✍️ ആദിൽ നിലമ്പൂർ
മാനവ ജീവിതത്തെ മാറ്റിമറിച്ച നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് മദീന മുനവ്വറ .വിശ്വാസ സംരക്ഷണാർത്ഥം മക്കയിൽ നിന്ന് പലായനം ചെയ്ത പ്രവാചകനെയും അനുചരന്മാരെയും നെഞ്ചേറ്റിയ മണ്ണ്,സമരത്തിന്റെയും ജീവിത സമർപ്പണത്തിന്റെയും ഉജ്ജ്വല മാതൃകകൾ കോറിയിട്ട ദേശം, ഇസ്ലാമിക ജീവിത ക്രമം സമ്പൂർണ്ണ രൂപത്തിൽ ലോകസമക്ഷം സമർപ്പിക്കപ്പെട്ട ഭൂപ്രദേശം, പ്രവാചകന്റെയും ഖലീഫമാരായ അബൂബക്കർ (റ) ,ഉമർ (റ) ,ഉസ്മാൻ (റ) തുടങ്ങിയവരുടെയും അത്യുജ്ജല ഖിലാഫത്തിന്റെ ആസ്ഥാനം .സർവോപരി പുണ്യ പ്രവാചകൻ തിരുമേനി നിലകൊള്ളുന്ന പുണ്യ ഗേഹം.ഇസ്ലാമിന്റെ സമ്പൂർണ്ണ ജീവിതക്രമം പ്രായോഗിക രൂപത്തിൽ അന്ത്യപ്രവാചകൻ മുഹമ്മദും (സ്വ) അനുയായികളും ലോകത്തിന് സമർപ്പിച്ച മണ്ണാണ് മദീനയുടെ മണ്ണ്. ശരീഅത്ത് നിയമങ്ങൾ ഉൾക്കൊള്ളുന്ന പരിശുദ്ധ ഖുർആനിലെ എല്ലാ വലിയ അധ്യായങ്ങളും കുളിർമഴയായി പെയ്തിറങ്ങിയ വിശുദ്ധ ദേശവും മദീനയാണ്. നീളുന്നു മദീനയുടെ സുന്ദര വിശേഷണങ്ങൾ. പ്രവാചകനെപ്പോലെ പ്രവാചക നഗരിയും വർണ്ണനങ്ങൾക്കതീതമാണ് .വികാസത്തിന്റെയും വളർച്ചയുടെയും ചരിത്ര മുഹൂർത്തങ്ങളെക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് മദീന. യസ്രിബിൽ നിന്ന് മദീനത്തുന്നബവിയിലേക്കുള്ള വളർച്ചയും യാത്രയും ഇതിനെ വ്യക്തമായി അടയാളപ്പെടുത്തുന്നതാകണം .പ്രവാചക ആഗമനത്തിന് ശേഷം ഉണ്ടായ സാമൂഹിക സാംസ്കാരിക സാമ്പത്തിക സാക്ഷര രാഷ്ട്രീയ വളർച്ചകളാണ് യസ് രിബിനെ മദീനയായി അറേബ്യൻ ഉപ ഭൂഖണ്ഡത്തിൽ തലയുയർത്തി നിലകൊള്ളാൻ പ്രേരിപ്പിച്ചത്.
പ്രവാചകന്റെയും അനുയായികളുടെയും ഹിജ്റയോടെയാണ് മദീനയിൽ ഇസ്ലാമിന്റെ അരുണോദയത്തിന് തുടക്കം കുറിക്കുന്നത് .മക്കയിൽ ശത്രുക്കളുടെ കൊടിയ പീഡനം സഹിക്കവയ്യാതെ നബിയും സ്വഹാബികളും മദീനയിലേക്ക് നടത്തിയ ഒളിച്ചോട്ടമല്ല ഹിജ്റ. പ്രത്യുത ഇസ്ലാമിനെ വളർത്താൻ മക്കയെക്കാളും അനുയോജ്യമായ മണ്ണ് മദീനയാണെന്ന് അള്ളാഹു അറിയിച്ചതിനെ തുടർന്ന് സംഭവിച്ച ഐതിഹാസികവും ആസൂത്രണ പൂർവ്വവുമായ കാൽവെപ്പായിരുന്നുവത്.
