✍️ ഹാഫിള് ശഫീഖ് എടയാറ്റൂർ
പൂർണത ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്.തികവിൻ്റെയും മികവിൻ്റെയും അടയാളമായ പതിനാലാം രാവിലെ പൗർണ്ണമി പോലും കവിതകളിലെ നിത്യവസന്തമായത് മറ്റൊന്നിൻ്റെയും പേരിലല്ലല്ലോ. പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിക്ക് നിദാനമായ ഒളിവിനെ ദർശിച്ച പശ്ചാത്താപ ഹൃത്ത്യനായ ആദമിൻ്റെ കണ്ണുകളിൽ ഉടക്കിയ പ്രഭാവലയം മറ്റൊന്നുമായിരുന്നില്ല പ്രവാചകനിലെ പൂർണത തന്നെയായിരുന്നു.പ്രപഞ്ചോൽപ്പത്തി മുതൽ പ്രപഞ്ചത്തിൻ്റെ താളമായിരുന്നു അവിടുത്തെ പ്രകീർത്തനങ്ങൾ. അവിടുത്തെ തിരുപ്രഭയിൽ കിളിർത്തു മുളച്ച വൃക്ഷലതാദികൾക്കും അവയിൽ കൂടുവെച്ച പക്ഷികൾക്കും എങ്ങനെ അവിടുത്തെ റഹ്മമത്തിനെ ഓർക്കാതിരിക്കാനാകും. കിഴക്കൻ കാറ്റിന് അവിടുത്തെ ഖിദ്മത്തിന് ഊഴം ലഭിച്ചത് വർഷങ്ങളോളം തിരുസാന്നിധ്യത്തെ ഹൃദയത്തിൽ തഴുകി തലോടിയ ബുറാഖിന്നും സൗറിലെ സർപ്പത്തിനും ശേഷമായിരുന്നു.
സിമ്പോസിയങ്ങളിലും സെമിനാറുകളിലും മതസൈദ്ധാന്തിക ചർച്ചകളിലും മാത്രം സ്മരിക്കപ്പെടുന്ന ചരിത്ര പുരുഷന്മാരിലല്ല പ്രവാചകൻ. നിത്യം പ്രകൃതിയുടെ സമയക്രമങ്ങളുടെ ചാക്രിക താളമാണ് മുഹമ്മദ് നബി (സ്വ). എല്ലാ രാജ്യങ്ങളിലും മുസ്ലിം പള്ളിയുള്ളതിനാൽ ഇടമുറിയാതെ ആറാം നൂറ്റാണ്ടിലെ പ്രവാചകൻ വാഴ്ത്തപ്പെടുന്നു. പലപ്പോഴും അവിടുത്തെ പേര് കേട്ടാണ് നാം ഉണരുക. ഈ പേര് കേട്ട് കൊണ്ടാണ് നാം അന്തി ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. പകലന്തിയോളം പണിയെടുത്ത് ജോലി കഴിഞ്ഞ് കുളിച്ച് ഫ്രഷായി സന്ധ്യ ആസ്വദിക്കുമ്പോഴും ആ പേര് കാതിലെത്തുന്നു.നട്ടുച്ചക്കും ജീവിത വ്യവഹാരങ്ങളിൽ നിമഗ്നനായിരിക്കുമ്പോഴും ഈ നാമം കേൾക്കാതിരിക്കാനാകുന്നില്ല.കോളേജുകളും കടകളും ഓഫീസുകളും കലാലയങ്ങളും അടക്കാൻ നേരത്തും ആ ചരിത്രപുരുഷന്റെ ഓർമ്മയെ വിളിച്ചുകൂട്ടി കൊണ്ടാണ് ഓരോ ദിവസവും വന്നെത്തുന്നത്.ചുരുക്കത്തിൽ ഓരോരുത്തരിലും വ്യത്യസ്തമായ ഭാവനകളാൽ ആറാം നൂറ്റാണ്ടും പ്രവാചകനും സജീവമാണ്. "അറിയുക തീർച്ചയായും നിങ്ങളിൽ അല്ലാഹുവിന്റെ ദൂതനുണ്ട്" (വി:ഖു 49-7).
