✍️ ഷബീർ പടിഞ്ഞാറ്റുംമുറി
മാനവരാശിയെ സന്മാർഗത്തിലേക്ക് നയിക്കാൻ പ്രപഞ്ച നാഥൻ നിയോഗിച്ച ഒന്നേകാൽ ലക്ഷത്തോളം വരുന്ന പ്രവാചകരിൽ അവസാനത്തെ വ്യക്തിത്വമാണ് മുഹമ്മദ് നബി (സ്വ). സർവ്വലോകർക്കും കാരുണ്യം എന്നാണ് മുഹമ്മദ് നബിയെ ഖുർആൻ പരിചയപ്പെടുത്തുന്നത്. ആ കാരുണ്യം പുൽകാൻ ലോകർക്ക് സാധ്യമായത് പവിത്രമായ റബീഉൽ അവ്വൽ മാസത്തിലാണ്.സത്യത്തെയും ധർമ്മത്തെയും തുറങ്കിലടച്ച് പണവും കയ്യൂക്കും ഉണ്ടെങ്കിൽ മാത്രം ജീവിക്കാനുതകുന്ന കാലം,ഗോത്രങ്ങളുടെ കലുഷിതമായ കലഹത്തിന്റെ കാലം, നിണയൊഴുക്കി പുഴ പണിഞ്ഞിരുന്ന കാലം, പെൺമക്കൾ ജനിക്കുന്നത് അപമാനമായി വിശ്വസിച്ചിരുന്ന കാലം, പ്രമാണിമാരുടെ ഉന്നമനത്തിനായി ബഹുഭൂരിഭാഗം മനുഷ്യരും നരകയാതനകൾ അനുഭവിച്ചിരുന്ന കാലം, ഈ ദുഷ്ചെയ്തികളിൽ നിന്നും ലോകത്തെ കരകയറ്റാനും അഞ്ജതിയിലാണ്ടുപോയ ജനവിഭാഗത്തെ സൽ പാന്താവിലേക്ക് വഴി തെളിയിക്കാനും ഒരു മാർഗ്ഗദർശി അനിവാര്യമായിരുന്നു. അങ്ങനെയാണ് പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധന പ്രചരണത്തിനായി മുഹമ്മദ് നബി (സ്വ) യെ സൃഷ്ടാവ് തെരഞ്ഞെടുക്കുന്നത്.
സർവ്വ മേഖലകളിലും മാതൃകാപുരുഷനായ പ്രവാചകന്റെ പിറവിക്ക് മുൻപേ ഒരുപാട് അത്ഭുതങ്ങൾക്ക് മാതാവ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദൈവികമായ കരുതൽ നബിയുടെ കൂടെയുള്ളവർക്ക് നിത്യം അനുഭവപ്പെട്ടിരുന്നു .മകന്റെ വേർപാടിൽ സങ്കടക്കടലിലായിരുന്ന അബ്ദുൽ മുത്തലിബിന് ആ മകന്റെ തന്നെ സന്താനത്തെ പരിപാലിക്കാനായതിനാൽ അൽപ്പമൊരാശ്വാസം ലഭിച്ചു. ശേഷം പിതൃസഹോദരന്റെ പരിപാലന തണലിലും നബി (സ്വ) തങ്ങൾ വളർന്നു .യുവാവായപ്പോൾ നബിയും വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടു .ജീവിതത്തിൽ സദാ സത്യസന്ധത കാത്തുസൂക്ഷിച്ച ആ യുവകോമളനിൽ ജനങ്ങളെല്ലാം ആകൃഷ്ടരായി. നബിയുടെ സ്വഭാവ മഹിമ കേട്ടറിഞ്ഞ ഖുറൈശി കച്ചവട വനിത ഖദീജ (റ) പ്രവാചകനെ ആദ്യം അവരുടെ ശമ്പളക്കാരനാക്കുകയും പിന്നീട് അവരുടെ ജീവിതപങ്കാളിയാക്കുകയും ചെയ്തു. അനന്തമായ ആത്മീയ ചൈതന്യം ഉയർത്തിപ്പിടിച്ചായിരുന്നു പ്രവാചകന്റെ ദാമ്പത്യ ജീവിതം. അതി വിശിഷ്ടമായ പ്രവാചകത്വ പദവി ലഭിക്കാൻ സമയം അടുത്ത് വരുംതോറും ആ സൽസ്വഭാവത്തിനും സ്വഭാവ മഹിമയിലും മാറ്റം കൂടിക്കൂടി വന്നു. പാപമാലിന്യങ്ങളിൽ നിന്നും ദുർവാസനകളിൽ നിന്നും അകന്ന സ്വഭാവ ഗുണവുമായി നബി (സ്വ) അതിന്റെ പരിപൂർണ്ണ ദശയിലെത്തി. വയസ്സ് നാല്പതോടടുക്കും തോറും പ്രവാചകന് ഐഹിക ജീവിതത്തിന്റെ തൃഷ്ണയറ്റു. കച്ചവട താൽപര്യം കുറഞ്ഞ് സമ്പത്തിനെ വെറുത്തു .