Skip to main content

മദ്ഹു റസൂൽ;അനശ്വര പ്രണയത്തിന്റെ ഹൃദയവരികൾ.

✒️ മിൻഹാജ് ഇ.കെ ചാഴിയോട്

പ്രവാചക പ്രകീർത്തന കാവ്യങ്ങൾ നബി സ്നേഹ പ്രകടനത്തിന്റെ സൗന്ദര്യമുള്ള വഴിയാണ്. നബിയിമ്പത്തിന്റെ കനലിൽ കാച്ചിയെടുത്ത ഹൃദയസങ്കീർത്തനങ്ങളുടെ ആത്മഗീതമാണ് പ്രവാചക പ്രകീർത്തന കാവ്യങ്ങൾ. അന്തരംഗത്തിൽ തിരതല്ലുന്ന അനുരാഗത്തിന്റെ ആഹ്ലാദങ്ങളുടെയും ആമോദങ്ങളുടെയും ബഹിർസ്ഫുരണങ്ങളായ കാവ്യതല്ലജങ്ങളാണവ.മദീനയുടെ താഴ്‌വരയിലൂടെയും തിരുനബിയുടെ ജീവിതനിമിഷങ്ങളിലൂടയും അനുവാചകരെയും കൂട്ടിയുള്ള  ഹൃദയയാത്രയാണ് നബികീർത്തന കാവ്യങ്ങൾ.

പ്രവാചക കാലഘട്ടത്തിൽ ഹസ്സാനുബ്നു സാബിത് (റ)ലൂടെയും കഅബ് ബിനു സുഹൈർ(റ)ലൂടെയും പ്രകീർത്തന മഞ്ജരികൾ പെയ്തിറങ്ങുകയും പ്രവാചക കാലാനന്തരം ബുസൂരി ഇമാമിലൂടെയും ഉമ്മർ വലിയുല്ലാഹിൽ ഖാഹിരിയിലൂടെയും റഷീദുൽ ബഗ്ദാദിയിലൂടെയും യൂസഫുന്നബ്ഹാനിലൂടെയും അനുരാഗത്തിന്റെ വരികൾ പ്രവാചക പ്രേമികളുടെ ഹൃദയങ്ങൾ കീഴടക്കി കാതങ്ങൾ താണ്ടുക കൂടി ചെയ്തപ്പോൾ നബിയപദാനത്തിന്റെ  ശൈലിയും ഭാവവും ഏറെ  പുരോഗമിക്കുകയായിരുന്നു. പിന്നീടും ഉമറുൽ ഫഖിറിന്റെയടക്കം  അനിയന്ത്രിതമായ സ്നേഹത്തിലൂടെ ഇഷ്ഖിൻ വരികൾ പെയ്തിറങ്ങി അനുരാഗത്തിന്റെ  അനശ്വരത അനുഭവപ്പെട്ട കാവ്യതല്ലജങ്ങൾ സ്നേഹത്തിന്റെ  താഴ്‌വരയിലൂടെ മദീനയുടെ താഴ്‌വരയിലേക്ക് നിർഗളിക്കുകയായിരുന്നു.

പ്രവാചക പ്രണയിനികളുടെ ഹൃത്തടങ്ങളിൽ അനുരാഗത്തിന്റെ  ആന്ദോളനങ്ങൾ തീർത്ത ഖസീദതുൽ ബുർദയും പ്രവാചകസ്നേഹത്തിലൂടെ അനുവാചകരെ  പരമാനന്ദത്തിന്റെ  പരമകോടിയിലെത്തിച്ച അല്ലഫൽ അലിഫും അക്ഷരങ്ങളിലൂടെ അത്ഭുതങ്ങൾ തീർത്ത് അത്യപൂർവ്വ അവതരണശൈലിയിലൂടെ അനുരാഗികളുടെ ചുണ്ടുകളിലൂടെ തത്തികളിച്ച ഖസീദത്തുൽ വിതിരിയ്യയും നബികീർത്തനത്തിലെ കേരളീയ കൈയ്യൊപ്പായ മൻഖൂസ് മൗലിദുമെല്ലാം പേരുകേട്ട പ്രകീർത്തന കാവ്യങ്ങളാണ്.