ആറാം നൂറ്റാണ്ടിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വേദങ്ങൾ വിളിച്ചാർക്കുകയും വാഴ്ത്തുകയും വിശ്വാസി ഹൃത്തടങ്ങിൽ കോരിയിടുകയും ചെയ്ത വചനപ്പൊരുളുകൾ ലോകശ്രദ്ധയെ ഹിജാസിലേക്ക് മാടിവിളിക്കുന്നതായിരുന്നു.
ഇദം ജനാ ഉപശ്രുത നരാംശംസ സ്തവിഷ്യതേ
ഷഷ്ടിം,സഹസ്രാനവതിം ചകൗരമ അരുഷവേഷ്ഠ ഭദ്മഹേ
ഉഷ്ടാ യസ്യ പ്രവാഹിണോ വധൂ ദ്വിർ ദശ
വർഷ്മാ രഥസ്യാനി ജിഹീഡരോ ദിവ ഈ ഷമാണോ ഉപാസ്പൃശ:
ഏഷാ ഋഷയേ മാമഹേ ശതം നിഷ്കാൻ ദശ സ്രജ
ത്രീഞി ശതാനർവ്വതാം സഹസ്രാദശ ഗോനാം
(അഥർവേദം വിംശകാണ്ഡം സൂക്തം 27,ശ്ലോകം 1,2,3)
അനസ വന്താ സൽ ബതിർ മാമഹേ
മേതവാ ശേതിഷ്ഷഠോ
അസുരോപഗോണ
തിറൈ വിഷനോ അഗോത ശാപി
സഹസ് നറർ വൈശ്വാനര
തിറൈയും ഗുണാ ഋഷി കേത
(ഋഗ്വേദ മന്ത്രം 5,സൂക്തം 20)
"സൽഗുണസമ്പന്നനും ഉന്നതനും ശക്തനുമായ മാമഹേ എനിക്ക് നൽകണേ, പൂർണ്ണതയുടെ സ്വരൂപവും ലോകാനുഗ്രഹിയുമാണവിടുന്ന്, പതിനായിരങ്ങളാൽ കീർത്തിക്കപ്പെട്ടവനാണ്."
ഏത സ്മിന്നന്തരേ മ്ലേച്ഛ ആചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാത: ശിഷ്യ ശാഖാ സമന്വിതം
(ഭവിപ്യൽ പുരാണം,പ്രതിസർഗ പർവ്വം)
പ്രവാചകാനുയായികളുടെ വിവരണങ്ങൾക്കൂടി വിവരിക്കുന്ന വേദവാക്യങ്ങൾ 6 CC ലോകം എത്രമാത്രം പരിചിതമായിരുന്നു എന്നുള്ളതിലേക്ക് വെളിച്ചം പരത്തുന്ന യാഥാർത്ഥ്യമാണ്.
"മുൻ വേദക്കാർക്ക് സ്വമാനസപുത്രന്മാരെ അറിയുന്നപോലെ ഇൻസാനുൽ കാമിലിനെ അറിയുമായിരുന്നു" (വി:ഖു).
ലിംഗഛേദി ശിഖാഹീന: ശ്മശ്രുധാരി സദുഷക
ഉച്ചാലപീ സർവ്വഭക്ഷീ ഭവിഷ്യതി ജനമോ
വിനീകുശലം ച വശസതോ ഷാം ഭക്ഷയാ മതാമാ
മുസലേനൈവ സംസ്കാരം കുശൈരി ഭവിഷ്യതി
തസ്മാൻ മുസല വന്തോഹി ജാതയോ ധർമ്മ ഭൂഷകാ
ഇതി പൈശാച ദർമ്മശ്വ ഭവിഷ്യതി മയാകൃത:
" അവിടുത്തെ അനുചരർ ചേലാകർമ്മം ചെയ്യും, അവർ കുടുമ വെക്കുകയില്ല,താടി നീട്ടി വളർത്തും, അവർ വിപ്ലവവീര്യമുള്ളവരും ലോകരോട് ഉച്ചത്തിൽ ദൈവസ്ത്രോത്തങ്ങൾ ഉദ്ഘോഷിക്കുന്നവരുമായിരിക്കും.അവർ പന്നിമാംസം ഭുജിക്കില്ല.ദർഭക്ക് പകരം സമരം ചെയ്ത് അവർ പരിശുദ്ധരാകും, മതവൈരികളോട് യുദ്ധം ചെയ്യുന്നതിനാൽ മുസലേനൈവർ എന്നവർ വിളിക്കപ്പെടും".
