Skip to main content

സ്നേഹം തുളുമ്പിയ തിരു നർമ്മങ്ങൾ


 മുഹമ്മദ് റാഷിദ്



നർമ്മം നിർമ്മല മനസ്സിൻറെ നിർമ്മിതിയാണ്. നർമ്മത്തിന്റെ ഉറവയൊഴുക്കാൻ എല്ലാ മനങ്ങൾക്കും ഒരുപോലെ സാധ്യമാവണമെന്നില്ല. വരണ്ട ഹൃദയങ്ങളിൽ നർമ്മം മാത്രമല്ല സ്നേഹവും വാത്സല്യവും ചെറുപുഞ്ചിരിപോലും ലവലേശം ശോഭിക്കുകയില്ല എന്നത് വസ്തുത തന്നെയും. തമാശകൾ സാധാരണ സംസാരങ്ങളിൽ സ്ഥിര സ്വീകാര്യതയുള്ള അതിഥിയാകയാൽ കേൾവിക്കാരന്റെ സമ്മതിക്കുവേണ്ടി കളവിന്റെയും പരിഹാസങ്ങളുടെയും മസാലയിൽ കുഴച്ചാണ് പലപ്പോഴും നമ്മുടെ വിവരണങ്ങൾ വിൽക്കപ്പെടാറുള്ളത്. ഇവിടെയാണ് പ്രവാചക വചനങ്ങളിലെ വർണ്ണപ്പകിട്ടുള്ള നർമ്മങ്ങൾക്ക് പ്രസക്തിയേറുന്നത്. തിരുനബി ﷺ യുടെ നർമ്മങ്ങൾ പോലും അളന്നു മുറിച്ചുള്ള സത്യത്തിന്റെ അമൃത് വചനങ്ങളായിരുന്നു
[عن أبي  هريرة ( ر) قال: قالوا :يا رسول الله انك تراعبنا ؟ قال: "اني لا اقول الا حقا" متفق عليه] 
അബൂഹുറൈറ (റ)യിൽ നിന്നും നിവേദനം പ്രവാചക അനുചരരിൽ ചിലർ നബി ﷺ യോട്: ചോദിച്ചു അങ്ങ് ഞങ്ങളോട് നർമ്മം പറയുന്നുണ്ടല്ലോ? നബി ﷺ പറഞ്ഞു :" ഞാൻ സത്യമല്ലാതെ പറയുകയില്ല". ഈ തിരു മൊഴിയെ വിശ്വാസി സമൂഹം വിധത്തിൽ പകർത്തേണ്ടതിന്റെ ആവശ്യകത ആദ്യം തന്നെ ഉണർത്തി കൊള്ളട്ടെ. തമാശകളിൽ മാത്രമല്ല ചെറിയ സംസാരങ്ങളിൽ പോലും കളവിന്റെ വഴിയെ പഴുതടച്ച് സൂക്ഷിച്ച മനസ്സിൻറെ വാക്താക്കളാവേണ്ടതുണ്ട് നാം. 


ജീവിത പ്രയാണത്തിന്റെ ഓരോ അടക്കാനക്കങ്ങളും മാതൃകയായി ഭവിച്ച പ്രവാചകൻ ﷺ യുടെ ഇടപെടലുകളിൽ അവിടുത്തെ നർമ്മത്തിനും മഹത്വമേറെയാണ്, സാഹചര്യയോചിതമായി മാതൃകാപരവും. പ്രവാചക ജീവിതത്തിൽ നർമ്മം നൃത്തമാടിയ ചില സന്ദർഭങ്ങൾ പരിചയപ്പെടാം.


 ഒരിക്കൽ ഒരു സ്ത്രീ നബി ﷺ യോട് സവാരി ചെയ്യാൻ തനിക്കൊരു ഒട്ടകം വേണമെന്ന് ആവശ്യപ്പെട്ടു. തിരുനബി ﷺ: "നിനക്ക് ഞാൻ ഒരു ഒട്ടകത്തിന്റെ കുട്ടിയെ തരാം".
 "ഒട്ടകത്തിന്റെ കുട്ടിയെ കൊണ്ട് ഞാനെന്ത് ചെയ്യാനാണ്, എന്നെ ചുമക്കാൻ കഴിയില്ലല്ലോ" നബി മറുപടി :"ഏതൊരു ഒട്ടകവും മറ്റൊരു ഒട്ടകത്തിന്റെ കുട്ടിയാണ്".


 നർമ്മത്തിൽ ഔഷധഗുണവുമുണ്ട്. അത് മനോവിഷമങ്ങളെ വിസ്മരിപ്പിക്കുന്നു. നല്ല സൗഹൃദങ്ങളുടെ സാന്നിധ്യം പോലെ തന്നെ അവിടെ പൊഴിയുന്ന നർമ്മവും നല്ല വേദനസംഹാരി കൂടിയാണ്. മാർഗവും ലക്ഷ്യവും സുകൃതമായ നർമ്മങ്ങളിൽ വിരിയുന്ന മന്ദഹാസങ്ങൾക്കും സ്നേഹ-വാത്സല്യങ്ങൾക്കും ഇരുഭാവനങ്ങളിലും സ്വീകാര്യതയുമുണ്ട്.


