തുപള്ളിയിലൂടെയാണ് ആ ചരിത്ര പുരുഷൻ പ്രാഥമിക പഠനം തുടങ്ങുന്നത്.
 പിന്നീട്. അയൽനാടുകളായ  പള്ളിശ്ശേരി,തുവ്വൂർ,കാളികാവ് ,കരുവാരകുണ്ട് എന്നിവിടങ്ങളിലും ശേഷം വാഴക്കാടുമായി  നീണ്ട പതിമൂന്ന് വർഷം കിതാബിന്റെ  ആഴങ്ങളിലേക്ക് പോയ ദർസ് പഠനം.അരിപ്ര മൊയ്തീൻ ഹാജി,പറവണ്ണ ഉസ്താദ്,കണ്ണിയത്ത് ഉസ്താദ് എന്നിവരെത്രെ ഉസ്താദിന് അറിവുകൊണ്ട് അന്നമൂട്ടിയവരിൽ പ്രമുഖർ.
കെ ടി മാനു മുസ്‌ലിയാർ  ,കെ കെ അബ്ദുല്ല മുസ്‌ലിയാർ,ഇബ്നു ഖുതുബി സി എച്ച് അബ്ദുറഹിമാൻ മുസ്‌ലിയാർ ,പറവണ്ണ ഉസ്താദിന്റെ മകൻ മുഹമ്മദ് ഖാസിം എന്നിവരായിരുന്നു സുകൃതം പൂത്തുലഞ്ഞ അവിടുത്തെ പഠനകാലത്തെ  സഹപാഠികളിൽ പ്രമുഖർ.

 അറിവിന്റെ ആഴം തൊട്ടറിഞ്ഞ പതിമൂന്ന് വർഷത്തെ വിദ്യാർത്ഥി ജീവിതത്തിനുശേഷം ശേഷം വാഴയൂരിലാണ് പതിറ്റാണ്ടുകളോളം നീണ്ടനിന്ന അവിടുത്തെ തദ് രീസിന് പ്രാരംഭം കുറിക്കുന്നത്.ഒരു വർഷം കഴിഞ്ഞപ്പോൾ 1961 ൽ പകരം ഒരു മുദരിസിനെ നിർത്തി കുട്ടി ഉസ്താദ് ദയൂബന്ദ്  ദാറുൽ ഉലൂമിലേക്ക് ഉപരിപഠനത്തിനായി തിരിച്ചു.1962 ൽ ദാറുൽ ഉലൂമിൽ നിന്ന്  തിരിച്ചെത്തിയെപ്പോൾ നാട്ടുകാരുടെ കുട്ടി മുസ്‌ലിയാർ മുഹമ്മദ്‌  ഖാസിമിയായിരുന്നു.

വാഴയൂരിലെ  അധ്യാപന ജീവിതത്തിന് ശേഷം കോട്ടയം,ഈരാറ്റുപേട്ട,നിലമ്പൂർ,കണ്ണാടിപ്പറമ്പ്,എടയാറ്റൂർ,തുവ്വൂർ  എന്നിവിടങ്ങളിലും ഒന്നു രണ്ട് കോളേജുകളിൽ പ്രിൻസിപ്പാളുമായി നീണ്ട അര നൂറ്റാണ്ടിലേറെ കാലം  അധ്യാപന ജീവിതം നയിക്കുകയും അവസാന വർഷങ്ങളിൽ  ശാരീരിക അസ്വസ്ഥതകൾ കാരണം ഉസ്താദ് വീട്ടിൽ  വിശ്രമ ജീവിതം  നയിക്കുകയും ചെയ്തു .

കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെ നൂറുകണക്കിന് ശിഷ്യസമ്പത്തുണ്ടാകുമ്പോഴും സുന്നത്ത് ജമാഅത്തിന്റെ അനിഷേധ്യ നേതാവ് കൂടിയായ പ്രിയപുത്രൻ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,  മരുമകൻ മലപ്പുറം ജില്ലാ മുശാവറ മെമ്പറായിരുന്ന പരേതനായ സുലൈമാൻ ഫൈസി മാളിയേക്കൽ എന്നിവർ തന്നെയാണ് ഉസ്താദിന്റെ സന്തതികളിൽ പ്രമുഖർ.

പഠനകാലത്ത് വീടുകളിൽ കുടിയോത്തിന് പോയിരുന്ന ഉസ്താദ് ആ സമയങ്ങളിലുള്ള കഠിന പരിശ്രമത്തിലൂടെ,  ഒരാളുടെയും കീഴിലല്ലാതെ  തന്നെ ഖുർആൻ മുഴുവൻ ഹിഫ്ളാക്കിയ ആലിമായ ഹാഫിള് കൂടിയാണ്.

 1961 ൽ വാഴക്കാട് കണ്ണിയത്ത് ഉസ്താദിന്റെ ദർസിൽ ഓതുന്ന സമയത്ത് സമീപ പ്രദേശത്തുള്ള എ പി അഹമ്മദ് കുട്ടി നിസാമി സുന്നികൾക്കിടയിൽ അഫ്ളലുൽ ഉലമ പാസ്സായവർ കൂടി ഉണ്ടായിരിക്കേണ്ട ആവിശ്യകത  ഉണർത്തിയപ്പോൾ ഫറൂഖ് റൗളത്തൂൽ ഉലൂമിൽ ചേർന്ന് അഫ്ളലുൽ ഉലമ പാസ്സാകുകയും ചെയ്തു.