വേദസൂക്ത പാരമ്പര്യങ്ങളിൽ വർണ്ണനകളാൽ സവിശേഷ സ്ഥാനമലങ്കരിച്ച ഇൻസാനുൽ കാമിലിനെയും 6 CC ലോകത്തെയും തുടർന്നുവന്ന വേദങ്ങളും ചിത്രീകരിക്കുന്നതായി കാണാം.
"ഇതാ ഞാൻ താങ്ങുന്ന എന്റെ ദാസൻ
എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ
എന്റെ ഉള്ളം അയാളിൽ പ്രസാദിച്ചിരിക്കുന്നു
അയാൾ ജനങ്ങളുടെ മേൽ നീതി നടത്തും
അയാൾ നിലവിളിക്കയില്ല സ്വരമുയർത്തുകയുമില്ല
തെരുവിൽ തന്റെ സ്വരം കേൾപ്പിക്കുകയുമില്ല
അയാൾ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല
കരിന്തിരിമ്പ് കെടുത്തുകയില്ല
അയാൾ വിശ്വസ്തതാ പൂർവ്വം നീതി നടത്തും
അയാൾ ഭൂമിയിൽ നീതി സ്ഥാപിക്കുന്നത് വരെ
പരാജയപ്പെടുകയില്ല ദ്വീപുകൾ അയാളുടെ
നിയമത്തിനു വേണ്ടി കാത്തിരിക്കുന്നു.
(യെശയ്യാ:42:41-44)
ഉദിക്കാനിരിക്കുന്ന പൗർണമിയെക്കുറിച്ച് സങ്കീർത്തന പുസ്തകം വാചാലമാകുന്നത് ഇപ്രകാരമാണ്;
അയാളുടെ നാമം എന്നെന്നും നിലനിൽക്കട്ടെ
സൂര്യനുള്ള കാലത്തോളം അയാളുടെ കീർത്തി ഉണ്ടായിരിക്കട്ടെ
സർവ്വ ജനതയും അയാൾ വഴി അനുഗ്രഹീതരാകും
അവർ അയാളെ അനുഗ്രഹീതൻ എന്ന് വിളിക്കും.
(സങ്കീർത്തനം 72/17)
ആറാം നൂറ്റാണ്ടിന്റെ സാമൂഹിക പശ്ചാത്തലങ്ങൾ കോറിയിട്ടവർ ഇൻസാനുൽ കാമിലിന്റെ ശരീര വർണ്ണനകൾ കൂടി വ്യക്തമാക്കിയിട്ടാണ് കടന്നുപോയത്.
എന്റെ പ്രിയ തേജസ്വി രക്ത വർണ്ണൻ,പതിനായിരങ്ങളിലെ മികവുറ്റവൻ, ശിരസ്സോ തനിത്തങ്കം,തലമുടി പനങ്കുലപോലെ, അതിന്നോ കാക്കക്കറുപ്പ്, കണ്ണുകൾ അരുവികൾക്കിടയിലെ അരിപ്രാവുകൾ, ഭന്തങ്ങൾ പാലിൽ ഭംഗിയായി ഉറപ്പിച്ചിരിക്കുന്നു. കവിൾ തടങ്ങൾ പരിമളം ചൊരിയുന്ന സുഗന്ധ തടങ്ങൾ പോലെ,ഇമ്പമൂറുന്ന സംസാരം, ജറുംശലോം നിവാസികളെ ഇതാണെന്റെ പ്രിയതമൻ.
