Skip to main content

കെ.ടി ഉസ്താദിന്റെ ഹജ്ജ് യാത്ര.


 കെ.ടി ഉസ്താദിന്റെ ഹജ്ജ് യാത്ര.


തവക്കുലിന്റെ പങ്കായവുമേന്തി ഇലാഹിലേക്ക് തുഴഞ്ഞുപോയ റൂട്ട്മാപ്പുകൾ


✒ മിൻഹാജ് ഇ.കെ ചാഴിയോട് 



ഒഴുകിപ്പരക്കുന്ന കടലലകളിലൂടെ മലയാളക്കരയിൽ നിന്നും മക്കമണ്ണിലേക്ക് ആത്മസ്നേഹത്തിന്റെ പങ്കായവുമേന്തി തുഴഞ്ഞുപോയ മഹബ്ബത്തിന്റെ നൗകകൾക്ക് കൈയ്യും കണക്കുമില്ല.സമുദ്രപരപ്പിന്റെ വിജനത വരച്ചുവെച്ച ഭീതിയുടെ കനലുകളെയെല്ലാം അവർ അനുരാഗത്തിന്റെ സ്നേഹപാനം കൊണ്ട് തുടച്ചുനീക്കിയാണ് മുന്നേറിയത്.താപോന്മുഖമായ സൈകതഭൂമിയിലേക്കുള്ള  പ്രയാണമാണെന്നറിഞ്ഞിട്ടും പരശ്ശതങ്ങളുടെ മനസ്സകങ്ങളിൽ സന്തോഷനിർവൃതിയുടെ തുശാരബിന്ദുക്കൾ കുളിർതന്നെലായി പരന്നൊഴുകുകയായിരുന്നു.

കാത്തിരുന്ന കിനാവിന്റെ സാക്ഷാത്കാരമായി വിശുദ്ധ ഭൂമികയുടെ ഹജ്ജാജിമാരെന്ന മേൽവിലാസത്തിലെ വെണ്മയിലലിഞ്ഞപ്പോൾ സിരയിലും ധമനിയിലും  തളംകെട്ടുന്ന ആത്മസായൂജ്യത്തിന്റെ മേഘാവൃതാന്തരീക്ഷങ്ങൾ ശുക്റലകളുടെ ചുടുബാഷ്‌പങ്ങളായി തോരാതിറങ്ങിക്കൊണ്ടിരുന്നു.


ഹജ്ജ് തയ്യാറെടുപ്പുകളും യാത്രകളുമെല്ലാം ആത്മനിർവൃതിയുടെ അനാവരണമാണെങ്കിലും

പതിറ്റാണ്ടുകളുടെ പഴക്കമുള്ള കപ്പൽ മാർഗമായ ഹജ്ജ് യാത്രയുടെ പഴങ്കഥകൾ പകർന്ന ഈമാനികാവേശവും  പ്രവാചകനുരാഗവും വേറെ തന്നെയാണ്.ഹജ്ജോർമ്മകളുടെ

ആർദ്രതയുള്ള അനുഭവങ്ങൾ ആത്മഹർഷത്തിന്റെ ആന്ദോളനങ്ങളായി പെയ്തിറങ്ങുമ്പോൾ ഹൃദയം കൊണ്ട് പരിശുദ്ധ ഭൂമിയിലേക്കെത്തിയതായി അനുഭവപ്പെടുമെന്ന് തീർച്ച. കാലത്തിന്റെ മാറാലകൾക്കിടയിൽ നിന്നും പൊടിതട്ടിയെടുത്ത  പ്രയാസം താണ്ടിയുള്ള ഹജ്ജോർമ്മകൾ അനുഭവവേദ്യമാംവിധം മലയാളിയുടെ മനസ്സകങ്ങളിൽ പരുവപ്പെടുത്തിയെടുത്ത പൂർവ്വികരുടെ ചരിത്രാവതരണവും അനുഭവപറച്ചിലുകളും അപാരമെന്നതിൽ തർക്കമില്ല.