പ്രവാചക കാലഘട്ടത്തിലെ നബിയപദാന ഗീതങ്ങളിൽ ഭൂരിഭാഗവും പ്രവാചകർക്കെതിരെ ശത്രുപക്ഷം പടച്ചുവിടുന്ന ആരോപണങ്ങൾക്കുള്ള മറുപടികളും തിരുനബിയുടെ അനുപമവ്യക്തിത്വത്തെക്കുറിച്ചുള്ള സ്നേഹകാവ്യങ്ങളുമായിരുന്നു.
 എന്നാൽ, പിൽക്കാല രചനകളിൽ അതിരുകളില്ലാത്ത അനുരാഗത്തിന്റെ വരികളും മുഹബ്ബത്തിന്റെ മദ്ഹിൻ ശീലുകളും പരന്നൊഴുകിയതോടൊപ്പം പ്രവാചക സ്നേഹികളുടെ ഹൃദയാന്തരങ്ങളിൽ നിന്നും  ആവിർഭവിച്ച ഹൃദയവിലാപങ്ങളും ഹുബ്ബിന്റെ ഹൃദയചലനങ്ങളും അനുരാഗത്തിന്റെ  ആനന്ദഭാഷയും സ്വന്തം ജീവിതത്തിൽ ചെയ്തുകൂട്ടിയ പാപങ്ങളുടെ പശ്ചാതാപവരികളും മദീനയുടെ പരിശുദ്ധമായ ഭൂമിയിലേക്കുള്ള യാത്രയുടെ ദൃശ്യാവിഷ്കാരങ്ങളും നിറഞ്ഞുനിന്നു കൊണ്ട് സ്നേഹം സന്തോഷാമോദത്താൽ നൃത്തം ചവിട്ടുകയായിരുന്നു.

 രചിക്കപ്പെടുന്നതിന് എത്രയോ പതിന്മടങ്ങ് അവയെല്ലാം വായിക്കപ്പെട്ടുവെന്നതാണ് സത്യം.ആശയങ്ങളുടെ അന്തരംഗങ്ങളിൽ  മദ്ഹിൻ ശീലുകൾ പെയ്തിറങ്ങിയപ്പോൾ നാടിന്റെയും കുടുംബത്തിന്റെയും സമുദായത്തിന്റെയും ഓരോ ചലനങ്ങൾക്കും  സൗന്ദര്യം പകരുകയായിരുന്നു. തന്മൂലം തന്നെ പ്രതീക്ഷയറ്റ്  പ്രയാസപ്പെടുന്നവർക്കും വേദനയനുഭവപ്പെടുന്ന വേവലാതികൾക്കും  നീറുന്ന നൂറായിരം പ്രശ്നങ്ങൾക്കും മദ്ഹുന്നബിയുടെ ധന്യ വരികൾ  പ്രതീക്ഷാകവചവും അവലംബവുമാകുകയിരുന്നു.
നൂറ്റാണ്ടുകൾ പിന്നിടുന്തോറും നബിസ്നേഹങ്ങളിലൂടെ സംജാതമായ കൃതികൾ ഭാഷ-ദേശാന്തരം  പെരെന്നൊഴുകാൻ തുടങ്ങുകയായിരുന്നു.
അവയിൽ പ്രധാനപ്പെട്ടവ ഇവിടെ കുറിച്ചിടാം.

*ഖസ്വീദത്തുൽ ബുർദ.*

പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ കാവ്യസമാഹാരമാണ് ഖസീദത്തുൽ ബുർദ. ഈജിപ്തിൽ ജീവിച്ചിരുന്ന പ്രശസ്ത കവിയായ ഇമാം ബൂസൂരി (റ) വിന്റെ തൂലികത്തുമ്പുകളിൽ നിന്ന് വിരചിതമായ അനുരാഗ കാവ്യമാണിത്.