  തിരുനബി ﷺയുടെ നർമ്മങ്ങളും തങ്ങളുടെ വിശാലമനസ്കത പകർത്തും വിധമുള്ളതായിരുന്നു. പ്രവാചകനർമ്മങ്ങൾ വാത്സല്യ മനസ്സിൻറെ ഉടമകളായ കുഞ്ഞുമക്കൾ മുതൽ വയോജനങ്ങൾ വരെ ഉൾക്കൊണ്ടിരുന്നു. അനസ് (റ) നിന്നും നിവേദനം "അബൂത്വൽഹ(റ)ക്ക് അബൂ ഉമൈർ എന്ന് പേരുള്ള ഒരു മകൻ ഉണ്ടായിരുന്നു.നബി ﷺ ഇടയ്ക്കിടെ ഇവരുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. ഒരിക്കൽ നബിﷺ അവരുടെ വീട്ടിൽ ചെന്നപ്പോൾ അബൂ ഉമൈർ അവൻറെ പക്ഷിക്കുഞ്ഞിനെ കുഞ്ഞിൻറെ മരണത്തിൽ ദുഃഖിച്ചിരിക്കുകയായിരുന്നു. അപ്പോൾ നബിﷺ പറഞ്ഞു: "ഓ ഉമൈർ നുഗൈറിന് (പക്ഷിക്കുഞ്ഞ്) എന്തുപറ്റി?"  നർമ്മ രൂപത്തിൽ.
_   _   _   _

 ഹസനുൽ ബസ്വരി (റ)വിൽ നിന്ന് നിവേദനം: ഒരു വൃദ്ധ നബിﷺ യുടെ അടുക്കൽ വന്നു ചോദിച്ചു (ഇത് നബിയുടെ പിതൃസഹോദരി സഫിയ ബിൻത് അബ്ദിൽ മുത്ത്വലിബ് ആണെന്ന് പറയപ്പെടുന്നു) :"എനിക്ക് സ്വർഗ്ഗപ്രവേശനത്തിന് വേണ്ടി ദുആ ചെയ്യണം." നബിﷺ പറഞ്ഞു : "വൃദ്ധകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല." വൃദ്ധ ദുഃഖിതയായി. ഇത് കണ്ട നബിﷺ തങ്ങൾ പറഞ്ഞു :  "അപ്പോൾ നിങ്ങൾ വൃദ്ധയായിരിക്കില്ല." നർമ്മ രൂപത്തിൽ. 
   "നാം അവരെ സൃഷ്ടിക്കുകയും കന്യകകളാക്കുകയും ചെയ്തിരിക്കുന്നു" (വി.ഖു)

 നർമ്മങ്ങൾ പ്രായഭേദമന്യേ മനസ്സിൽ വരുത്തുന്ന മാറ്റം ചെറുതല്ല.അതിനാൽ സ്വീകാര്യവുമാണ്. നബി ﷺ തങ്ങളും നല്ല നർമ്മങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. ഇത് വ്യക്തമാക്കുന്ന സംഭവങ്ങൾ ഹദീസിൽ  കാണാൻ സാധിക്കും.
           ഒരിക്കൽ തിരുനബിﷺ ചെങ്കണ്ണ് ബാധിതനായ സുഹൈബ് (റ) വിനെ സന്ദർശിച്ചു. നബി തങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം കാരക്ക ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ നബിﷺ ചോദിച്ചു: "ചെങ്കണ്ണ് ബാധിതനായ നീ കാരക്ക കഴിക്കുകയാണോ!" അന്ന് ചെങ്കണ്ണ് ബാധിതനായ രോഗി കാരക്ക കഴിക്കുന്നത് രോഗം മൂർച്ഛിക്കാൻ കാരണമാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.സുഹൈബ് (റ) പറഞ്ഞു: "ഞാൻ രോഗം ഇല്ലാത്ത ഭാഗം കൊണ്ടാണ് ഭക്ഷിക്കുന്നത്." ഇതുകേട്ട് നബിﷺ അണക്കല്ല് കാണുവോളം ചിരിച്ചു. 

നർമ്മം മനുഷ്യസഹജമാണ്, പ്രിയങ്കരവും. കളവിന്റെ കലർപ്പില്ലാത്ത നർമ്മമാണ് നബിﷺ തങ്ങൾ പങ്കുവെച്ചിരുന്നതും ഇഷ്ടപ്പെട്ടിരുന്നതും. സർവ്വകർമ്മങ്ങളിലെന്നപോലെ നർമ്മങ്ങളിലും നാം പ്രവാചക തിരുമേനിയെ മാതൃകയാക്കേണ്ടതുണ്ട്. അവിടെയാണ് പ്രവാചക പ്രണയത്തിൻറെ സർവ്വോന്നതതലം. അതെ പ്രവാചക ജീവിതത്തിന്റെ പറിച്ചു നടീൽ.

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...