Skip to main content

വിധി മാറ്റിയെഴുതിയ മാതാവിന്റെ വേർപാട്

✍️റാഷിദ്‌ കാരായ 

വിമത ശബ്ദങ്ങളും ആരോപണങ്ങളുടെ അപസ്വരങ്ങളും കെട്ടടങ്ങുന്നതിന്റെ മുമ്പ് തന്നെ അടുത്തൊരു നബിദിനം കൂടി സമാഗതമാവുകയാണ്.1497 വർഷങ്ങൾക്ക് മുമ്പ് ഭൂജാതനായ ലോകാനുഗ്രഹിയായ പ്രവാചക സ്രേഷ്ടർ ലോകത്തിന്റെ പലഭാഗങ്ങളിൽ പലരീതിയിൽ സ്മരിക്കപ്പെടുന്നത് ആ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടുക തന്നെയാണ്. അടുത്തകാലങ്ങളിലായി നടന്ന ചില അനിഷ്ട സംഭവങ്ങളുടെ ഉത്ഭവം ആ ജീവിതത്തെക്കുറിച്ചുള്ള പൂർണ്ണമായ അജ്ഞതയാണ്.

 തികച്ചും വ്യത്യസ്തമായിരുന്നു ആ ജീവിതം കേവല മാനുഷിക ജീവിതത്തിനപ്പുറം ദിവ്യ സന്ദേശവാഹകരായ പ്രവാചകരുടെ ജീവിതങ്ങൾ പരീക്ഷണ ചൂളകളിൽ പാകപ്പെടുത്തിയവയായിരുന്നു. നബി തങ്ങൾ പറയുന്നു : " ജനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ പരീക്ഷണ വിധേയമാക്കപ്പെടുന്നവർ പ്രവാചകരാണ് ". ദിവ്യാത്ഭുതങ്ങൾ പ്രവാചകത്വത്തെ സാധൂകരിക്കും വിധം ജനനം മുതലേ പ്രകടമായെങ്കിലും ഒരു ഘട്ടത്തിലും പരീക്ഷണങ്ങൾ ഒഴിവായിരുന്നില്ല.

തിരുജീവിതത്തിലെ ആദ്യ പരീക്ഷണം പിതാവിന്റെയും മാതാവിന്റെയും അകാലമരണമായിരുന്നു . ഒരാളുടെ ജീവിതത്തിന്റെ ഗതിനിർണയിക്കുന്നത് മാതാപിതാക്കളുടെ ക്രിയാത്മകമായ ഇടപെടലുകളാണ്. ജനനത്തിന് മുമ്പ് തന്നെ പിതാവ് അബ്ദുള്ള മരണപ്പെടുകയും നിർലോഭമായ സ്നേഹം പിതാമഹരിൽ നിന്ന് ലഭിക്കുകയും ചെയ്തതോടെ പിതാവിന്റെ വേർപാട് ആ ജീവിതത്തിൽ വലിയ ആഘാതങ്ങൾ ഉണ്ടാക്കിയിട്ടില്ല. പക്ഷേ ,ആറാം വയസ്സിൽ വിടപറഞ്ഞ എല്ലാമെല്ലാമായ വാത്സല്യനിധിയായ മാതാവ് വിട പറഞ്ഞതാണ് ആ ജീവിതത്തിൽ പലപ്പോഴും നീറുന്ന ഓർമ്മയായി കണ്ണീരായി പുറത്തുവന്നത്.