 യുവത്വ കാലങ്ങളിൽ രാജകൊട്ടാരങ്ങളിലെ കവിയായി സേവനം ചെയ്തിരുന്ന ബൂസുരി ഇമാം രാജസ്തുതികളും ഭൗതികസ്വഭാവങ്ങളുമുള്ള  കാവ്യങ്ങൾ രുചിച്ചും പകർത്തിയും ജീവിതം കഴിച്ചുകൂട്ടി.
 അതിനിടയിലാണ് പക്ഷാഘാതം പിടിപെട്ട് കിടപ്പിലാകുന്നത്.വേദന അനുഭവപ്പെട്ട് അസഹ്യമായപ്പോൾ രോഗശമനം പ്രതീക്ഷിച്ചും അശ്രദ്ധമായ ഭൂതകാലത്തെയോർത്തും പശ്ചാത്തപിച്ചുമാണ്  ഇമാം ബുർദയുടെ രചന ആരംഭിക്കുന്നത്. കണ്ണീരൊഴുക്കി കവിതയെഴുതിയ  ബുസൂരി ഇമാമിനെ നബി(സ്വ)സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്  അനുഗ്രഹിച്ചതായും ശരീരത്തിൽ തടവുകയും മേൽമുണ്ടെടുത്ത് പുതപ്പിക്കുകയും ശേഷം ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ രോഗം പൂർണ്ണരീതിയിൽ ഭേദമായിയെന്നും ഇമാം തന്നെ ബുർദയിൽ വിവരിക്കുന്നുണ്ട്. ഈയൊരു കാരണം കൊണ്ടാണ് പ്രസ്തുത കാവ്യസമാഹാരത്തിന്  ബുർദ എന്ന് പേര് നൽകിയത്.

160 വരികളുള്ള ഈ കാവ്യ സമാഹാരത്തിന് മുന്നൂറിലധികം പരിഭാഷകൾ ലോകത്തിന്റെ പല ദേശങ്ങളിലായി വ്യത്യസ്ത ഭാഷകളിലായി വിരചിതമായിട്ടുണ്ട്.
 പ്രമേയത്തിലെ കരുത്തും പ്രതിപാദനത്തിന്റെ സൗന്ദര്യവും അവതരണത്തിലെ ആകർഷണീയതയും തന്നെയാണ് ബുർദയെ മറ്റുള്ള പ്രവാചക പ്രകീർത്തന കാവ്യസമാഹാരങ്ങളിൽ നിന്ന്  വ്യതിരിക്തമാക്കുന്നത്.

*ഖസ്വീദത്തുൽ വിതിരിയ്യ.*

നബിയപദാനത്തിന്റെ കാവ്യസമാഹാരങ്ങളിൽ അതുല്യസ്ഥാനം പിടിച്ചു പറ്റിയ പ്രസിദ്ധമായ കാവ്യമാണ് ഖസ്വീദത്തുൽ വിതിരിയ്യ. ഹിജ്റ 622-ൽ ബാഗ്ദാദിൽ  വഫാത്തായ പ്രശസ്ത അറബി സാഹിത്യ കവിയും ഷാഫി മദ്ഹബ്കാരനും പ്രഗൽഭ വാഗ്മിയുമായിരുന്ന റഷീദുൽ ബഗ്ദാദിയാണ് പ്രസ്തുത സമാഹാരത്തിന്റെ  രചയിതാവ്.

അറബി അക്ഷരമാലയിലെ ഇരുപത്തെട്ട് അക്ഷരങ്ങളിലും ആരംഭിച്ച് അതെ അക്ഷരങ്ങളിൽ തന്നെ അവസാനിക്കുന്ന അത്യപൂർവ്വ അവതരണശൈലിയാണ് ഖസീദത്തുൽ വിതിരിയ്യയെ വ്യതിരിക്തമാക്കുന്നത്.
ഓരോ അക്ഷരങ്ങൾക്കും ഇരുപത്തൊന്ന് ബൈത്തുകളെന്ന രീതിയിൽ ആകെ 581 വരികളാണ് അതിൽ അടങ്ങിയിട്ടുള്ളത്.

ഖസീദത്തുൽ ബുർദ പോലെതന്നെ അനുവാചക ഹൃത്തടങ്ങളിൽ ആനന്ദത്തിന്റെ  കുളിർമഴ  വർഷിപ്പിച്ച് സ്ഥിരപ്രതിഷ്ഠ നേടാൻ ഖസ്വീദത്തുൽ വിതിരിയ്യക്കും സാധിച്ചുവെന്ന് പറയാം.