ഹിജ്റയുടെ അരങ്ങേറ്റം മദീനയിൽ ഇസ്ലാമിക ഫലഭൂഷ്ടതക്ക് കളമുരുക്കി. മക്കാ നിവാസികളെക്കാൾ ഇസ്ലാം പുൽകാൻ ഹൃദയം പാകപ്പെട്ട വരായിരുന്നു മദീന നിവാസികളെന്നതാണ് ഇതിന്റെ മുഖ്യ ഹേതു. ഇസ്ലാമിന്റെ വളർച്ചയ്ക്കൊപ്പം ഒരുത്തമ മാതൃകയായ അനുചര വൃന്ദത്തിന്റെ ഉയർച്ച കൂടിയാണ് പ്രവാചകനും പരിശുദ്ധ ദീനിനും കരുത്തേകിയത് .പ്രാചീന അറേബ്യൻ സംസ്കാരത്തിന്റെ കൈപ്പും കലർപ്പും ജീവിതത്തിൽ നിന്ന് അടർത്തിമാറ്റാൻ പ്രവാചകാഗമനം മദീന വാസികളെ സഹായിച്ചു .നിരർത്ഥമായ പോരാട്ടങ്ങളും കുത്തഴിഞ്ഞ ജീവിതശൈലിയും നെറികേടിന്റെ സർവ്വ ശീലങ്ങളും ജീവിത സ്പര്യയാക്കിയവരിൽ നിന്ന് വിജ്ഞാന വിസ്ഫോടനത്തിന്റെ ഉറവിടങ്ങളെ സൃഷ്ടിച്ചെടുക്കാൻ നബിക്ക് കഴിഞ്ഞു. അഹ്‌ലുസ്സുഫ്ഫ തീർത്ത വിജ്ഞാന വിപ്ലവമാണ് ഇക്കാലമത്രയും ദീനി അറിവിന്റെ ആധാരമായി നിലകൊള്ളുന്നത്.
മസ്ജിദുന്നബവിയുടെ പിന്നിൽ വടക്കുവശത്തായി പള്ളിയോട് ചേർത്ത് കെട്ടിയുണ്ടാക്കിയ ഒരു ചായ്പ്പുണ്ടായിരുന്നു. ദരിദ്രരും അഗതികളും വിദൂര ദേശങ്ങളിൽ നിന്ന് ഇസ്ലാം പഠിക്കാനെത്തിയവരും അവിടെയാണ് താമസിച്ചിരുന്നത്. ഈ ചാർത്തികെട്ടാണ് ഇസ്ലാമിക ചരിത്രത്തിൽ സുഫ (ഓലമേഞ്ഞ മച്ച് ) എന്നറിയപ്പെട്ടത് .മദീനയിലെത്തിയ സ്വഹാബികൾ അവിടെ പരിചയപ്പെട്ടവർക്കൊപ്പം ജീവിതം ആരംഭിച്ചു. എന്നാൽ അപരിചിതർക്ക് പള്ളി മാത്രമായിരുന്നു അഭയം. പ്രവാചക സന്നിധിയിൽ നിന്ന് ഇസ്ലാം പഠിച്ച് താന്താങ്ങളുടെ നാട്ടിൽ അത് പ്രചരിപ്പിക്കാൻ വേണ്ടി മദീനയിൽ തങ്ങിയവർക്കും പള്ളി തന്നെയായിരുന്നു താമസസ്ഥലം. പ്രവാചകന്റെ ഖബറിന് പിറകു വശത്ത് ബാബുന്നിസാഇലൂടെ അകത്ത് പ്രവേശിക്കുമ്പോൾ ഇപ്പോഴും കാണപ്പെടുന്ന ഉയർന്ന തിട്ടയാണ് അസ്ഹാബുസ്സുഫ്ഫ താമസിച്ച സ്ഥലമെന്നാണ് പൊതുധാരണ.
ശരാശരി 70 പേരായിരുന്നു സുഫ്ഫയിലെ അംഗങ്ങൾ .ചിലർ അവിടെ വിട്ടു പോകുമ്പോഴും മറ്റു ചിലർ മരണപ്പെടുമ്പോഴും എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചുകൊണ്ടിരുന്നു .അബൂഹുറൈറ (റ) ന്റെ നേതൃത്വത്തിലുള്ള സുഫ്ഫ സംഘം തീർത്ത വൈജ്ഞാനിക വിപ്ലവമാണ് മദീനയുടെ വിദ്യാഭ്യാസ മുരടിപ്പിനെ വകഞ്ഞു മാറ്റിയത്. സുഫ്ഫയുടെ മൺതട്ടിൽ പ്രവാചകൻ ഓതിക്കൊടുത്ത വിക്ഞാന ശകലങ്ങളാണ് പരിശുദ്ധ ശരീഅത്തിനെ രൂപപ്പെടുത്തിയത്. ഒപ്പം അനർത്ഥമായ ആഘോഷങ്ങളിലും ആനന്ദത്തിലും മുഴുകിയ ഒരു ജന സമക്ഷത്തിന് അക്ഷരത്തിന്റെയും അറിവിന്റെയും പ്രാധാന്യത ബോധ്യപ്പെടുത്താനും ഇത് സഹായിച്ചു.
