മുഹമ്മദ് ജിനാൻ
മുസ്ലിം ജനത പിൻപറ്റുന്നത് പ്രവാചക ജീവിതത്തിലും അധ്യാപനങ്ങളിലും വിശേഷിക്കപ്പെട്ടതു പ്രകാരമുള്ള വസ്ത്രധാരണ ശൈലിയാണ്. ജീവിതത്തിൻറെ നിഖില മേഖലകളിലും വശ്യസൗന്ദര്യം പ്രകടമാക്കിയ തിരുനബി (സ്വ) തങ്ങൾ വസ്ത്രധാരണയിലും കൃത്യമായ മാതൃക തയ്യാറാക്കിയിരുന്നു. അടിസ്ഥാനപരമായി മേനി മറക്കുന്നതിലൂടെയുള്ള ലജ്ജയുടെ ആദ്യപാഠങ്ങൾ പ്രവാചകത്ത്വത്തിനു മുമ്പ് തന്നെ അള്ളാഹു തആല നബി തങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നതായി കാണാം.കഅബ പുനർനിർമ്മാണ വേളയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ സുഗമമായ ഇടപെടലുകൾക്ക് വസ്ത്രം അഴിച്ച് ചുമലിൽ വെക്കാൻ പിതൃവ്യൻ അബ്ബാസ്( റ) നിർദ്ദേശിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തപ്പോൾ പ്രവാചകർ ബോധക്ഷയാനായി വീഴുകയാണുണ്ടായത്. നവതലമുറ ഉടുമുണ്ട് തോൾകൈകളിലേക്കും മാറിയിലേക്കും കത്രിച്ചിറക്കുകയും കാൽമുട്ടുകളിലേക്കും മേൽതുടയിലേക്കും കയറ്റിച്ചുരുക്കി ഫാഷൻ എന്ന ലേബലിൽ അപരിഷ്കൃതയുടെ ആഴികളിലേക്ക് കൂപ്പുകുത്തുമ്പോൾ, ഉപര്യുക്ത സംഭവവും ഇതരമായ പ്രവാചക ജീവിതത്തിൽ വിശേഷിപ്പിക്കപ്പെട്ട വസ്ത്രധാരണകളും സാംസ്കാരികമായ സമ്പന്നതയുടെയും സമ്പൂർണ്ണതയുടെയും പ്രതീകമായിട്ടാണ് വായിക്കപ്പെടുന്നത്.
തിരുനബി (സ്വ) വസ്ത്രങ്ങളിൽ നിന്ന് ഏറ്റവും ഇഷ്ടപെട്ടിരുന്നത് നീളക്കുപ്പായം(ഖമീസ്വ്) ആയിരുന്നു. ഉമ്മു സലമ (റ) വിൽനിന്ന് നിവേദനം: നബിതങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം നീളക്കുപ്പായമായിരുന്നു. ഖമീസ്വ് ധരിക്കുമ്പോൾ തന്നെ വസ്ത്രത്തിന്റെ കൈ തങ്ങളുടെ മുൻകൈ മണിബന്ധം വരെ എത്തിക്കാൻ ശ്രദ്ധ പുലർത്തിയിരുന്നു. ഇസ്ലാമിക സംസ്കാരത്തെ പ്രതിഫലിപ്പിക്കും വിധമുള്ള മറ്റു വസ്ത്രങ്ങളും നബി തിരുമേനി (സ്വ) ധരിച്ചിരുന്നു .
അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത സ്രഷ്ടാവിനെ സ്മരിക്കുക എന്നത് തിരുനബിയുടെ ചര്യയായിരുന്നു. അബൂസഈദ് (റ) വിൽ നിന്ന് നിവേദനം: നബി തിരുമേനി (സ്വ) ഒരു പുതിയ വസ്ത്രം എടുത്തു കഴിഞ്ഞാൽ ആ വസ്ത്രത്തിനെ അതിൻറെ പേരെടുത്ത് പറയുമായിരുന്നു. അതോടൊപ്പം
"اللهم لك الحمد كما كسوتنيه اسالك خيره وخير ما صنع له واعوذ بك من شره وشر ما صنع له
എന്ന ദിക്ർ പതിവാക്കുകയും ചെയ്തിരുന്നു. തിരുനബിക്ക് പ്രിയമുള്ള മറ്റൊന്നാണ് കറുത്ത ബുർഖ വസ്ത്രം (ഒരുതരം യമനി വസ്ത്രം) . അതുപോലെ നബിതങ്ങൾക്ക് പച്ച നിറത്തിലുള്ള രണ്ടു പുതപ്പുകളും ഉണ്ടായിരുന്നു .
വസ്ത്രങ്ങളുടെ നിറങ്ങളിലും പ്രവാചക അധ്യാപനങ്ങൾ കാണാവുന്നതാണ്. ഇസ്ലാം തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നു. ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് നിവേദനം: തിരുനബി (സ്വ) പറഞ്ഞു :നിങ്ങൾ ജീവിച്ചിരിക്കുന്ന സന്ദർഭത്തിലും മരിച്ചു കഫം പൊതിയുന്ന സമയത്തും വെള്ളയെ മുന്തിക്കണം. കാരണം നിങ്ങളുടെ വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് തൂവെള്ള വസ്ത്രമാണ്."
പരാമർശിക്കപ്പെട്ട വസ്ത്രധാരണകൾ ഇസ്ലാമിൻറെ സ്വത്വത്തെ പ്രകടമാക്കുന്നതാണ്. ഈ വസ്ത്രധാരണയാണ് തിരുനബി (സ്വ) ലോക മുസ്ലിങ്ങൾക്ക് പ്രതിനിധാനം ചെയ്തത്. അതാണ് അറിവിൻറെ മേഖലകളിലേക്ക് ഒഴുകിയെത്തുന്ന സാരഭികളിലൂടെ പ്രതിഫലിക്കുന്നത്.

Comments
Post a Comment