*അല്ലഫൽ അലിഫ്.*

പ്രവാചക പ്രണയത്തിലൂടെ പരമാനന്ദത്തിന്റെ പരമകോടിയിലേക്കെത്തിയ പ്രകീർത്തന കൃതിയാണ് അല്ലഫൽ അലിഫ്.ഹിജ്റ 1153 - ൽ തമിഴ്നാട്ടിലെ മുസ്‌ലിം  ഭൂരിപക്ഷ പ്രദേശമായ കായൽപട്ടണത്ത് ജനിച്ച പ്രമുഖ പണ്ഡിതനും കർമശാസ്ത്ര പണ്ഡിതനും സൂഫീ  വര്യനുമായിരുന്ന ശൈഖ്  ഉമർ വലിയുല്ലാഹിൽ ഖാഹിരിയുടെ കൃതിയാണിത്.

 മറ്റുള്ള കൃതികളിൽ നിന്നെല്ലാം വ്യത്യസ്തമായി വെറും 31 വരികളടങ്ങുന്നതാണ് പ്രസ്തുത പ്രകീർത്തനം.
 വരികളിലെ ആകാരവടിവും ആകർഷണ ശൈലിയും അവതാരണ രീതിയും അഗാധമായ ആശയങ്ങളും തന്നെയാണ് ഈ സമാഹാരത്തിന് സൗന്ദര്യം പകരുന്നത്.

 അറബി ഭാഷയിലെ ഓരോ അക്ഷരങ്ങളുടെയും അക്ഷരമാലാക്രമത്തിലാണ് ഓരോ വരിയും ക്രമപ്പെടുത്തിയിട്ടുള്ളത്.  ഏതൊരു അക്ഷരം കൊണ്ടാണോ വരി തുടക്കംകുറിക്കുന്നത് പ്രസ്തുത വരിയിൽ ഭൂരിപക്ഷം വാക്കുകളും ആ അക്ഷരങ്ങളടങ്ങിയതാണ് . ഇത്രയേറെ അപൂർവവും അനർഘവുമായ ഈ കൃതിയെ അറേബ്യൻ സാഹിത്യകാരന്മാർ പോലും വളരെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.നിരവധി കേരളീയ പണ്ഡിതരടക്കം ഒട്ടനവധി പണ്ഡിതന്മാർ ഈ കാവ്യസമാഹാരത്തിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

*മൻഖൂസ് മൗലിദ്.*

നബികീർത്തനത്തിന്റെ കേരളീയപതിപ്പാണ് മൻഖൂസ് മൗലിദ്. വെറും അഞ്ചോളം വരുന്ന ബൈത്തുകളിലെ അൻപതോളം വരുന്ന വരികളിലൂടെ മലയാളീ  മാനസങ്ങളെ  മദീനയിലേക്ക് വഴിനടത്താൻ പ്രസ്തുത കാവ്യ  സമാഹാരത്തിന്  കഴിഞ്ഞു  എന്നുള്ളതിൽ സന്ദേഹമില്ല.

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന സൈനുദ്ദീൻ മഖ്ദൂം (റ) വാണ് മൗലിദിന്റെ രചയിതാവ്.
 മലബാർ  പ്രദേശങ്ങളിൽ പിടിപെട്ട മാറാവ്യാധികളിൽ നിന്ന് അല്ലാഹുവിന്റെ ഇഷ്ട ദാസനായ പുണ്യ പ്രവാചകന്റെ കൃതികൾ മൗലിദ് രചിക്കുകവഴി മോചനം നേടാൻ വേണ്ടിയാണ് മഖ്ദൂം തങ്ങൾ രചനക്ക്  പ്രാരംഭം കുറിക്കുന്നത്. രചന പൂർത്തീകരിക്കുകയും മലബാറിലെ മാപ്പിളമാർ പതിവായി ആലപിക്കുകയും ചെയ്തതോടെ മാറാവ്യാധിയിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്തു.