1950 കളില്‍തന്നെ സമസ്തയുടെ അംഗത്വമുള്ള കുട്ടി മുസ്ലിയാര്‍, തന്റെ  യുവത്വത്തിന്റെ  ഭൂരിഭാഗവും ചെലവഴിച്ചത് തെക്കന്‍ ഭാഗങ്ങളിലും തിരുകൊച്ചി ഭാഗങ്ങളിലുമായത് കാരണം വളരെ വൈകിയാണ് സമസ്തയുടെ നേതൃനിരയിലെത്തിയത്. 2009ല്‍ കോഴിക്കോട് കാരശ്ശേരിയില്‍ മുദരിസായിരിക്കെയാണ് സമസ്തയുടെ  കേന്ദ്ര മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലമ്പൂര്‍ താലൂക്ക് ജംഇയ്യത്തുല്‍ഉലമ പ്രസിഡന്റ്, എസ്.എം. എഫ് കാളികാവ് മേഖല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

  സംഘടനയിൽ ഭാരവാഹിത്വം വഹിക്കുന്നതോടൊപ്പം തന്നെ ഉസ്താദ്  സമസ്തയുടെ പഴയകാല നേതാക്കളായ പറവണ്ണ കെ.പി.എ. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കൂറ്റനാട് കെ.വി മുഹമ്മദ്‌ മുസ്ലിയാര്‍ എന്നിവരുമായി അഭേദ്യമായ ബന്ധമാണ് നിലനിർത്തിയിരുന്നത്.

അറിവിനെയും അറിവിന്റെ അഹ്‌ലുകാരെയും അതിയായി  സ്നേഹിച്ച കുട്ടി ഉസ്താദ് തന്റെ ആൺമക്കളെയെല്ലാം പണ്ഡിതന്മാരാക്കി എന്നതിന് പുറമേ തന്റെ പെണ്മക്കളെയെല്ലാം മതപണ്ഡിതർക്ക് വിവാഹം ചെയ്തു കൊടുത്തും തന്റെ ജീവിതം സമ്പുഷ്ടമാക്കി.

കേരള മുസ്ലിം ഉമ്മത്തിന്റെ  ആധികാരിക മത പണ്ഡിതസഭ സമസ്തയുടെ ഏത് സമ്മേളനത്തിന്റെയും വേദിയിൽ ഇരിക്കാനുള്ള അർഹതയും അവസരവും ഉണ്ടായിട്ടും പട്ടിക്കാട് ജാമിഅ: നൂരിയ്യ: സമ്മേളനത്തിൽ വേദിയിൽ കയറാതെ ജാമിഅയുടെ വരാന്തയിലിരുന്ന് സദസ്സിനെ വീക്ഷിക്കുന്ന സമസ്തയുടെ മുശാവറ അംഗമായിരുന്ന കുട്ടി ഉസ്താദിന്റെ വിനയം അപാരം തന്നെ..

അതിലുപരി തന്റെ ജന്മനാടായ അമ്പലക്കടവിലും കാളികാവിലും പരിസരപ്രദേശങ്ങളിലും സമസ്തക്ക് വേരോട്ടമുണ്ടാക്കുന്നതിലും സമുദായത്തിന് നേതൃത്വം കൊടുക്കുന്നതിലും പുത്തനാശയക്കാരിൽ നിന്നും വിഘടന വാദികളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിലും അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്നുയെന്നതിന് പുറമെ തന്നെ കിഴക്കനേറനാട്ടിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പരിപാടികളിൽ പ്രായത്തെയും രോഗത്തെയും അവഗണിച്ച് ഉസ്താദ് വന്നിരുന്നത് സമസ്തയോടുള്ള അവിടുത്തെ അടങ്ങാത്ത ആത്മാർത്ഥതയായിരുന്നു..

പേരും പ്രശസ്തിയും ആഗ്രഹിക്കാതെ സൂക്ഷ്മമായ ജീവിതംകൊണ്ടും ലാളിത്യമാർന്ന പെരുമാറ്റം കൊണ്ടും  ഒരുനൂറ്റാണ്ടിനോടടുത്തകാലം ഭൂമിയെ പോലും നോവിപ്പിക്കാതെ എപ്പോഴും തലതാഴ്ത്തി മാത്രം നടന്നിരുന്ന ഒ. കുട്ടി മുസ്‌ലിയാർ  എന്ന പാരമ്പര്യത്തിന്റെ  പ്രൗഢിയുള്ള പണ്ഡിത പ്രതിഭകൂടി നാഥന്റെ  ദർബാറിലേക്ക് നടന്നു നീങ്ങുമ്പോൾ ഉമ്മത്തിന്റെ മതരംഗം വീണ്ടും ശൂന്യത നേരിടുകയാണ്...
കാറ്റിലും കോളിലും ആടാതെ. ഉലയാതെ. ഉമ്മതിന്  സംരക്ഷണം നൽകിയിരുന്നവർ നേരത്തെനടന്നു നീങ്ങുന്നു...
 അതെ.ആത്മപ്രഭചൊരിഞ്ഞ് സൗഭാഗ്യ സാരത്യമരുളിയ സുകൃതനായകർ സ്രഷ്ടാവിന്റെ സവിധത്തിലേക്ക് സഫർ പോകുമ്പോൾ ഉള്ളകം പിടയുകയാണ്..
 ഉത്തമ പകരക്കാരെ നൽകണമേയെന്ന പ്രാർത്ഥനാവചസ്സുമായി നമ്മുക്ക് നാഥനിലേക്ക് കരങ്ങളുയർത്താം...
നാഥൻ നമ്മുടെ മൺമറഞ്ഞുപോയ നേതാക്കന്മാർക്ക് ഉത്തമപകരക്കാരെ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

Comments

Post a Comment

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...