Skip to main content

പ്രശോഭിതം തിരുവദനം




അബ്ദു റഹീം സി


"ഒളിവിതറുന്ന മണിദീപമായാണ് നാം നിങ്ങളെ നിയോഗിച്ചത്" എന്ന് അല്ലാഹു തആല തിരുദൂതരെ സംബന്ധിച്ച് വർണ്ണിക്കുന്നു . മനുഷാകൃതി പൂണ്ട ആ മണിദീപം തിരുവചനങ്ങൾക്കൊപ്പം വദനത്തിലൂടെയും വെളിച്ചം പരത്തിയിരുന്നു. അവിടുത്തെ തിരുമുഖചാരുതി അക്ഷരങ്ങളിൽ വിവരിക്കൽ ഏറെ ശ്രമകരമാണ്. എന്നിട്ടും തിരുസന്നിഹിതം സൂക്ഷ്മമായാസ്വദിച്ച അവിടുത്തെ അനുചരവൃന്ദം പദപ്രയോഗവിശേഷണങ്ങളിലൂടെ തിരുവദനത്തെ വിവരിച്ചതും ഉപമാലങ്കാരങ്ങളിലൂടെ സൃഷ്ടിലോകത്തെ അത്യധികം ആസ്വാദ്യകരമായ പ്രതിഭാസങ്ങളിലേക്ക്ചേർത്തിപ്പറഞ്ഞതും, നേത്രസുഖിയായ അത്തരം ഉപമാനങ്ങൾക്ക് പ്രവാചകരുടെ മുഖലാവണ്യം പ്രതിഫലിപ്പിക്കാൻ വണ്ണം പ്രാപ്തിയില്ലെന്ന ബോധ്യത്തോടെതന്നെയായിരുന്നു. അതുകൊണ്ടാവണം അവർ പല വഴിയെ നിലാപൗര്‍ണമിയായും, സൂര്യഗോളമായും, വെട്ടിത്തിളങ്ങുന്ന വാൾത്തലയായും തിരുവദനത്തെ വിവരിക്കാൻ തുനിഞ്ഞത്.

തിരുനബി ﷺ യുടെ മുഖകാന്തിയിൽ നിന്ന് പ്രസരിച്ച പ്രഭയിൽ, ഇരുളിൽ വീണുപോയ സൂചി താൻ കണ്ടെടുത്തുവെന്ന് പങ്കുവെച്ച മഹതി ആയിഷ (റ) യുടെ വചനങ്ങൾ തങ്ങളുടെ പ്രസന്നവദനത്തെ ഉത്തമമായി വരച്ചു കാണിക്കുന്നു. കൂടാതെ ബറാഉബിൻ ആസ്വിബ് (റ) "പ്രവാചകരുടെ വദനം വാൾ പോലെ തിളക്കമുള്ളതാണോ" എന്ന് ചോദിക്കപ്പെട്ടപ്പോൾ "മറിച്ച് പൗർണമി സമാനമെന്ന്" തിരുത്തുകയാണുണ്ടായത്. ഇവിടെ ഉപമ, പ്രവാചകരുടെ മുഖകാന്തിയെയും ആകാരത്തെയും സംബന്ധിച്ചാണെന്ന് പണ്ഡിതർ വിശദീകരിക്കുന്നു.

പ്രവാചകരുടെ അടുക്കൽ വളരുകയും അവിടുത്തെ സൂക്ഷ്മവിശേഷണങ്ങൾ പങ്കുവെക്കുകയും ചെയ്ത ഖദീജ(റ) യുടെ പുത്രൻ ഹിന്ദ് ബിൻ അബീഹാല (റ) നബിതങ്ങൾക്ക് വിശാലമായ നെറ്റിത്തടവും, നീളമുള്ളതും പരസ്പരം കൂടിച്ചേർന്നതല്ലാത്തതുമായ പുരികങ്ങളുമായിരുന്നുവെന്നും കോപിഷ്ഠനാകുമ്പോൾ പുരികങ്ങൾക്കിടയിൽ വിയർപ്പുകണങ്ങൾ പൊടിയുമായിരുന്നുവെന്നും പങ്കുവെക്കുന്നു. സമാനമായി ആയിഷ(റ) യെ തൊട്ടും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഉമ്മു മഅബദ് (റ) നബിതങ്ങളുടെ പുരികങ്ങൾ ചേർന്നതായിരുന്നുവെന്ന് പറയുന്നതായും കാണാം. കൂടുതൽ കൃത്യതയാർന്നത് ഹിന്ദി (റ) ൻറെ വാക്കുകളാണെന്ന പണ്ഡിതപക്ഷമുണ്ടെങ്കിലും, "ആദ്യകാലത്ത് നബിയുടെ പുരികം ചേരാത്തതായിരുന്നു. പിന്നീട് അവയ്ക്കിടയിൽ നേർത്ത രോമങ്ങളുണ്ടായിയെന്ന് " സമന്വയിപ്പിക്കുന്നതായി കാണാം.