വഴിവിട്ട ജീവിതരീതികളിൽ ആർമാദിച്ചിരുന്ന ജാഹിലിയ്യാക്കളിൽ നിന്നും അകന്ന് ഏകാന്തതയിലിരിക്കാൻ പ്രവാചകന് അമിതമായ ഒരാഗ്രഹം വന്നുചേർന്നു. ഉൽഘടമായ ആഗ്രഹത്തിന് സഹധർമ്മിണി എതിര് പറഞ്ഞിരുന്നില്ല. ആ കാലത്ത് അറബികൾക്ക് ഒരു സമ്പ്രദായം ഉണ്ടായിരുന്നു,അധ്യാത്മ ചിന്തയുള്ളവർ വർഷത്തിൽ ഒരു നിശ്ചിതകാലം ഏകാന്ത ധ്യാനത്തിൽ ഏർപ്പെടും. അജ്ഞാതമായ എന്തോ ഒന്ന് തന്റെ ഹൃദയം അന്വേഷിക്കുന്നു എന്ന് ചിന്തിച്ച് പ്രവാചകനും ഈ മാർഗം സ്വീകരിക്കാൻ തയ്യാറായി. മക്കയിൽ നിന്നും ഏകദേശം രണ്ടുമൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജബലുന്നൂർ പർവ്വതത്തിലെ ഹിറാ ഗുഹയാണ് നബി ധ്യാനത്തിനായി തെരഞ്ഞെടുക്കുന്നത്. ഭക്ഷണ സാധനങ്ങൾ കുറെ ദിവസത്തേക്ക് കൊണ്ടുപോകാറാണ് അധ്യാത്മിക ചിന്തകരുടെ പതിവ് .ഏകാന്ത വാസത്തിൽ ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണം തീർന്നു പോയാൽ വീട്ടിൽ വന്നെടുത്തു കൊണ്ടുപോകുകയോ സഹധർമ്മിണി എത്തിച്ചു കൊടുക്കുകയോ ചെയ്തിരുന്നു.
അനീതിയുടെയും അധർമ്മത്തിന്റെയും അന്ധകാരങ്ങളോട് അനിർവ്വചനീയമായ വെറുപ്പ് ഉൾക്കൊണ്ട് ഈ പ്രപഞ്ച യന്ത്രത്തിന്റെ കറക്കത്തെപ്പറ്റിയും അതിന്റെ ശില്പിയെപ്പറ്റിയും ചിന്തിക്കുകയായിരുന്നു ജബലുന്നൂർ മലമടക്കുകളിൽ പ്രവാചകൻ. ദിവസങ്ങളോളം ധ്യാനനിരതനായിരുന്ന പ്രവാചകന്റെ ഹൃദയം ദിവ്യകാരുണ്യത്താൽ പ്രശോഭിതമായി .കാണുന്ന സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകാൻ തുടങ്ങി. പ്രവാചകന്റെ ഹൃദയത്തെ അലട്ടിക്കൊണ്ടിരുന്ന അപൂർവ്വമായ അസ്വസ്ഥതയ്ക്ക് ശാന്തി പകരാൻ ഒടുവിൽ ജിബ്രീൽ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് അരുളി : " വായിക്കുക" ഇതാണ് പരിശുദ്ധ ഖുർആനിൽ നിന്ന് അവതരിച്ച ആദ്യത്തെ വാക്ക് . നിരക്ഷനായ പ്രവാചകൻ എന്ത് വായിക്കാൻ ? പ്രവാചകർ പറഞ്ഞു:" ഞാൻ വായിക്കാൻ പഠിച്ചിട്ടില്ല" "വായിക്കുക " മലക്ക് ആവർത്തിച്ചു രണ്ടാമതും മൂന്നാമതും. എന്താണ് വായിക്കേണ്ടത് നബി ചോദിച്ചു. "നിന്നെ പടച്ച റബ്ബിന്റെ നാമത്തിൽ വായിക്കുക. അവൻ മനുഷ്യനെ ചോരക്കട്ടയിൽ നിന്നും സൃഷ്ടിച്ചു. വായിക്കുക, നിന്റെ റബ്ബ് അത്യുദാരനത്രെ. പേന കൊണ്ട് പഠിപ്പിച്ചവൻ,മനുഷ്യന്ന് അജ്ഞാതമായ കാര്യങ്ങൾ പഠിപ്പിച്ചവൻ." (വി.ഖു)
ക്രി : 610 ഫെബ്രുവരി മാസത്തിൽ റമദാൻ 17 നാണ് ഈ വെളിപാടുണ്ടായത്. ഭയചകിതനായ നബി (സ്വ) വീട്ടിലേക്ക് ദൃതി കൂട്ടി. ജിബ് രീൽ അണച്ചുപിടിച്ച ശരീരത്തിന്റെ വിറയൽ അതി ശക്തമായിരുന്നു.സന്ദിഗ്ദതയുടെ അനല്പമായ നിഴലുകൾ.വീട്ടിലെത്തിയ നബി (സ്വ) വിളിച്ചുപറഞ്ഞു : "സമ്മിലൂനീ...
