Skip to main content

എന്നിട്ടും തിരുദൂതർ വിനയാന്വിതനായി നടന്ന് നീങ്ങി


 

ജസീൽ ടി


സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ടരാണ് തിരുനബി ﷺ . അങ്ങനെ വരുമ്പോൾ സർവോത്കൃഷ്ട ഗുണങ്ങളും തിരുനബി ﷺ തങ്ങളിൽ സംഗമിക്കണമെന്നായി. തിരു ജീവിതത്തിലെ നിമിഷങ്ങളത്രയും ഉൽകൃഷ്ടമാവണമെന്നായി . തിരു ജീവിതം ഇഴകീറി പരിശോധിക്കുമ്പോൾ സങ്കല്പങ്ങൾക്കപ്പുറത്ത് യാഥാർത്ഥ്യങ്ങൾ അതിശയോക്തി തീർക്കുന്നതായി കാണാം. അന്ത്യപ്രവാചകരായി തങ്ങളെ തന്നെ അല്ലാഹു നിയോഗിക്കുന്നത് നന്മകളുടെയും ഉത്കൃഷ്ട സ്വഭാവങ്ങളുടെയും പരിപൂർണ്ണത ലോകത്തിന് പരിചയപ്പെടുത്താനായിരുന്നുവെന്ന് തിരു ജീവിതം പഠിക്കുന്നതിലൂടെ ബോധ്യമാകും. ഉൽകൃഷ്ടമായ അവിടത്തെ സ്വഭാവങ്ങളിലൊന്നായിരുന്നു വിനയം.
ഔന്നത്യവും മഹത്വവും ഒരു വ്യക്തിക്ക് കൽപ്പിക്കപ്പെടുന്നത് യഥാർത്ഥത്തിൽ പ്രാപ്തിയും വിനയവും അയാളിൽ ഒരുപോലെ സംഗമിക്കുമ്പോഴാണ്. ഉത്കൃഷ്ട സ്വഭാവഗുണങ്ങളുടെ പരിപൂർണ്ണത തിരുനബിയിൽ കാണാം എന്നാകുമ്പോൾ വിനയം പരിപൂർണ്ണമാകുന്നത് തിരു ജീവിതത്തിലൂടെയാകണം. ലോകത്തെ ഏറ്റവും വിനയാന്വിതമായ വ്യക്തിത്വം തിരുനബി തങ്ങളാണെന്ന് ചുരുക്കം.

മക്കം ഫത്ഹിന്റെ വേളയിൽ തിരുനബി ﷺ മക്കയിൽ പ്രവേശിക്കുന്നത് തൻറെ ഒട്ടകത്തിലേക്ക് തലതാഴ്ത്തിപ്പിടിച്ച് വിനയാന്വിതനായിട്ടായിരുന്നു . തിരുനെറ്റിത്തടം വാഹനത്തോട് തട്ടാൻ അടുത്തിരുന്നു എന്ന് ചരിത്രഗ്രന്ഥങ്ങളിൽ കാണാനാവും.

ഒരിക്കൽ തിരു നബി ﷺ അരുളി :" ഒരു അടിമ എപ്രകാരം ഭക്ഷിക്കുമോ അപ്രകാരം ഭക്ഷിക്കുന്ന ഒരു അടിമ മാത്രമാണ് ഞാൻ.ഒരു അടിമ ഇരിക്കുന്നത് പോലെയാണ് ഞാൻ ഇരിക്കുക." തിരുനബി ﷺ വാഹനമായി കഴുതയെ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുനബിﷺ വാഹനപ്പുറത്തേറുമ്പോൾ പിന്നിൽ ഒരാൾ( رديف) ഉണ്ടാകാറുണ്ടായിരുന്നു. മക്കം ഫത്ഹിന്റെ വേളയിൽ ഉസാമത് ബിൻ സൈദ് (റ) ആയിരുന്നു നബിയുടെ വാഹനപ്പുറത്ത് പിന്നിലായി ഉണ്ടായിരുന്നത്. തിരുനബി ﷺ പാവപ്പെട്ടവരുടെ വിളിക്ക് ഉത്തരം ചെയ്യാറുണ്ടായിരുന്നു. ദരിദ്രരായ ആളുകളോടൊപ്പം കൂടിയിരിക്കാറുണ്ടായിരുന്നു .

തിരുസംസാരങ്ങളിൽ അവിടുന്ന് ഒരു ദൂതനാണ് എന്ന് പറയുന്നതിനു മുമ്പ് അല്ലാഹുവിൻറെ അടിമയാണെന്ന് പരിചയപ്പെടുത്തുന്നത് ദർശിക്കാനാകും. അതുപോലെ "ഞാൻ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനല്ല" എന്നെല്ലാം പറയുന്നതിലൂടെ തിരുനബി വിനയത്തിന് മാതൃക കാണിക്കുകയാണ്.

അംറു ബിൻ ആസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ അവിടുന്നരുളി :" നിങ്ങൾ മുഅദ്ദിനെ ശ്രവിക്കുകയാണെങ്കിൽ അദ്ദേഹം പറയുന്നത് പോലെ പറയുക. ശേഷം എൻറെ മേൽ സ്വലാത്ത് ചൊല്ലുക കാരണം എൻറെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അവന്റെ മേൽ അള്ളാഹു പത്ത് സ്വലാത്ത് ചൊല്ലും. പിന്നീട് എനിക്കായി നിങ്ങൾ വസീലയെ ചോദിക്കണം. അത് സ്വർഗ്ഗത്തിലെ ഒരു പദവിയാണ് ആ സ്ഥാനം അല്ലാഹുവിൻറെ അടിമകളിൽ നിന്ന് ഒരു അടിമക്ക് മാത്രം ലഭിക്കുന്നതാണ്. ആ അടിമ ഞാൻ ആകാൻ ഞാൻ ആഗ്രഹിക്കുന്നു." ഈ പറഞ്ഞത് തിരുനബി അവിടുത്തെ വിനയം കൊണ്ട് പറഞ്ഞതാണെന്ന് ഈ ഹദീസിന്റെ വിശദീകരണങ്ങളിൽ കാണാനാകും. കാരണം ഏറ്റവും മഹോന്നതമായ പദവിക്ക് അർഹൻ ഏറ്റവും മഹോന്നതനായിരിക്കും. സൃഷ്ടിജാലങ്ങളിലെ അത്യുൽകൃഷ്ടരായ തിരുനബി തന്നെയാണ് അപ്പോൾ ഈ സ്ഥാനത്തിന് ഏറ്റവും അർഹർ. എന്നിട്ടും തിരുനബി ﷺ "ആ അടിമ ഞാൻ ആവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്" എന്ന് പറയുന്നത് അവിടത്തെ വിനയം കൊണ്ടാണെന്ന് വ്യക്തമാണ്.

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...