സിയാദ്
നബിയെ...
അങ്ങയാല്‍ വചിക്കപ്പെട്ടവയത്രയും
മഴമേഘമുരുണ്ടുകൂടുമ്പോൾ മാത്രം
വരാറുള്ള
ഇയ്യാംപാറ്റകളായിരുന്നില്ല.
അന്നവിടം,
ദുർഗന്ധം വമിയ്ക്കുന്ന
കപടസ്വരങ്ങൾ എത്രയോ ഉണ്ടായിരുന്നു.
എന്നിട്ടുമങ്ങയുടെ വചനസുഗന്ധമാ
മരുഭൂമിയിലുറവയെടുത്താഴമേറിയ
മഹാ സമുദ്രമായി.
അതിൽനിന്നു കുറുക്കിയെടുത്ത
ഉപ്പുതരികൾ വിതറുമ്പോൾ
കൈപ്പുള്ള ജീവിത വിഭവങ്ങൾക്കെ-
ന്തൊരു മധുരമാണെന്നോ !
അവിടുത്തെ വാചാലത
മൗനത്തിലായിരുന്നു.
നിശബ്ദതയുടെ ദൈർഘ്യം
കാലത്തിനു ചുമക്കാൻ വാക്കുകൾ ചേറുന്ന
പണിപ്പുരകളായിരുന്നു .
ഉരുൾപൊട്ടിക്കരകവിഞ്ഞല്ലാത്ത ഭാഷണം
ശാന്തമായി...... സൗമ്യമായൊ-
ഴുകിയതു പതിയെ
അങ്ങയെ കേൾക്കുന്ന
വാതായനത്തിൻ സാക്ഷയിൽ
ആണികൾ തറച്ചു വെച്ചു കാലം .
പക്ഷേ...... സുകൃതമാം വിജാഗിരികൾ
തുരുമ്പെടുത്തവയെങ്കിലും
കിനാവിന്റെ കിളിവാതിലിപ്പോഴും
താഴുകളില്ലാത്തതാണ്.......

Comments
Post a Comment