സജ്ജാദ് പി.എ ആലത്തൂർ പടി
1947 ഓഗസ്റ്റ് 14 ന് അർദ്ധരാത്രി പാർലമെന്റിലെ ദർബാർ ഹാളിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ പറഞ്ഞുവെച്ചത് ഇപ്രകാരമായിരുന്നു : "നീണ്ട വർഷങ്ങൾക്കു മുൻപ് നാം വിധിയുമായി ഒരു കൂടിക്കാഴ്ചക്ക് സമയം കുറിച്ചിരുന്നു ഇപ്പോഴത് നിറവേറ്റേണ്ട സമയം അടുത്തിരിക്കുന്നു.അർദ്ധ രാത്രിയുടെ മണി മുഴങ്ങുമ്പോൾ,ലോകം പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും ഉണരുകയാണ്".
കൊളോണിയൽ ഭരണ ഭീകരതയിൽ പൊറുതിമുട്ടിയ ജനം ബ്രിട്ടീഷ് അധീശത്വത്തിനെതിരെ നടത്തിയ നീണ്ടകാല പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും നേട്ടമാണ് നമ്മുടെ മഹത്തായ സ്വാതന്ത്ര്യം. അധികാര നിലനിൽപ്പിന്റെ ഭദ്രതക്കായി ബ്രിട്ടീഷുകാർ പയറ്റിയ സകല രാഷ്ട്രീയ കുതന്ത്രങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ട് പൂർവസൂരികൾ ചോരകൊണ്ടെഴുതിയ സ്വാതന്ത്ര്യത്തിന് ഏറെ മഹത്വവും പവിത്രതയുമുണ്ട്. ദീർഘകാലത്തെ പാരതന്ത്ര്യ കെട്ടുകൾലെശ്യമന്യേ ശുദ്ധവായു എന്ന മോഹം പൂവണിയിൽ കൂടിയായിരുന്നു ഇന്ത്യയുടെ "സ്വാതന്ത്ര്യം" എന്ന നേട്ടം.
എന്നാൽ, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 മത്തെ ആഘോഷപൊലിവിൽ എത്തിനിൽക്കുമ്പോൾ രാജ്യം വിധിയുമായി നടത്തിയ നിർണായക സന്ധി തകർന്നുകൊണ്ടിരിക്കുകയാണ് . വെട്ടി പിടുത്തത്തിന്റെ പഴയ നാളുകളിലെ ഭീതിനിറഞ്ഞ ഓർമ്മകൾ പോലെ രാജ്യം കൈയ്യൂക്കിന്റെ പഴയ ഭാഷയിലേക്ക് തിരിഞ്ഞു നടക്കുകയാണ്. തീവ്ര ഹിന്ദുത്വ വാദികളുടെ അധികാരാരോഹണം രാജ്യത്തിന്ന് ഏൽപ്പിച്ച ആഘാതം ചെറുതൊന്നുമല്ല. രാജ്യത്തിന്റെ പാവനമായ പാരമ്പര്യത്തെ നിശ്ലേഷം തമസ്കരിച്ച് പുതിയ തീവ്ര ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള തിടുക്കമാണ് അവരിലുള്ളത്.