ആകർഷണീയമായ അവിടുത്തെ നയനം, കണ്മണി കൂടുതൽ കറുത്തതും വെളുത്ത ഭാഗം ഉഗ്രമായ ധവളവർണ്ണത്തിലുള്ളതായിരുന്നെന്ന് അലി (റ) വിവരിക്കുന്നതായി കാണാം. കൺപോളകളിൽ ഞരമ്പുകൾ ചുവപ്പു നിറത്തിലായി കാണപ്പെടുന്നതായി ജാബിർ ബിൻ സമുറ (റ) പറഞ്ഞിട്ടുണ്ട്. അവിടുത്തെ നേത്രങ്ങളിൽ സുറുമയിട്ട പ്രതീതിയുണ്ടായിരുന്നു. കൺകളിൽ ചുവപ്പു വർണ്ണം ഉള്ളതായി അലി, അനസ് (റ) എന്നിവർ വിവരിക്കുന്നുണ്ട്. ഈ വർണ്ണമാണ് തിരുദൂതരെ "അക്ഹലുൽ ഐനൈൻ" എന്ന് വിശേഷിപ്പിക്കപ്പെടാൻ കാരണമെന്ന് ഇമാം നവവി(റ) വിശദീകരിക്കുന്നു.

നബി തങ്ങളുടെ കാതുകളുടെ ആകാരവും ആകർഷണീയമായിരുന്നു. അബൂഹുറൈറ (റ) പറയുന്നു :" നബി തങ്ങൾ കാതുകൾ പരിപൂർണ്ണത ലഭിച്ചവരായിരുന്നു". മിടഞ്ഞുവെച്ച മുടികൾക്കിടയിലൂടെ പുറത്തേക്ക് നിൽക്കുന്ന പ്രവാചകരുടെ കാതുകളുടെ ചിത്രം മഹതി ആയിഷ(റ) യും വർണിച്ചിട്ടുണ്ട്.

ഇന്ദ്രിയാവയവങ്ങൾ എന്ന നിലയിൽ അവിടുത്തെ കൺ- കാതുകളുടെ ചാരുതിയും പൂർണതയും ആകാരവടിവിൽ മാത്രം നിക്ഷിപ്തമല്ല. മറിച്ച് അവ സംവിധാനം ചെയ്യുന്ന ശ്രവണ-ദൃശ്യ ശേഷിയെ കൂടുതൽ പരിഗണിച്ചാണല്ലോ. അപ്പോൾ പ്രവാചകരുടെ അതിമാനുഷികമായ ഇന്ദ്രിയശേഷികൾ ഇവിടെ ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു. അചേതനങ്ങളിൽ നിന്നുള്ള ശബ്ദവീചികളും, ദിവ്യമായ ആകാശവാണികളും തങ്ങൾ ശ്രവിച്ചിരുന്നു. അഭൗതികമായ യാഥാർത്ഥ്യങ്ങളിലേക്കും അവരുടെ ദൃഷ്ടി പതിഞ്ഞിരുന്നു. അവർ പ്രവാചകനേതാവല്ലോ.

തിരുനബി ﷺ തങ്ങളുടെ മൂക്ക് നീളമുള്ളതും, അഗ്രം ലോലവും മധ്യഭാഗത്തായി അല്പം ഉയർച്ചയുള്ളതായും അലി(റ) വിവരണം നൽകുന്നതായി കാണാം. ഹിന്ദ് ബിൻ അബീഹാല (റ) പറയുന്നു:" പ്രവാചകരുടെ നാസികയിൽ പ്രകാശം ഉണ്ടായിരുന്നു. പ്രധമദൃഷ്ടിയിൽ ഒരു പൊന്തലായി അത് തോന്നപ്പെടും." നാസികയുടെ നീളം ചിന്താസാമർത്ഥ്യസൂചകവും വികാരോത്തേജകമായും പരിഗണിക്കപ്പെടുന്നുണ്ട്.