 ആകർഷണീയമായ അവതരണങ്ങളിലൂടെ അത്ഭുതങ്ങളുടെ യാഥാർത്ഥ്യങ്ങളിലേക്ക് അനുവാചക ഹൃദയങ്ങളെ കൊണ്ടെത്തിക്കുന്ന മൗലിദിലെ ഓരോ വരികളുടെയും ആശയങ്ങളും മനോഹരം തന്നെയാണ്.
 പ്രവാചക സ്തുതിയിലൂടെ പ്രാരംഭം കുറിക്കുന്ന മൗലിദിൽ പലപ്പോഴും ചെയ്തുകൂട്ടിയ പാപങ്ങളുടെ കണ്ണുനീർ തുള്ളികളും പശ്ചാത്താപവുവുമെല്ലാം
 നിറഞ്ഞുനിൽക്കുന്നതായി കാണാം.

*മൻഖൂലുൻ മിൻ മദ്ഹി റസൂൽ*

 സമുദായത്തിന് വേണ്ടി ജീവിതം മുഴുവൻ ഓടിനടന്ന നിസ്വാർത്ഥതയുടെ നിറപൗർണ്ണമിയായിരുന്ന കെ.ടി ഉസ്താദ് സമൂഹത്തിനും സമുദായത്തിനും വേണ്ടിയുള്ള തിരക്കു പിടിച്ച ഓടിനടത്തങ്ങൾക്കിടയിൽ രചിച്ച മുത്ത് നബിയുടെ മദ്ഹിൻശീലുകളാണ് മൻഖൂ ലുൻ മിൻ മദ്ഹി റസൂൽ.
യു.എ.ഇയിലെ സന്ദർശന സമയത്താണ് ഇതിന്റെ രചന പര്യാവസാനിക്കുന്നത്.2007 ഏപ്രിൽ 4 (ഹിജ്റ 1428 റ.അവ്വൽ 16) ബുധനാഴ്ച്ച അജ്മാനിൽ വെച്ചാണ് പ്രസ്തുത കൃതിയുടെ അവസാനവരികൾ ശൈഖുന സംതൃപ്തിയോടെ എഴുതിച്ചേർക്കുന്നത്.

തിരുജന്മം,നിഷ്കളങ്ക ബാല്യം,വിവാഹം,നുബുവ്വത്തിന്റെ പ്രാരംഭം, സഹിച്ച ത്യാഗങ്ങൾ,സ്വഭാവവൈശിഷ്ടങ്ങൾ, ബദറുൾപ്പെടുന്ന പോരാട്ടചരിത്രങ്ങൾ,ഹിജ്റ, ഫത്ഹ് മക്ക,തിരു വഫാത്ത് ഇങ്ങനെയുളള പ്രവാചക പുംഗവന്റെ പരിശുദ്ധ ജീവിതത്തിന്റെ സവിശേഷ സംഭവങ്ങളെല്ലാം ഗദ്യ-പദ്യ സമ്മിശ്രമായി അവതരിപ്പിക്കുന്നതാണ് കൃതിയുടെ സാകല്യം.

പേരിന്റെ സൂചന പോലെ രചനയിലധികവും പരിശുദ്ധ ദീനിന്റെ ആധികാരിക പിൻബലമുള്ള ഉദ്ദരണികളും അവയുടെ കാവ്യാവിഷ്ക്കാരങ്ങളുമാണ്.
വരികൾക്കിടയിൽ വിരിഞ്ഞ ഖുർആനിക പരാമർശങ്ങളുടെയും പ്രവാചക അരുളപ്പാടുകളുടെയും കൃത്യമായ അവലംബത്തിന്റെ അടിവേരുകൾ രചയിതാവ് തന്നെ സൂചിപ്പിക്കുന്നത് കൃതിയുടെ ആധികാരികതക്ക് കരുത്ത് പകരുന്നു.

മലയാളീ മുസ്‌ലിമിന്റെ ചുണ്ടുകളിൽ തത്തിക്കളിച്ച സലാം ബൈത്തോടെ പ്രാരംഭം കുറിച്ച് പത്ത് ഹദീസുകളും അവയുടെ കാവ്യ കീർത്തനങ്ങളും പിന്നീട് അശ്റഖ ബൈത്തിന് സമാനമായ ബൈത്തും ശേഷം  ഭക്തിനിർഭരമായ പ്രാർത്ഥനയുമടങ്ങുന്നതാണ് മൻഖൂലിന്റെ സംക്ഷിപ്തം.