അധികാര വർഗ്ഗത്തിന്റെ ഭൂരിപക്ഷ വർഗീയതയിൽ ന്യൂനപക്ഷം നിർബാധം വേട്ടയാടുകയും അരികവൽകൃത ജനവിഭാഗത്തിന്റെ അവകാശങ്ങളെ നിരന്തരം നിഷേധിക്കുകയുമാണ്. പൗരാവകാശവും പൗരസ്വാതന്ത്ര്യവും അഴിക്കുള്ളിലായി നിൽക്കുന്ന പുതിയ ഇന്ത്യയുടെ ചിത്രം പകരുന്നത് നമ്മുടെ സ്വാതന്ത്ര്യം എത്തിനിൽക്കുന്ന ശോചനീ യാവസ്ഥയെയാണ്.ബാഹ്യശക്തികളുടെ ഇടപെടലുകളില്ലാതെ പൗരന്റെ ശാരീരികവും മാനസികവുമായ സ്വൈരവ്യവഹാരത്തിന് അനുഗുണമായ ചുറ്റുപാടിലൂടെയാണ് സ്വാതന്ത്ര്യം പൂർണമാകുന്നത്. സ്വസ്ഥമായി ജീവിക്കാനുള്ള പൗരൻറെ സ്വാതന്ത്രം ഇന്ന് ഇന്ത്യയിൽ ചോദ്യചിഹ്നമായിരിക്കുകയാണ്. മാധ്യമങ്ങളുടെ വായ മൂടികെട്ടുകയും വിമത ശബ്ദങ്ങളെ വേട്ടയാടുകയുമാണ്. ഭരണകൂടത്തിന്റെ അരുതായ്മകൾക്കെതിരെ വിരൽചൂണ്ടുന്നത് മഹാപാതകമായി കണക്കാക്കുകയും അതിൽ കലിപൂണ്ട ഭരണകൂടം കാലത്തിന്റെ സമൃതിയിലേക്ക് യാത്രയയച്ചത് ഒത്തിരി പേരെയാണ്. 75 വർഷങ്ങൾക്കുമുമ്പ് വിദേശശക്തികളുടെ കരങ്ങളിൽ നെരിഞ്ഞമർന്ന സ്വാതന്ത്രം ഇന്ന് സ്വദേശ ശക്തികളുടെ കരങ്ങൾക്കിടയിൽ നിന്ന് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു എന്നത് മാത്രമാണ് സ്വതന്ത്രാനന്തര ഇന്ത്യയിൽ സംഭവിച്ച ഏകമാറ്റം.
സ്വതന്ത്ര ഇന്ത്യയുടെ പരമാധികാരം കൈയാളുന്നത് ഫാസിസ്റ്റുകളും വർഗീയവാദികളുമാണ്. ഫാസിസം അതിന്റെ ബീഭത്സമായ ദംഷ്ട്രകളായിത്തി രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ കൊന്നു കൊല വിളിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ പൗരന്മാരുടെയും സ്വാതന്ത്ര്യത്തിനും അവകാശത്തിനും കാവൽ നിൽക്കേണ്ടവർ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരായി പരസ്പരം ഭിന്നിപ്പിക്കാനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നത് ചങ്ങലക്ക് തന്നെ ഭ്രാന്ത് പിടിച്ച അവസ്ഥയാണ്.രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കേണ്ട അധികാര വർഗം തന്നെ ചേരിതിരിവുണ്ടാക്കുന്നത് ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ ഇല്ലാതാക്കാന്നുള്ള കാരണമാകും.
ദാർശനിക വൈവിധ്യത്താൽ ധന്യമായിരുന്നു നമ്മുടെ സാംസ്കാരിക ഇടങ്ങൾ. മാക്സ് മുള്ളറും അൽബാഷയും നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ സാംസ്കാരിക തെളിമയെ സപ്തസ്വരങ്ങളുള്ള സംഗീതത്തിലെ സൗന്ദര്യമായി വായിച്ചെടുത്തത് നമ്മളിൽ ഇണങ്ങി ചേർന്ന സാംസ്കാരിക വൈവിധ്യത്തെ മനസ്സിലാക്കിയിട്ടായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ അഭിമാനകരമായ സംസ്കൃത വർഗീയവാദികളുടെ കരങ്ങളാൽ ശിഥലമായികൊണ്ടിരിക്കുകയാണ്.
അവകാശത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളാൽ പ്രക്ഷുബ്ധമാണ് നമ്മുടെ തെരുവുകൾ. രാജ്യം ഏകാധിപത്യത്തിലെക്കും സ്വച്ചാധിപത്യത്തിലെക്കും വ്യതിചലിക്കുന്നതിനെ തടയിടാൻ തുടരണം സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം..
Comments
Post a Comment