(ഉത്തമശീനം 5:10 - 16)
വിടവാങ്ങൽ പ്രസംഗമെന്നോണം പ്രവാചക ദീപശിഖ കൈമാറുന്ന മാത്രയിൽ ഈസാ പ്രവാചകൻ ആറാം നൂറ്റാണ്ടിലേക്ക് നടന്നടുക്കുന്നു.
"ഞാനിപ്പോ പോകുന്നത് നിങ്ങളുടെ നന്മയ്ക്കാണ്. ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളിൽ വന്ന് ചേരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാൻ അയക്കും.അവൻ വരുമ്പോൾ പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ ബോധ്യപ്പെടുത്തും".
ആഗതനാകാനിരിക്കുന്ന ദൂതന്റെ ഛായാചിത്രം പോലും വരച്ചുവച്ച ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ജുബൈറുബ്നു മുത്വഹും പ്രവാചക നിയോഗവാർത്ത ലോകമെങ്ങും കാട്ടുതീ പോലെ പടർന്നു പിടിക്കുന്ന വേളയിൽ സിറിയ (ശാം) യിൽ എത്തിച്ചേർന്നു. ബസറയിൽ വെച്ച് ചില ക്രിസ്ത്യാനികൾ അദ്ദേഹത്തോട് ഹറം കാരനാണോ എന്ന് തിരക്കി. അതെ എന്ന് മറുപടി കേൾക്കേണ്ട താമസം അദ്ദേഹത്തെ അവരുടെ മഠത്തിലേക്ക് ആനയിക്കുകയും അവിടെയുള്ള ധാരാളം രൂപങ്ങളും ചിത്രങ്ങളും കാണിച്ചുകൊണ്ട് ഇതിൽ നിയുക്തനായ പ്രവാചകൻ ഉണ്ടോ എന്ന് ചോദിച്ചു.അദ്ദേഹത്തിന് അതിലൊന്നും പ്രവാചക രൂപം ദർശിക്കാനായില്ല.തുടർന്ന് അവർ അദ്ദേഹത്തെ വലിയ മഠത്തിലേക്ക് കൊണ്ടുപോയി. അവിടെ അതാ അത്ഭുതം, പ്രവാചകന്റെയും സന്തതസഹചാരി അബൂബക്കറി (റ) ൻ്റെയും ചിത്രം ഉണ്ടായിരുന്നു അതിൽ.
(ദലാഇലുന്നുബവ്വ 1/384)
നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും സുന്ദരമായ തപസ്യയിലൂടെ നെയ്തെടുത്ത പൂർണ്ണതയുടെ സ്വരൂപമായിരുന്നു പ്രവാചകന്‍.അവിടുത്തെ പ്രവാചകത്വത്തിന് മംഗളമോതാൻ മനുഷ്യേതര ജീവികൾ പോലും അണിനിരന്നത് ചരിത്രത്തിലെ സുന്ദര നിമിഷങ്ങളാണ്.വടവൃക്ഷങ്ങൾ വേരോടെ നടന്നുവന്ന് തിരുമുമ്പിൽ വണങ്ങിയതും പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങായി ചീറിയടിച്ച കിഴക്കൻ കാറ്റും പ്രവാചക ജീവിതത്തിന് നിറം പകർന്ന മനുഷ്യേതര സാന്നിധ്യങ്ങളാണ്. "മനുഷ്യന്റെ" ഗന്ധം നഷ്ടപ്പെടുമെന്നോർത്ത് കരഞ്ഞ ഈന്തപ്പനത്തടിയുടെ തേങ്ങലുകൾക്ക് സമാധാനത്തിന്റെ സ്നേഹ ഹർഷം ചൊരിഞ്ഞ ഇൻസാനുൽ കാമിലിനെ കണ്ടെത്താനായിരിക്കാം കാലം ഡയോജനീസിൻ്റെ വിളക്കുകളുമേന്തി ഇന്നും ആറാം നൂറ്റാണ്ടിലെ ഹിറക്ക് ചുറ്റും അലയുന്നത്.
(6CCW = 6th Century Centric World)
Comments
Post a Comment