✍️ അലാവുദ്ധീൻ മമ്പാട്
1
അങ്ങയെക്കുറിച്ചെഴുതാൻ ഞാൻ പേനയെടുത്തു.. വെളിച്ചം വരച്ച് വെയ്ക്കാൻ എന്നെക്കൊണ്ടാവില്ലെന്ന് പേന.
കരുണയുടെ നിറവും ഭാഷയും ഇത് വരെ പഠിച്ചു തീർന്നിട്ടില്ലത്രെ...
2
അങ്ങ് നിറഞ്ഞ വഴികളിൽ ഞാൻ കാരുണ്യം കണ്ടു. നിന്ന ഭൂമികളിലും, ഇരുന്ന സത്രങ്ങളിലും, പറഞ്ഞ വാക്കുകളിലും കണ്ടു. അങ്ങയെ മാത്രം കണ്ടില്ലെന്ന് മദീനയിൽ നിന്ന് ധ്യാനം കഴിഞ്ഞെത്തിയ മെലിഞ്ഞ വെയിൽ കീറിനോടും മേഘത്തോടും ഞാൻ വിലപിച്ചു.
നീ കണ്ട കാരുണ്യങ്ങളൊക്കെയും പ്രവാചകനല്ലയോ എന്നവരാശ്വസിപ്പിച്ചു.
3
കണ്ണുകളടച്ചു പിടിച്ച് മദീനയിലേക്ക് നോക്കുക. അക്ഷരങ്ങൾക്കതീതനായ ഒരു നിരക്ഷരനെ, പ്രാവുകൾ വരച്ച് വെയ്ക്കുന്നത് കാണാം. കാരുണ്യത്തിലലിഞ്ഞില്ലാതായി മാറിയ, ശത കോടി രാവുകളും പകലുകളും കൂടിയിരുന്ന് സ്വലാത്ത് ചൊല്ലുന്നത് കാണാം.
കരുണ നിറഞ്ഞിടത്ത് ഇറങ്ങി നിൽക്കാനിടമില്ലാതെ വ്യസനിക്കുന്ന മേഘങ്ങൾ, അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത് കാണാം.
Comments
Post a Comment