ചുരുക്കത്തിൽ മദീനയുടെ വൈജ്ഞാനിക വികാസത്തിന്റെ മുഖ്യ ഹേതുവാണ് സുഫ്ഫയുടെ അഹ്‌ലുകാർ,അവർ ആർജിച്ച അറിവാണ് മദീനയുടെ സാംസ്കാരിക വികസനത്തിന് കരുത്തേകിയത്.
ആചാര ബന്ധിതമായ ഒരു ആത്മീയ മതം മാത്രമല്ല പ്രവാചകൻ മദീനയിൽ സ്ഥാപിച്ചത്. മനുഷ്യന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്ത ഒരു മാതൃക ഇസ്ലാമിക രാഷ്ട്രം കൂടിയായിരുന്നു. അഥവാ മതവും രാഷ്ട്രീയവും വിരുദ്ധ ദ്വന്ദങ്ങളായിരുന്നില്ല. പരസ്പരപൂരകങ്ങളായിരുന്നു. ഈ രാഷ്ട്ര സ്ഥാപനമായിരുന്നു മക്കയിൽ നിന്ന് മദീനയിലേക്കുള്ള പലായനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് .മക്കയിലെ പരീക്ഷണ നാളുകളിൽ തന്നെ പ്രവാചകൻ തന്റെ രാഷ്ട്രത്തിന്റെ വിത്ത് പാകിയിരുന്നു. ഗോത്രകലഹങ്ങൾ മൂലം ശിഥിലമായ ഒരു സമൂഹമാണ് അന്ന് മദീനയിൽ ഉണ്ടായിരുന്നത് .ആകെ 10,000 പേരുള്ള ആ കൊച്ചു രാഷ്ട്രത്തിൽ 1500 വിശ്വാസികളെ ഉണ്ടായിരുന്നുള്ളൂ. 182 മുഹാജിറുകളെ അത്രതന്നെ എണ്ണം വരുന്ന മദീനയിലെ അൻസാറുകൾക്ക് ഏൽപ്പിച്ചു കൊടുത്തു .ബാക്കി ജൂത ക്രൈസ്തവ ബഹുദൈവാരാധികരായിരുന്നു അവിടെ ,അതിനാൽ സമൂഹത്തിന്റെ അരക്ഷിതാവസ്ഥ അവസാനിപ്പിക്കാൻ എല്ലാ ഗോത്ര തലവന്മാരെയും അനസ് ബ്നു മാലിക്കിന്റെ വീട്ടിലേക്ക് പ്രവാചകന്‍ ക്ഷണിച്ചു. ആ സംഗമത്തിലാണ് രാഷ്ട്രത്തിന്റെ ഭരണഘടന രൂപം കൊണ്ടത്.
എല്ലാ ജനങ്ങളെയും ഉൾക്കൊള്ളുന്ന അവരുടെ മുഴുവൻ ക്ഷേമം കാംക്ഷിക്കുന്ന ഒരു ഭരണഘടനയാണ് ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി തയ്യാറാക്കപ്പെട്ടത് .ഭൂമിയിലെ ആദ്യ ലിഖിത ഭരണഘടനയായിരുന്നു അത് .ബഹുസ്വരതയായിരുന്നു അതിന്റെ മുഖമുദ്ര. പ്രവാചകന്റെ രാഷ്ട്രതന്ത്രജ്ഞത അടയാളപ്പെടുത്തുന്ന ആ ലിഖിതം സ്വഹീഫത്തുൽ മദീന (മദീന ചാർട്ടർ) എന്നറിയപ്പെടുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജനസമൂഹത്തിന് മാർഗ്ഗദർശിയാവുക എന്ന ദൗത്യമാണ് പ്രവാചകൻ അതിലൂടെ നിറവേറ്റിയത് .രാഷ്ട്രീയം, നിയമനിർമാണം, നീതിന്യായം തുടങ്ങി ഭരണത്തിന്റെ സകലതലങ്ങളെയും ആ ചാർട്ടർ ഉൾക്കൊണ്ടു. മദീനയിലെ ജൂതന്മാർ ഉൾപ്പെടെ എല്ലാ വിഭാഗത്തിന്റെയും അവകാശങ്ങളും ബാധ്യതകളും പ്രസ്തുത രേഖ ഊന്നി പറഞ്ഞു.വിശ്വാസം അംഗീകരിച്ചവരെല്ലാം ഒറ്റ ഉമ്മത്ത് (കമ്മ്യൂണിറ്റി ) ആണെന്നും അവരെല്ലാത്തവർ ആ സമൂഹത്തോട് ഐക്യത്തിലും സൗഹാർദ്ദത്തിലും കഴിയുന്ന മറ്റൊരു കമ്മ്യൂണിറ്റിയാണെന്നു മാണ് ചാർട്ടർ പ്രഖ്യാപിച്ചത്.