ജീവിതയാത്രയുടെ മരുപ്പച്ചയിൽ സ്വപ്നങ്ങളുടെ വഞ്ചി തുഴഞ്ഞ് ഹജ്ജ് സാക്ഷാത്കാരത്തിന്റെ അറേബ്യൻ ഭൂമികയിലെത്തിയ ജീവിതങ്ങൾ എത്രയധികം സൗഭാഗ്യരാണ്.അത്തരമൊരു, ഹൃദയവികാരത്തിന്റെ സന്തോഷനിർഭരമായ സാക്ഷാത്കാരത്തിന് പടച്ചറബ്ബ് സൗഭാഗ്യമേകിയവരിൽ ബഹുമാന്യരും  പ്രിയങ്കരരുമായിരുന്ന മർഹൂം  കെ.ടി ഉസ്താദുമുണ്ടായിരുന്നു.


കോഴിക്കോടിന്റെ വിദൂരതയിൽ നിന്നും പങ്കായമേന്തിത്തുടങ്ങി കിലോമീറ്ററുകൾ താണ്ടിയും കടവുകൾ കടന്നും കടൽകാറ്റേറ്റും സ്വപ്നഭൂമിയിലെത്തിയ അനുഭവത്തിന്റെ നേർസാക്ഷ്യങ്ങളെ സായൂജ്യത്തിന്റെ വാക്കുകൾ കൊണ്ട്  ഉസ്താദ് പലരോടും പലപ്പോഴും പങ്കുവെക്കുമായിരുന്നു.അനുരാഗം നിറച്ചുവെച്ച് നനഞ്ഞുറച്ച ഹജ്ജോർമ്മകളെ ഹൃദയംകൊണ്ട് പറഞ്ഞുപൂർത്തീകരിക്കാൻ പലപ്പോഴും ഉസ്താദുനുള്ളിലെ സ്നേഹമനസ്സ് ശ്രമിച്ചുകൊണ്ടേയിരുന്നു.സ്വത്വസിദ്ധമായ, തനിമയത്ത മാപ്പിളപ്പാട്ടിന്റെ വരികളിലും അനുഭവങ്ങളുടെ അക്ഷരക്കൂട്ടങ്ങളിലും ശാന്തമായി ഒഴുകിപ്പെരക്കുന്ന കാട്ടാരവിയുടെ കാനന ഭംഗിയോടെ ഉസ്താദ് തന്റെ ഹൃദ്യമായ ഹജ്ജോർമ്മകളെ രേഖപ്പെടുത്തിയതായി കാണാം.


പുരോഗമന വിസ്ഫോടനങ്ങളുടെ വർത്തമാനത്തിന്റെ ചുമർമാറിലിരുന്ന് നാലു പതിറ്റാണ്ടുകൾക്കപ്പുറത്തെ കെ.ടി ഉസ്താദിന്റെ ഹജ്ജ് യാത്രയുടെ അക്ഷരക്കൂട്ടങ്ങളെ അനുഭവങ്ങൾ കൂട്ടിയിട്ടു കത്തിച്ച വെളിച്ചത്തിൽ വായിച്ചുതീർക്കുമ്പോൾ ഉടലാകെ വിശ്വാസാവേശത്തിന്റെ വെളിച്ചവും നിഴലും പടരുമെന്നത് സത്യം. ചരിത്രത്തിന്റെ വെളിച്ചവും അനുഭവങ്ങളുടെ തീക്ഷ്ണതയുമാണ് ഓർമ്മകളുടെ ഓളങ്ങളിൽ അടുക്കിവെച്ച വരികൾക്ക് ജീവൻ നൽകുന്നത്. നിഷ്കളങ്കമായ അനുരാഗിയുടെ ആത്മസായൂജ്യത്തിന്റെ ഹൃദയാന്തരങ്ങളിൽ നിന്നും അനുവാചക സമക്ഷത്തിലേക്ക് പരന്നൊഴുകിയ വരികളുടെ വശ്യത അനിഷേധ്യം തന്നെ.