 കേവലം 20 വയസ്സ് മാത്രമുള്ള ആമിനാബീവിയുടെ വിയോഗം യാദൃശ്ചികമായിരുന്നു. പ്രസവാനന്തരം നാലുവർഷം ഹലീമ ബീവിയുടെ അടുക്കൽ വളർന്ന നബി പിന്നീടാണ് ആമിന ബീവിയോടൊപ്പം സ്ഥിര താമസമാക്കുന്നത്. നബിക്ക് ആറു വയസ്സായപ്പോൾ ഉമ്മ ആമിന ബീവി തന്റെ കുടുംബമായ ബനൂ അദിയ്യ് ബ്നു നജ്ജാറിലെ ബന്ധുക്കളെ സന്ദർശിക്കാനായി മദീനയിലേക്ക് പോയി. വഴിമധ്യേ ഭർത്താവ് അബ്ദുല്ലയുടെ ഖബർ സന്ദർശനത്തിനായി ദാറുന്നാബിയിൽ ഇറങ്ങി. ജീവിതത്തിൽ പിതാവിനെ കാണാത്ത പ്രവാചകരുടെ ആദ്യ അനുഭവമായിരുന്നു അത് .പിന്നീട് മദീനയിലെത്തി ഒരു മാസത്തോളം അവിടെ താമസിക്കുകയും ശേഷം മക്കയിലേക്ക് തന്നെ യാത്ര തിരിക്കുകയും ചെയ്തു .മക്ക - മദീനയുടെ ഇടയിലുള്ള 'അബവാഅ് ' എന്ന പ്രദേശത്ത് എത്തിയപ്പോൾ ആവിനാ ബീവിക്ക് രോഗം കലശലാവുകയും അവശയാവുകയും ചെയ്തു. പ്രിയ മാതാവിനോടൊപ്പം കേവലം രണ്ടുവർഷം മാത്രം ജീവിച്ച പൊന്നുമോന്റെ നിസ്സഹായതയോടെയുള്ള അതിലപ്പുറം കുട്ടിത്തം വിട്ടുമാറാത്ത ഉമ്മയുടെ പരിലാളനയുടെ കൊതി തീർന്നിട്ടില്ലാത്ത ആ പിഞ്ചോമനയെ മാറോട് ചേർത്തുപിടിച്ച് ആമിന ബീവി പറഞ്ഞു :"പൊന്നു മോനെ എല്ലാ പുതിയതിനും പഴക്കം വരും ,വരുന്നതെല്ലാം അടുത്തുണ്ട് ജീവനുള്ളവരെല്ലാം മരിക്കുന്നവരാണ് " തീർത്തും നിസ്സഹായതയോടെയുള്ള വാക്കുകൾ..... വാത്സല്യനിധിയായ ആ മാതാവിന്റെ വാക്കുകൾ പതുക്കെ നിലച്ചു. അബവാഇൽ തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു .തകർന്ന മനസ്സോടെ ഉമ്മു ഐമൻ (റ) നബി തങ്ങളെ വാരിയെടുത്ത് രണ്ട് ഒട്ടകങ്ങളുമായി മക്കയിലേക്ക് തന്നെ യാത്രയായി. പിതാമഹൻ അബ്ദുൽ മുത്തലിബ് ആയിരുന്നു പിന്നെ നബിയുടെ പൂർണ്ണ സംരക്ഷണം ഏറ്റെടുത്തത് .എട്ടാം വയസ്സിൽ അബ്ദുൽ മുത്തലിബും ലോകത്തോട് വിടപറഞ്ഞതോടെ വീണ്ടും ഒരു അത്താണി നഷ്ടപ്പെടുകയായിരുന്നു .അബ്ദുൽ മുത്തലിബ് നബിയുടെ കാര്യം അബു ത്വാലിബിനെ ഏൽപ്പിച്ചാണ് വിട പറഞ്ഞത്. ജനനം മുതൽ മരണംവരെ നബിയോടൊപ്പം ഉമ്മു ഐമൻ പരിചാരകയായി കൂടെ തന്നെയുണ്ടായിരുന്നു .എന്നിരുന്നാലും മാതാവിന്റെ വേർപാട് നബിയെ വല്ലാതെ അലട്ടിയിരുന്നു .ജീവിതത്തിലെ സുവർണ്ണ കാലമായി ചരിത്രം വിശേഷിപ്പിക്കുന്ന സമൃദ്ധിയുടെ ഉത്തുംഗതയെത്തിയ മദീന കാലയളവിലും മാതാവ് മാറോട് ചേർത്ത് അവസാനം പറഞ്ഞ വാക്കുകൾ തിരുനബി മറന്നില്ല .എട്ടാം വർഷം പതിനായിരക്കണക്കിന് സ്വഹാബത്തോടൊപ്പം മക്ക തിരിച്ചുപിടിച്ച ശേഷം നബി ഒരു കബറിനരികിലേക്ക് ചെന്നു .നബിയെ ശ്രദ്ധിച്ചു നോക്കുന്ന സ്വഹാബത്തിന് നബി നൽകിയ മറുപടി ഇതെന്റെ പ്രിയപ്പെട്ട ഉമ്മയുടെ ഖബറാണെന്നതാണ് .ഞാൻ റബ്ബിനോട് ഖബർ സന്ദർശിക്കാൻ അനുമതി ചോദിച്ചപ്പോൾ അവൻ അനുവദിക്കുകയും പ്രാർത്ഥിക്കാൻ അനുമതി ചോദിച്ചപ്പോൾ എന്നെ തടയുകയും ചെയ്തു. ശേഷം തിരുനബി പൊട്ടി കരഞ്ഞു. പതിനായിരക്കണക്കിന് സ്വഹാബത്തും ആ ദുഃഖത്തിൽ പങ്കുചേർന്നു.