സമ്മിലൂനീ..." ( എന്നെ പുതപ്പിക്കൂ )
ആശങ്കകൾക്കും ആശ്വാസപ്പെടുത്തലുകൾക്കുമൊടുവിൽ ഖദീജ ബീവി നബിയെയും കൂട്ടി തന്റെ പിതൃവ്യപുത്രൻ വറഖത്ത് ബ്നു നൗഫലിനെ സമീപിച്ചു.തൗറാത്തും ഇഞ്ചീലും പഠിച്ച വൃദ്ധനായിരുന്നു അദ്ദേഹം. വിവരങ്ങൾ കേട്ടറിഞ്ഞ വറഖത്ത് നബി (സ്വ) കണ്ടത് മൂസാ നബിയിലേക്ക് വരാറുണ്ടായിരുന്ന നാമൂസിനെയാണെന്നും പ്രവാചകത്വമെന്ന മഹാ ദൗത്യത്തിന്റെ കാൽവെപ്പുകളാണ് തൊട്ടുമുൻപ് സംഭവിച്ചതെന്നും പിൽക്കാലത്ത് ഇതിന്റെ പേരിൽ ബന്ധുക്കളെല്ലാം നബി (സ്വ) യെ ഉപേക്ഷിക്കുമ്പോൾ താൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ പ്രവാചകനെ അനുഗമിക്കുമെന്നും ഖദീജ ബീവിയെ തെര്യപ്പെടുത്തി.
പിന്നീട് 40 ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത വെളിപാട് സംഭവിക്കുന്നത്." ഓ,പുതച്ച്മൂടി കിടക്കുന്നവനേ ! എഴുന്നേൽക്കൂ...ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകൂ,നിന്റെ റബ്ബിന്റെ മഹത്വം വാഴ്ത്തുക,വസ്ത്രം ശുചീകരിക്കുക, മ്ലേച്ഛതകൾ ദൂരീകരിക്കുക,കൂടുതൽ തിരിച്ചുകിട്ടാൻ വേണ്ടി ദാനം ചെയ്യാതിരിക്കുക, നിന്റെ റബ്ബിന് വേണ്ടി സഹിഷ്ണുത പാലിക്കുക " (വി.ഖു)
ചുരുക്കത്തിൽ, ഹിറയിലെ ധ്യാനം അനാദിയായ വെളിപ്പെടലുകളുടെ ഊർജ്ജസ്രോതസ്സായിരുന്നു. ഹിറയിലിരുന്ന് കഅ്ബയുടെ കറുപ്പിലേക്ക് കണ്ണയച്ച് ഏകനായ ഇലാഹിനെ മാത്രമോർത്ത് നിശ്വസിച്ച നിമിഷങ്ങളിലോരോന്നും അനുരൂപമായ ഒരു ദൗത്യ നിർവഹണത്തിലേക്ക് പ്രവാചകൻ (സ്വ) നടന്നടുക്കുകയായിരുന്നു. ഏകാന്തതയിൽ വളർച്ച പ്രാപിക്കുന്ന ദിവ്യാനുരാഗത്തിന്റെ ഓരോ അടരും അനന്തമായ മധുരമാണ് സമ്മാനിക്കുന്നത്.
Comments
Post a Comment