1968 -ലാണ്  കെ.ടി ഉസ്താദ് ചില സുഹൃത്തുക്കൾക്കൊപ്പം ഹജ്ജിന് അപേക്ഷിക്കുന്നത്. 1968-ആഗസ്റ്റ് മൂന്നിന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ സമീപിച്ച് ആവിശ്യമായ ഫോറങ്ങൾ വാങ്ങിവെച്ചു.ആഗസ്റ്റ് 13-ന് ഫോറങ്ങൾ പൂരിപ്പിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ശരിപ്പെടുത്തി ഡക്ക് ക്ലാസിക്കിനുള്ള 745 കയുടെ  ഡ്രാഫ്റ്റോടു കൂടി അപേക്ഷകളയച്ചു. കേരളത്തിൽ നിന്നുള്ള ക്വാട്ട കുറവായിരുന്നതിനാൽ കോയമ്പത്തൂരിൽ നിന്നാണ് അപേക്ഷകളയച്ചത്.വി. കുഞ്ഞാപ്പു ഹാജി കണ്ണത്ത്, ടി. നാണി ഹാജി കണ്ണത്ത്, ടി. കുഞ്ഞിമുഹമ്മദ് ഹാജി പുൽവെട്ട, വി. മൂസഹാജി ഇരിങ്ങാട്ടിരി, സി. കുഞ്ഞമ്മു ഹാജി ഇരിങ്ങാട്ടിരി, ആര്യാടൻ  മുഹമ്മദ് ഹാജി തരിശ്,  സി.കെ മുഹമ്മദ് മുസ്‌ലിയാർ അരിപ്ര എന്നിവരും ഉസ്താദിന്റെ ഭാര്യ മാതാവ്,  സി.കെ മുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യമാതാവ്, ആര്യാടൻ മുഹമ്മദ് ഹാജിയുടെ ഭാര്യ എന്നിങ്ങനെ മൂന്ന് സ്ത്രീകളുമടങ്ങുന്നതായിരുന്നു ഉസ്താദിന്റെ ഹജ്ജ്സംഘം.


അപേക്ഷ സമർപ്പിച്ചതിന് ശേഷം നീണ്ട ആഴ്ചകൾ കാത്തിരിപ്പിന്റെ ദിനരാത്രങ്ങളായിരുന്നു. അതിനിടയിലാണ് " നറുക്കെടുപ്പിൽ നിങ്ങളുടെ അപേക്ഷകൾ കിട്ടിയിരിക്കുന്നു.യാത്ര റംസാനിനു ശേഷം, വിശദവിവരത്തിന് ബി. ഫോറം  പ്രതീക്ഷിക്കുക". എന്നറിയിച്ചു കൊണ്ടുള്ള കാർഡ് സെപ്-29 ന് അപേക്ഷകരിലേക്കെത്തുന്നത്.ജീവിതത്തിന്റെ  ജൈത്രയാത്രയിൽ പരിശുദ്ധമായ ഹജ്ജിന്റെ പാവനമായ സമാഗമ സംഗമത്തിന് അവസരം ലഭിച്ച സംഘം സന്തോഷത്തിന്റെ ആനന്ദകണ്ണീർ വാർത്തു.ശരിക്കും, പിന്നീടായിരുന്നുവെത്രെ കാത്തിരിപ്പിന്റെ നാളുകൾ.


പിന്നീട്, കാണുന്ന പരിചയക്കാരോടും ബന്ധങ്ങളോടും സ്നേഹവലയങ്ങളോടുമൊക്കെ യാത്ര പറഞ്ഞു മണിക്കൂറുകൾ കൊഴിഞ്ഞുപോയി. പലയിടങ്ങളിലും ഇഷ്ടജനങ്ങൾ സ്നേഹമസൃണമായ യാത്രയപ്പുകൾ സംഘടിപ്പിച്ചു.സുന്നി യുവജന സംഘത്തിന്റെ കീഴിൽ ഡിസം-23 ന് താനൂർ ഇസ്‌ലാഹുൽ ഉലൂമിൽ നൽകിയ യാത്രയപ്പാണ് ഏറ്റവും ഹൃദ്യമായിരുന്നതെന്ന് ഉസ്താദ് സന്തോഷത്തോടെ കുത്തിക്കുറിക്കാറുണ്ട്. പ്രാദേശികമായ മഹല്ല് ജമാഅത്തുകളും  പ്രസ്ഥാനിക സംഘടനകളും നാടിന്റെ നായകന് ഹൃദയം കൊണ്ട് യാത്രയേകി.