വാളിൽ നിന്ന് സന്ധിയിലേക്കും, ശക്തി പ്രകടനത്തിൽ നിന്ന് നിയമത്തിലേക്കും അരാജകത്വത്തിൽ നിന്ന് വ്യവസ്ഥാപിതത്വത്തിലേക്കും, കൊള്ളയിൽ നിന്ന് വിശ്വസ്തതയിലേക്കും, ഗോത്ര ജീവിതത്തിൽ നിന്ന് വ്യക്തിപരമായ ഉത്തരവാദിത്വങ്ങളിലേക്കും ,വിഗ്രഹാരാധനയിൽ നിന്ന് ഏകദൈവത്വത്തിലേക്കും,സ്ത്രീ ചൂഷണത്തിൽ നിന്ന് സ്ത്രീശാക്തീകരണത്തിലേക്കും, ശ്രേണി വ്യത്യാസങ്ങളിൽ നിന്ന് സമത്വത്തിലേക്കു മുള്ള സാമൂഹിക മാറ്റമാണ് മദീനയിൽ ഉണ്ടായത്. അങ്ങനെ കുടുംബം, വിവാഹം, അനന്തരാവകാശം, സ്ത്രീയുടെ അവകാശങ്ങൾ , അടിമ മോചനം, നീതിന്യായ വ്യവസ്ഥ എന്നീ മേഖലകളിലെല്ലാം മാതൃകാ യോഗ്യമായ അഴിച്ചു പണി ഇസ്ലാം നടത്തുകയുണ്ടായി .അത് മുഖേനെ ഒരു മാതൃകാ സാമൂഹ്യരംഗം ഇസ്ലാമിക രാഷ്ട്രത്തിൽ പിറവി കൊണ്ടു. കൃഷി, കച്ചവടം, തൊഴിൽ എന്നിവയെ ഇസ്ലാം ഏറെ പ്രോത്സാഹിപ്പിച്ചു. നാണയ വ്യവസ്ഥയും അന്നവിടെ നിലനിന്നു. ദിർഹമും ദീനാറും സുപരിചിതമായി, സ്വർണവും വെള്ളിയും അതിന്റെ മൂല്യമായി വർത്തിച്ചു. സിറിയ, ഇറാക്ക്,ഈജിപ്ത് എന്നിവിടങ്ങളുമായാണ് ദീനാറിന്റെ ക്രയവിക്രയം നടന്നത്. പേർഷ്യ,യമൻ എന്നിവിടങ്ങളിൽ ദിർഹമായിരുന്നു നിലവിലുണ്ടായിരുന്നത്. റോമൻ ദീനാർ സ്വർണവും പേർഷ്യൻ ദിർഹം വെള്ളിയുമായിരുന്നു. ഖുർആൻ വിധികളെ പൂർണമായും ഉൾക്കൊള്ളുന്ന ഭരണഘടന, ഓഫീസ്,മന്ത്രാലയ വകുപ്പുകൾ ,ഭരണഘടന നടപ്പിൽ വരുത്തുന്ന സൈന്യം ,സ്ഥിരമായ സാമ്പത്തിക സ്രോതസ്സുകൾ, രാഷ്ട്രീയ നിയമങ്ങൾ അംഗീകരിക്കുന്ന ജനത, ഭൂമിശാസ്ത്രപരമായ ഏകത്വമുള്ള രാജ്യം എന്നീ ആറ് അടിസ്ഥാന ഘടകങ്ങളോടെയായിരുന്നു നബി (സ്വ) യുടെ രാഷ്ട്രം നിലനിന്നത്.
അബൂബക്കർ (റ) ,ഉമർ (റ) ,ഉസ്മാൻ (റ) എന്നിവരുടെ കാലഘട്ടങ്ങളിലും മദീന ഇസ്ലാമിക രാഷ്ട്രം അതിന്റെ സർവ്വ പ്രതാപത്തോടെ നിലനിന്നു. ഉമറിന്റെ ഭരണമാണ് ഇന്ത്യക്ക് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പോലും പറഞ്ഞ് പോകുമാറ് സ്വമോഹന ഭരണമായിരുന്നുവത്. അലി (റ) യുടെ കാലത്ത് ഭരണനേതൃത്വം ഇറാഖിലേക്കും ഉമവികളുടേത് ഡമസ്കസിലേക്കും മാറിയതോടെയാണ് മദീനയുടെ രാഷ്ട്രീയ പ്രാധാന്യം അവസാനിച്ചത്.
Comments
Post a Comment