*പ്രവാചക പ്രകീർത്തനങ്ങളും  നവീനവാദികളും.*

പ്രവാചകപ്രകീർത്തനങ്ങളും അവിടുത്തെ സ്തുതി  പറച്ചിലുകളുമെല്ലാം വിശ്വാസിസമൂഹം വളരെയധികം സന്തോഷത്തോടെയും സംതൃപ്തിയോടെയും സംഘടിപ്പിക്കാനും കൊണ്ടാടുവാനും പ്രവാചകകാലം മുതൽ തുടങ്ങിയതാണ്.

 പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും  പിന്നിടുമ്പോഴും ഇന്നും അവയെല്ലാം ഒളിമങ്ങാതെ വിശ്വാസി സമൂഹം കൊണ്ടാടുന്നു. പരമ്പരാഗതമായി സുന്നി പള്ളികളിലും വീടുകളിലും മറ്റു സദസ്സുകളിലുമായി പ്രവാചകപ്രകീർത്തനങ്ങൾ നടത്തി തിരുനബി(സ്വ )യോട് സ്നേഹം പ്രകടിപ്പിക്കുന്നു.

 എന്നാൽ. തിരുനബിയുടെ പേരിൽ മൗലിദ് പാരായണം നടത്തുന്നതും ചീരണി വിതരണം നടത്തുന്നതുമെല്ലാം ഒരു പ്രത്യേക അലർജിയോടെ  നോക്കിക്കൊണ്ട് അവയെല്ലാം നിഷിദ്ധമാണെന്നാണ് ഇമ്മിണി വലിയ അല്പജ്ഞാനികളുടെ വാദം.

 ഖുർആനും ഹദീസും തിരുനബിയും സ്വഹാബത്തുമെല്ലാം നബിദിനാഘോഷത്തിന് എന്തെങ്കിലും തെളിവ് നൽകിയിട്ടുണ്ടോ..? എന്ന് വീടുവീടാന്തരവും  നാടുനാടന്തരവും ചോദിച്ചുനടക്കുന്ന നവീനവാദികളിലെ താടിവെച്ചവർക്ക് പ്രാമാണികത്തെളിവുകളുടെ  ഭാണ്ഡക്കെട്ടുകൾ തന്നെ നൽകിയിട്ടും താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന നിരർത്ഥകമായ വാദത്തിൽ അവർ അടിയുറച്ചു നിൽക്കുകയാണ്.

 റബീഉൽ അവ്വൽ 12 തിരു നബിയുടെ വഫാത്ത് ദിനം കൂടിയാണ്. അന്ന് ജന്മദിനമാണെങ്കിലും വഫാത്തും പ്രസ്തുത ദിനത്തിൽ തന്നെയായതുകൊണ്ട് വിശ്വാസിസമൂഹം സന്തോഷിക്കാൻ പാടില്ല എന്നാണ് ഇത്തരക്കാരുടെ ന്യായം.
 എന്നാൽ, അവരുടെ ന്യായത്തിന്റെ  പൂർത്തീകരണത്തിനായി പ്രാമാണിക തെളിവുകളും അവലംബങ്ങളും ചോദിച്ചാൽ മൗനമാണ് മറുപടിതാനും.

 നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നബിദിനം വളരെയധികം വിപുലമായി കൊണ്ടാടിയിരുന്ന ഉമ്മത്തിന്  ദിശാബോധം നൽകിയ പണ്ഡിതമഹത്തുക്കളും സൂഫി വരേണ്യരുമെല്ലാം ഇത്തരക്കാരുടെയടുക്കൽ എന്നോ നരകത്തിൽ പ്രവേശിച്ചുവെത്രെ.

നബി.. അങ്ങ്  പ്രഖ്യാപിക്കുക. അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹം കൊണ്ട് അവർ സന്തോഷിച്ചു കൊള്ളട്ടെ.
(യൂനുസ് -58)
താങ്കളുടെ നാഥന്റെ  അനുഗ്രഹം അനുസ്മരിക്കുക.
(ളുഹാ -11)നബി തന്നെയാണ് അവിടെ ഉദ്ധരിക്കപ്പെട്ട അനുഗ്രഹമെന്ന് ഇബ്നു അബ്ബാസ് (റ).