അതിയായ മോഹങ്ങളുടെയും നീണ്ട കാത്തിരിപ്പിന്റെയും സാക്ഷാത്കാരമെന്നോളം, 1968 - ഡിസംബർ 30 ന് തിങ്കളാഴ്ചയുടെ പ്രഭാതത്തിൽ തന്നെ സ്നേഹജനങ്ങളോട് സലാം പറഞ്ഞ്  കെ.ടി ഉസ്താദ് പരിശുദ്ധമായ ഹജ്ജ് യാത്രക്കിറങ്ങി.ആവിശ്യമായ അരി, വസ്ത്രങ്ങൾ, മറ്റു ചില്ലറവസ്തുക്കളെല്ലാം പാഥേയമായി കൂട്ടിനുണ്ടായിരുന്നു.ചൊവ്വാഴ്ച കോഴിക്കോട് നിന്നും ബോംബേക്കുള്ള കപ്പലിലായിരുന്നു ടിക്കറ്റ് ലഭിച്ചത്.മുപ്പതിന്റെ രാത്രിയിൽ കോഴിക്കോട് അംബാസിഡർ ലോഡ്ജിൽ താമസമാക്കി.ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം ഒരു മണിക്ക് ലോഡ്ജിൽ നിന്നും പുറത്തിറങ്ങി കസ്റ്റംസിലെ കർമങ്ങളല്ലാം കഴിഞ്ഞ് കടൽപാലത്തിലൂടെ നടന്ന് കോണിയിറങ്ങി.മൂന്ന് മണിക്കാണ് കോഴിക്കോട് നിന്നും കപ്പൽ  പ്രയാണമാരംഭിച്ചത്.കടൽപാലം വരെ ബന്ധുക്കളും സ്നേഹിതരുമായ ഒത്തിരിയധികം ജനങ്ങൾ അനുഗമിച്ചിരുന്നുവെന്ന ഓർമ്മകൾ ഉസ്താദ് ഹൃദ്യമായി ഓർക്കുന്നുണ്ട്. കോഴിക്കോടിൽ നിന്നും കപ്പലിൽ കയറിപ്പറ്റാനുള്ള സാഹസങ്ങൾ വളരെയധികമായിരുന്നുവെത്രെ.ആദ്യം തോണിയിലേക്ക് ഇറക്കം.ശേഷം, തോണിയിൽ നിന്നും കപ്പലിലേക്കുള്ള കയറ്റം.അവിടെയെല്ലാം അനുഭവപ്പെടുന്ന ആൾക്കൂട്ടങ്ങൾ തീർക്കുന്ന തിരക്കുകൾ.എല്ലാത്തിനുമൊടുവിൽ, പ്രയാണമാരംഭിക്കുന്നതോടെ ഉറ്റവരോടെല്ലാം പരസ്പരം കൈവീശി യാത്രപറയും.അങ്ങനെ, നീണ്ട പതിനൊന്നര മണിക്കൂറിന്റെ  പ്രയാണത്തിന് ശേഷം സരസ്വതിയിലെത്തി.


1969-ജനുവരി ഒന്നിന് കാലത്ത് 4 മണിക്കാണ് സരസ്വതി യാത്രതുടങ്ങിയത്. ഉച്ചക്ക് 12 മണിക്ക് മംഗലാപുരത്തെത്തി.അവിടെ നിന്നും ഒത്തിരിയധികം ജനങ്ങൾ കപ്പലിൽ ഇടംപിടിച്ചു.