 ഉമ്മയുടെ കരുതലും സ്നേഹവും പരിലാളനയും ഒരു കുട്ടിയുടെ വളർച്ചയിൽ അനിഷേധ്യമായ പങ്കാണ് വഹിക്കുന്നത്. അത് കിട്ടാതെ വളരുന്ന കുട്ടികളാണ് തീവ്രവാദ , ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്ത്രീ ഒരു ലൈംഗികപ്പാവയാണെന്നും പ്രസവിക്കാനുള്ള ഒരു യന്ത്രമാണെന്നുമൊക്കെ വാദിച്ച് സ്ത്രീ സമത്വത്തിനും ലിംഗ സമത്വത്തിനുമൊക്കെ ഒരു ന്യൂനപക്ഷം മുറവിളി കൂട്ടുമ്പോഴും ബഹുഭൂരിപക്ഷവും സ്ത്രീ എന്നത് ഒരു സമുദായത്തിന്റെ സമുദ്ധാരകരാണെന്നതും ധാർമികതയിലധിഷ്ഠിതമായ ലോകത്തിന്റെ സൃഷ്ടിപ്പിൽ അവർ അനിഷേധ പങ്കുവഹിക്കുന്നവരാണെന്നും സമർത്ഥിക്കുന്നവരാണ് .ഒരു ലോകത്തിന്റെ നല്ല നിൽപ്പിന് തന്നെ പെണ്ണിന്റെ സ്പർശമില്ലാതെ അസാധ്യമാണ്.

 പ്രശസ്ത ഐറിഷ് എഴുത്തുകാരിയായ കാതറിനെ ദൈനാൻ എഴുതിയ "Any Women" എന്ന കവിതയിൽ ഒരമ്മയുടെ മനസ്സിനെ പകർത്തുന്നുണ്ട് .ഒരമ്മയുടെ സ്ഥാനത്ത് നിന്ന് കവയത്രി പറയുന്നതിങ്ങനെയാണ് : 'കുട്ടികൾക്ക് ചൂട് പകരുന്നത് ഞാനാണ്, അവരുടെ ജീവിക്കുന്ന സ്നേഹ പ്രകാശമാണ് ഞാൻ,എല്ലാ അപകടങ്ങളിൽ നിന്നുമുള്ള അവരുടെ മറ ഞാനാണ്,മഞ്ഞും മഴയും കൊള്ളാതെ അവരെ സംരക്ഷിക്കുന്നത് ഞാനാണ്,ഞാനില്ലെങ്കിൽ അവരുടെ ജീവിതം തീർത്തും അസാധ്യം.അതുകൊണ്ട് സർവ്വേശ്വരനായ ദൈവമേ മക്കൾ വളർന്നു വലുതാകുന്നത് വരെ എന്നെ നീ തിരിച്ചു വിളിക്കരുതേ' മക്കളോടുള്ള ഏതൊരു അമ്മയുടെയും കരുതലും സ്നേഹവും അവരെക്കുറിച്ചുള്ള ആധിയുമാണ് ഓരോ വരിയിലും കാണുന്നത്.