 മുസ്‌ലിം ലോകത്തിലെ ഏറ്റവും വലിയ നിയമകോടതിയായ പരിശുദ്ധ ഖുർആൻ പോലും പ്രവാചക പ്രകീർത്തനങ്ങൾക്ക് വ്യക്തമായ രീതിയിൽ പ്രേരണയും പ്രോത്സാഹനവും നൽകുന്നുണ്ടെന്ന് പകൽവെളിച്ചംപോലെ വ്യക്തമായതാണ്.

 എന്നാൽ. പ്രവാചക പ്രകീർത്തനങ്ങൾ  അനിസ്‌ലാമികമാണെന്നും നബിദിനാഘോഷം വിശ്വാസി സമൂഹത്തിന് യോജിച്ചതല്ലെന്നും ആണയിട്ട് ആവേശത്തോടെ പറഞ്ഞുനടക്കുന്ന ഇത്തരം നവീനവാദികളുടെ പൂർവ്വകാല നേതാക്കളും പണ്ഡിതന്മാരമെല്ലാം വളരെ വിപുലമായ രീതിയിൽ പ്രകീർത്തന സദസ്സുകൾ  നടത്തിയവരും അതിന് സമൂഹത്തെ പ്രേരിപ്പിച്ചവരും പ്രചോദിപ്പിച്ചവരുമായിരുന്നു. വിശ്വാസി സമൂഹത്തെ സംബന്ധിച്ച് നബിദിനാഘോഷം സുപ്രധാനമാണെന്നും അത് നല്ല രീതിയിൽ കൊണ്ടാടണമെന്നുമായിരുന്നു അവരുടെ ന്യായം. തങ്ങൾക്ക് വഴിപകർന്നുതന്ന നൽകിയ പൂർവകാല നേതാക്കന്മാർ പോലും നവീനവാദികളുടെ സമക്ഷത്തിൽ നരകീയവാസികളായിരിക്കുന്നവെന്ന്  ചുരുക്കം.

ചുരുക്കത്തിൽ,
ഒരു വിശ്വാസിയെന്ന നിലയിൽ പ്രവാചകപ്രേമം സത്യവിശ്വാസിയുടെ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. പ്രേമമായതുകൊണ്ടുതന്നെ പ്രകടനങ്ങൾക്ക് പരിധിവെക്കാനാവില്ല. അതിലപ്പുറം പ്രണയം പ്രകീർത്തനങ്ങളിലൂടെ അണപൊട്ടിയൊഴുകുമ്പോൾ  പ്രണയദാതാവിന്  വല്ലാത്ത അനുരാഗത്തിന്റെ  അനുഭൂതിയാണ്.തന്മൂലം തന്നെ പ്രവാചക കാലം മുതൽ കാലങ്ങളായി നിലക്കാത്ത പ്രവാഹമായി മുസ്‌ലിംലോകം പ്രവാചക പ്രകീർത്തനങ്ങൾ സംഘടിപ്പിക്കുന്നു. 
ഇന്നോ..,ഇന്നലെയോ പെയ്ത മഴയിൽ പൊട്ടിമുളച്ച പുത്തനാശമൊന്നുമല്ല പ്രവാചക പ്രകീർത്തന കാവ്യങ്ങൾ.

 പ്രവാചക പ്രകീർത്തനങ്ങളുടെ  ബദ്ധവൈരികളായ ചില അൽപന്മാരായ  ഉത്പതിഷ്ണുക്കളുടെ മാർഗദർശികൾ പോലും ഇത്തരം പ്രകീർത്തനങ്ങൾ കൊണ്ടാടിയതിലപ്പുറം അവക്ക് പ്രോത്സാഹനവും പ്രേരണയും നൽകിയവരായിരുന്നു.
 കേരളത്തിലെ മുസ്‌ലിയാക്കന്മാരുടെ പഴഞ്ചൻ നടപടിയാണ് ഇതെന്നുള്ള അൽപന്മാരുടെ ജൽപ്പനം തിരുത്തപ്പെടാനും  സത്യാന്വേഷികൾക്ക് സത്യം മനസ്സിലാക്കുവാനും പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...