അതിവേഗം മുന്നേറുന്ന  പ്രയാണവീഥിയിൽ മലപ്പയും  ബട്ക്കലും കാർവയും കടന്ന് ബുധനാഴ്ച്ച രാവിലെ 8 മണിക്ക് ഗോവ ഹാർബറിലെത്തി. വൈകുന്നേരം 3 മണിക്ക് ശേഷമേ ഗോവൻ തീരത്ത് നിന്നും പ്രയാണമാരംഭിക്കുകയൊള്ളൂ എന്നതിനാൽ തന്നെ പത്ത് മണിക്ക് കപ്പലിൽ നിന്നിറങ്ങി സമീപത്തുള്ള വാസ്കോടൗൺ സന്ദർശിച്ചു. വേണ്ടത്ര പരിഷ്കാരങ്ങൾ പരിചയിക്കാത്ത നഗരമാണ് വാസ്കോ.രണ്ടു മണിക്കൂറിന്റെ ഹൃസ്വ സന്ദർശനത്തിന് ശേഷം 12 മണിക്ക് തന്നെ  കെ.ടി ഉസ്താദും സംഘവും കപ്പലിൽ തിരികെയെത്തി.


സരസ്വതിയിൽ കേരളീയ ഭക്ഷണം വിളമ്പുന്ന മികച്ച കാന്റീനുമുണ്ടായിരുന്നുവെത്രെ.ഓരോരുത്തർക്കും ഇരിക്കുവാനും കിടക്കുവാനുമായി  പ്രത്യേക സീറ്റുമെന്നുമുണ്ടായിരുന്നില്ല.ലഭിക്കുന്ന സ്ഥലത്ത് ബെഡ് വിരിച്ചു ഇരിപ്പിടമൊരുക്കുന്നതായിരുന്നു പരിഹാരം.വൈകുന്നേരം 3.30 ന് കപ്പൽ യാത്ര തിരിച്ചു.വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബോംബെ ഹാർബറിലെത്തി.ഹാജിമാർക്കുള്ള മുസാഫിർ ഖാനയിൽ വൻ തിരക്കായതിനാൽ സത്താർ ബിശി എന്ന മറ്റൊരു ലോഡ്ജിൽ രണ്ട് ദിവസം താമസിക്കേണ്ടിവന്നു.


ജനുവരി പത്തിന് വെള്ളിയാഴ്ച്ച രാവിലെ മുസഫരി എന്ന കപ്പലിൽ ബോംബയിൽ നിന്നും യാത്രയായി.

യലംലമിന്റെ നേർക്ക് കപ്പലെത്തിയപ്പോൾ ഒന്നാമത്തെ ഹുങ്ക മുഴങ്ങി. ഒരു മണിക്കൂറിന് ശേഷം യലംലമിന്റെ പരിധികഴിഞ്ഞുവെന്നറിയിക്കുന്ന രണ്ടാമത്തെ ഹുങ്കയും മുഴങ്ങി.എട്ടാം ദിവസം  രാവിലെ 11 മണിക്ക് തന്നെ ജിദ്ദാ തുറമുഖം കണ്ടുതുടങ്ങിയിരുന്നുവെങ്കിലും 12 മാണിക്കാണ് കപ്പൽ ജിദ്ദയിലെത്തിയത്. അവിടെ നിന്നും പുലർച്ച ബസ്സിൽ രാവിലെ പത്ത് മണിക്ക് പരിശുദ്ധമായ മക്കയുടെ ഭൂമികയിലെത്തി. ആ വർഷം മക്കയിൽ പേമാരിയുണ്ടാവുകയും തുടർന്ന് ആളപായവും നഷ്ടങ്ങളുമുണ്ടായിരുന്നു.അറഫാത്തും മസ്ജിദുന്നമിറയും മുസ്ദലിഫയും വാദീ മുഹസ്റ്ററും മിനയും ദാറുൽ അർഖമുമെല്ലാം സന്ദർശിച്ചു.