 ഇതാണ് പ്രകൃതിയുടെ പൊതുസ്വഭാവമെന്നിരിക്കെ, ലാളനയും വാത്സല്യവും ഏറ്റ് വളരേണ്ട മുഹമ്മദ് (സ്വ) എന്ന ബാലനിൽ ഈ പ്രകൃതി നിയമങ്ങൾ തെറ്റിക്കപ്പെടുകയായിരുന്നു. സ്നേഹം നൽകേണ്ടവരും സൽഗുണങ്ങൾ പരിചയപ്പെടുത്തേണ്ടവരും ഒന്നിനു പിറകെ ഒന്നായി പരലോകം പുൽകുകയായിരുന്നു.

അവിടെയാണ് മുഹമ്മദ്‌ (സ്വ) എന്ന ബാലൻ വ്യതിരിക്തനാവുന്നത്.തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ അഥവാ മദ്യപാനവും വ്യഭിചാരവും നിരന്തരമായ അനാവശ്യ പോരാട്ടങ്ങളും സ്ത്രീകളോടുള്ള തുറന്ന അവഗണയുമെല്ലാം സാധാരണ സംഭവങ്ങളായി സാമൂഹ്യമായി ഒരു തെറ്റായി ഗണിക്കപ്പെടാത്ത കാലത്ത് അവയിൽ നിന്നെല്ലാം പൂർണമായി വെടിഞ്ഞ് നിന്ന് "അൽ അമീൻ" എന്ന് മറ്റുള്ളവരെ കൊണ്ട് വിളിപ്പിച്ച് സർവ്വാംഗീകൃതനായി നബി മാറി. ഒരർത്ഥത്തിൽ മാതാപിതാക്കളുടെ വേർപാട് അവിടുത്തെ പ്രവാചകത്വത്തിന് മാറ്റു കൂട്ടുകയായിരുന്നു. കാരണം ചെറുപ്പത്തിലേ മാതാപിതാക്കളുടെ ശിക്ഷണം പോലുമില്ലാതെ  സമൂഹത്തിൽ ഇത്രയും വലിയ  സ്ഥാനം കൈവരിക്കാൻ തങ്ങൾക്ക് സാധിച്ചെങ്കിൽ ഒരു അദൃശ്യകരം നബിയുടെ പിന്നിൽ എപ്പോഴും ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. പിൽക്കാലത്ത് നബി തങ്ങൾ കൊണ്ടുവരുന്ന വാദഗതികളെ ഏതൊരു തരത്തിലും എതിർക്കപ്പെടുന്നതിനുള്ള പഴുത് അടക്കുന്നതാണ് ദൈവികമായ ഈ നടപടി.ഒരിക്കൽ ഒരു ആത്മജ്ഞാനിയോട് ചോദിക്കപ്പെട്ടു :"എന്താണ് നബി തങ്ങൾ അനാഥനായി വളർന്നതിന്റെ യുക്തി ?" അദ്ദേഹം നൽകിയ മറുപടി ഒരാളും നബിയുടെ മേൽ അവകാശവാദം ഉന്നയിച്ചു വരാതിരിക്കാൻ വേണ്ടി എന്നതായിരുന്നു.അതിനാൽ തന്നെ അനാഥത്വം നബി തങ്ങൾക്ക് മാറ്റുകൂട്ടുകയാണ്.

 
 അല്ലാഹുവിന്റെ ഹബീബിനെ അവൻ തന്നെ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.ഓരോ പരീക്ഷണഘട്ടങ്ങളിലും അല്ലാഹു ഹബീബിനെ അവനിലേക്കടുപ്പിക്കുകയായിരുന്നു. ജനനം മുതലേ അല്ലാഹു പല അസാധാരണ സംഭവങ്ങളും തങ്ങളിൽ പ്രകടമാക്കി. പലതവണ അവിടുത്തെ ഹൃദയം പുറത്തെടുത്ത് കഴുകി ശുദ്ധിയാക്കി. ആ ഹൃദയത്തിൽ പതുക്കെ ഇലാഹിയ്യായ പ്രകാശം ഉദിക്കുകയായിരുന്നു. യുവത്വ കാലത്ത് തന്നെ ഏകാന്തത ഇഷ്ടപ്പെടുകയും ഹിറാ ഗുഹയ്ക്കുള്ളിൽ ആരാധനയുമായി കഴിഞ്ഞു കൂടുകയും ചെയ്തു.ഒരുപക്ഷേ മാതാപിതാക്കൾ ഉള്ള കാലത്താണിതെങ്കിൽ ഇത് ഒരു പരിധിവരെ അസാധ്യമാകുമായിരുന്നു.

