✍️ റഹ്‌മത്തുള്ള മേലാറ്റൂർ
സാംസ്കാരിക സാമൂഹിക തകർച്ചകളിൽ അനുഭൂതി കണ്ടെത്തിയിരുന്ന ഒരു സമൂഹത്തെ ആകമാനം സംസ്‌കരിച്ചെടുക്കാനും, നിഖില ലോകർക്കും കാരുണ്യമായും, ഭൂജാതനായ പ്രവാചക(സ) യുടെ ജനനത്തിൽ അഖില ചരാചരവസ്തുക്കളും പുളകം കൊണ്ടത് പോലെ, നിസ്തുലനായ ഈ നൂറിന്റെ വിയോഗ വേളയിലും സർവ്വലോകവും കണ്ണു നീര് പൊഴിച്ചതിൽ അതിശയോക്തിയില്ല.
പ്രവാചകരുടെ വിയോഗം ചിന്തിക്കാൻ പോലും കഴിയാത്ത സ്വഹാബി വൃന്ദത്തിന്റെ ഹൃദയാന്തരങ്ങളിൽ ആ വിയോഗം കനൽ പോലെ നീറിപ്പുകഞ്ഞു. ഈ ലോകം തന്നെ പടക്കാൻ കാരണക്കാരായ പ്രവാചകൻ, കുത്തഴിഞ്ഞ ജീവിതത്തിൽ ആനന്ദം കണ്ടെത്തിയ അറേബ്യൻ ജനതയുടെ അന്ധമായ ഉല്ലാസ വഴികളെ സ്വീകരിച്ചില്ല.മറിച്ച്, ആത്മീയ ജീവിതത്തിനും ഇലാഹീ പ്രണയത്തിനും വേണ്ടി ജീവിതത്തെ നീക്കി വച്ചു. ദിവ്യാനുരാഗത്തിന്റെ മനോഹാരിത മാനവിക സമൂഹത്തിന് കാഴ്ചവച്ചു. പ്രിയ പത്നി ആയിഷ(റ) തന്റെ സഹോദരീ പുത്രൻ ഉർവയോട് നബി(സ)യുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട് :“മോനെ രണ്ടുമാസത്തോളം നബിയുടെ വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ല" “പിന്നെ നിങ്ങൾ എന്തുകൊണ്ടാണ് ജീവിച്ചിരുന്നത്" ആയിഷ(റ )പറഞ്ഞു: “കാരക്കയും വെള്ളവും കൊണ്ട്”. മഹതി പറഞ്ഞു വെക്കുമ്പോൾ ഉലകനായകൻ റസൂലിന്റെ ഇഹലോകത്തോടുള്ള സമീപനം വ്യക്തമാകുന്നുണ്ട് . പ്രവാചകൻ പൂങ്കരളുടെ വിയോഗവേളയിലെ സംഭവവികാസങ്ങളെ വാക്കുകളിൽ പ്രിയ പത്നി കോറിയിടുന്നത് ഇങ്ങനെ കാണാം “മരണ സമയത്ത് എന്റെയും പ്രവാചകരുടെയും ഉമിനീര് അല്ലാഹു പരസ്പരം കലർത്തി. അബ്ദുറഹ്മാൻ മിസ്വാക്കുമായി എന്റെ അടുത്തേക്ക് വന്നു നബി എന്റെ മടിയിൽ തല വെച്ച് കിടക്കുകയാണ്. പ്രവാചകൻ വായ വൃത്തിയാക്കാൻ ആഗ്രഹിക്കുന്നെന്ന് എനിക്ക് മനസ്സിലായി” ഞാൻ ചോദിച്ചു :“അങ്ങേയ്ക്ക് മിസ്വാക്ക് വേണോ? " നബി തലകൊണ്ട് വേണമെന്ന് കാണിച്ചു. ഞാൻ നബി(സ)ക്ക് മിസ്വാക്ക് നൽകി. പ്രവാചകർ അൽപം പ്രയാസപ്പെട്ടു. “ഞാൻ ചോദിച്ചു ഒന്നുകൂടി മയപ്പെടുത്തണമോ?" നബി( സ )തലകൊണ്ട് വേണമെന്ന് കാണിച്ചു. ഞാൻ അതെടുത്തു ചവച്ചു ശേഷം ഒന്ന് കുടഞ്ഞു ശരിയാക്കി നൽകി.നബി മനോഹരമായി വായ വൃത്തിയാക്കി ശേഷം മിസ്വാക്ക് എനിക്ക് നേരെ ഉയർത്തി പക്ഷേ കൈ പൊങ്ങിയില്ല നബിക്ക് വേണ്ടി ജിബിരീൽ(അ)പ്രാർത്ഥിച്ചത് പോലെ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി.രോഗബാധിതനാകുമ്പോൾ പ്രവാചകൻ തന്നെ അതേ പ്രാർത്ഥന നടത്താറുണ്ടായിരുന്നു. പ്രവാചകർ (സ)ആകാശത്തേക്ക് കണ്ണുകൾ അയച്ച് ഉന്നതനായ കൂട്ടുകാരൻ എന്ന് പറയുന്നുണ്ടായിരുന്നു. അതോടെ ആത്മാവ് വിട്ടുപിരിഞ്ഞു.
അന്ത്യപ്രവാചകരുടെ അവസാനവേളയിലെ വികാര തീവ്രമായ വിവരണമാണ് മഹതി തുറന്നിട്ടിരിക്കുന്നത്. 23 വർഷത്തെ പ്രബോധന ജീവിതം കൊണ്ട് ലോകമാകമാനം സത്യദീനിന്റെ പ്രഭ ചെരുത്തി പ്രവാചകൻ റസൂൽ(സ)തങ്ങൾ ചെറുറാന്തൽ മുറിയാകെ വെളിച്ചം പകർന്നതുപോലെ ഹൃസ്വ ജീവിതം കൊണ്ടും മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും നിസ്തുല മാതൃകയായി നിലകൊള്ളുന്നു. ഇതിൽ നിന്നും പ്രവാചക വ്യക്തിത്വത്തിന്റെ വിസ്മയ ദർശനങ്ങൾ പകൽ പോലെ വ്യക്തമാണ്. പ്രവാചകൻ (സ) യുടെ വിയോഗം വിശ്വാസി സമൂഹത്തിന്റെ മാനസാന്തരങ്ങളിൽ സങ്കീർത്തനത്തിന്റെ വിത്ത് പാകിയതിൽ വിചിന്തനങ്ങൾക്ക് വിധേയമാകേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്ന വർത്തമാനകാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
Comments
Post a Comment