തിരുദൂതരുടെ കവിൾ തടം മനോഹരമായ വെളുത്ത നിറത്തിലായിരുന്നെന്ന് അബൂഹുറൈറ (റ) പങ്കുവെക്കുന്നുണ്ട് ആയിഷ, അലി, ഹിന്ദ് (റ) എന്നിവരെല്ലാം അവിടുത്തെ കപാലചാരുതിയെ സംബന്ധിച്ച് നിർമലചർമ്മവും മാംസനിബിഢമല്ലാത്തതുമായും വിശേഷണം നൽകുന്നു.

പ്രവാചകരുടെ വായകം വിശാലവും മനോഹരവും ആയിരുന്നു. പരിമളനിർഭരവുമായിരുന്നുന്നും അനസ്(റ) കൂട്ടിച്ചേർക്കുന്നു. അവിടുത്തെ അധരപല്ലവങ്ങളെ സംബന്ധിച്ച് "സൃഷ്ടികളിൽ ഏറ്റവും മൃദുലം" എന്നായിരുന്നു ആയിഷ(റ) വിവരിച്ചത്. കൂടാതെ അവിടുത്തെ പല്ലുകൾ തിളക്കമുള്ളതും മൂർച്ചയുള്ളതും നേർത്ത വിടവുള്ളതുമായിരുന്നു. അതിലോലമായ ആ വിടവുകൾ സംസാരിക്കുന്ന വേളയിൽ പ്രകാശിക്കുന്നതായി ദൃശ്യമാകാറുണ്ടായിരുന്നെന്ന് ഇബ്നു അബ്ബാസ് (റ) പറയുന്നതായി കാണാം. നബിﷺ തങ്ങൾ മീശരോമം കൂടുതലായി വളർത്തിയിരുന്നില്ല. ഒത്ത വലുപ്പമുള്ളതും അഴകുള്ളതുമാണെന്ന് അവയെ സംബന്ധിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവിടുത്തെ താടി രോമം തിങ്ങിയതും ഗാംഭീര്യം സ്ഫുരിക്കുന്നതും നെഞ്ചിലേക്ക് ഇറങ്ങിയതുമായിരുന്നു. നല്ല കറുപ്പ് നിറമായിരുന്നെന്ന് അബൂഹുറൈറ (റ) വിശേഷിപ്പിക്കുന്നു.

വെളുത്ത മുടിയിഴകൾ അല്പം ചെന്നിയിലും ചൂഴ്ത്താടിയിലും തലയിലും ഉണ്ടായിരുന്നെന്ന് അനസ് (റ) പറയുന്നതായി കാണാം. അവിടുത്തെ നര ബാധിച്ച മുടിയിഴകളുടെ എണ്ണത്തെ സംബന്ധിച്ചുള്ള അഭിപ്രായന്തരങ്ങളെ ഇബ്നു ഹജറുൽ അസഖലാനി (റ) സമന്വയിപ്പിക്കുന്നതിപ്രകാരമാണ്: "ചിലർ താടിയിലുള്ള മുഴുവൻ നരയാണ് എണ്ണിയത്. മറ്റു ചിലർ ചൂഴ്ത്താടിയിലും, വട്ടത്താടിയിലും ഉള്ളതിനെ സംബന്ധിച്ചാണ് പറഞ്ഞത്. എന്നാൽ താടിയിലും ശിരസ്സിലുമായി നര ബാധിച്ച മുടികൾ 20ന് താഴെയായിരുന്നു."

പ്രകാശത്തിൻറെ പുരുഷാവതാരമായ പ്രവാചകൻറെ മുഖകാന്തി സംബന്ധിയായ പ്രോക്ത വിവരണങ്ങൾ അവിടുത്തെ ആകാരചാരുതിയുടെ പാരമ്യത വ്യക്തമാക്കുന്നു. 

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...