 അത്താണിയറ്റ് പോയാൽ നബി തങ്ങൾ അനാഥനാവുന്നതും ആ അനാഥ അരക്ഷിത കാലത്തും തങ്ങൾക്ക് അല്ലാഹു കാവൽ നൽകിയതും ഏറ്റെടുത്തതും ഹൃദയഹാരിയായി വൈകാരികമായി ഖുർആൻ അവതരിപ്പിക്കുന്നുണ്ട്.ഒരിക്കൽ നബി തങ്ങൾ ദിവ്യ വെളിപാടുകൾ നിലച്ചു നിരാശനായ സമയം അല്ലാഹു തആല പെട്ടെന്ന് അവതരിപ്പിച്ച സൂറത്ത് മേൽ പരാമർശിത യാഥാർത്ഥ്യങ്ങളെ സത്യവൽക്കരിക്കുന്നതാണ്. "നബിയെ അങ്ങയെ അല്ലാഹു കയ്യൊഴിഞ്ഞതോ വെറുത്തതോ അല്ല" (ളുഹാ-3) "നിങ്ങളെ അവൻ യത്തീമാക്കി അവൻ തന്നെ അഭയം നൽകുകയും ചെയ്തു യഥാർത്ഥ മാർഗത്തിൽ അല്ലാതെ അങ്ങയെ അവൻ കണ്ടു അന്നേരം അവൻ അങ്ങയെ സന്മാർഗത്തിൽ ആക്കുകയും ചെയ്തു ". (ളുഹാ-6,7) കേവലം യാദൃശ്ചികതയായിരുന്നില്ല അവിടുത്തെ അനാഥത്വം എന്ന് വ്യക്തം. സ്നേഹിതനിലേക്കടുപ്പിക്കുന്നതിനുള്ള മുൻ തീരുമാനങ്ങളായിരുന്നു അവയെന്നും വ്യക്തം.

 അഭൗതികവും അനിർവ്വചനീയവുമായ ദൈവിക സ്നേഹ വലയത്തിൽ പുണ്യനബി ലയിച്ചിരുന്നെങ്കിലും പലപ്പോഴും മാതൃസ്മരണകൾ അവിടുത്തെ ഖിന്നനാക്കിയിരുന്നു.പലപ്പോഴായി അവരെ പരാമർശിക്കുകയും ചെയ്തിരുന്നു. അവസാനമായി തങ്ങളെ മാറോട് ചേർത്ത് പിടിച്ച് പൊന്നുമ്മ പറഞ്ഞ വാക്കുകൾ ഒരിക്കലും മറന്നിട്ടില്ല എന്നും തങ്ങൾ വികാരവായ്‌പോടെ സ്വഹാബത്തിനോട് പറയാറുണ്ടായിരുന്നു.

സത്യത്തിൽ എവിടെയാണ് ആ ജീവിതത്തിൽ ഒരു ന്യൂനത ഒരാൾക്ക് കാണാൻ കഴിയുക. സമ്പൂർണ്ണമാണെന്നതിനപ്പുറം അഭൗതികമായ ദൈവികേച്ഛക്കനുസൃതമായിരുന്നു ആ ജീവിതത്തിന്റെ ഒഴുക്ക് .പരീക്ഷണ പർവ്വങ്ങളേറിയ ആ സംഭവബഹുലമായ ജീവിതത്തിന്റെ ഏതാനും അധ്യായങ്ങൾ മാത്രമേ വിമർശകർ കാണാറുള്ളൂ. ആ ജീവിതത്തിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ.

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...