1969 ഫെബ്രുവരി 6-ന് ചെവ്വാഴ്ച്ച രാത്രി മദീനയിലെത്തി. വൻ ജനത്തിരക്കായിരുന്നു മദീനയിലെത്രെ. വീട്ടുടമകൾ പറയുന്ന വാടകക്ക് വാടകമുറികൾ ഏറ്റെടുക്കേണ്ടതായിരുന്നു സ്ഥിതി. വെള്ളിയാഴ്ച രാവിലെ തന്നെ സിയാറത്തിന് പുറപ്പെട്ടു. മലയാളികളുടെ മുസ്വ്വിറായ സയ്യിദ് ബാഫഖി തങ്ങളുടെ കൂടെയാണ്  കെ.ടി ഉസ്താദും സംഘവും പുറപ്പെട്ടത്. മസ്ജിദുന്നബവിയുടെ തെക്കു-കിഴക്കേ മൂലയോടടുത്ത് ബാബു ജിബ്രീലിലൂടെ  പള്ളയിൽ പ്രവേശിച്ച് തഹിയ്യത്ത് നിസ്കരിച്ചു. ശേഷം, ജീവിതത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ  പ്രവാചക പ്രഭുവിന്റെ ഖബറിന്നടുത്ത് ചെന്ന് സലാം പറഞ്ഞ് മനമുരുകി  പ്രാർത്ഥിച്ചു.പിന്നീട്, സിദ്ധീഖ് തങ്ങളുടെയും ഉമർ തങ്ങളുടെയും സാമീപ്യം സലാം പറഞ്ഞ് പ്രാർത്ഥിച്ചു.

മദീനയിലെ  പ്രധാന സന്ദർശന കേന്ദ്രങ്ങളായ ദാർ അബീ അയ്യൂബ് (റ), ജന്നത്തുൽ ബഖീഅ്, മസ്ജിദുഖുബാ,ബിഅ്റ് അസാസ്, ഉഹ്ദ്, മസ്ജിദുൽ ഖിബ്ലതൈനി അടക്കമുള്ള സുപ്രധാന കേന്ദ്രങ്ങൾ വഴികാട്ടിയോടൊപ്പം സന്ദർശിച്ചു.


മദീനയിലെ പത്ത് ദിവസത്തിന് ശേഷം ഫെബ്രുവരി 16-ന് സുബ്ഹി നമസ്കാരാനന്തരം പ്രാതലും കഴിച്ച് മുത്ത് നബിയോട് യാത്ര പറയാനിറങ്ങി. ഹൃദയം   വിങ്ങിയ വാക്കുകളോടെ നനഞ്ഞുറച്ച കണ്ണും ഖൽബുമായി തിരുനബിയോട് സലാം പറഞ്ഞു.യാത്രക്കായി ഒരുക്കിയിരുന്ന വാഹനത്തിൽ ദുൽ ഹുലൈഫയിലെത്തി ഉംറയുടെ ഇഹ്റാമിൽ  പ്രവേശിച്ചതിന് ശേഷം അവിടെ നിന്നും മടങ്ങി. രാത്രി 8 മണിക്ക് മക്കയിലെത്തി. ഭക്ഷണവും വിശ്രമവുമെല്ലാം കഴിഞ്ഞതിന് ശേഷം ഉംറയുടെ കർമ്മങ്ങൾ നിർവ്വഹിച്ചു.തഹല്ലുലായതിന് ശേഷം നാളുകളെണ്ണി ഹജ്ജിനായുള്ള കാത്തിരിപ്പായിരുന്നു.

ദുൽഹിജ്ജ ഏഴിന് ഫൈസൽ രാജാവ് ഹറമിലെത്തി ത്വവാഫ് നടത്തുകയും പരിശുദ്ധമായ കഅ്ബയുടെ ഭിത്തികൾ കഴുകി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ദുൽഹിജ്ജ എട്ടിന് മക്കയിൽ നിന്ന് പുറപ്പെടണം. ശേഷം, മിനായിലെത്തണം. ഒമ്പതിന രാവിലെ ബസ്സിൽ അറഫയിലേക്ക് തിരിച്ചു.അസ്തമന ശേഷം അറഫായിൽ നിന്നും മുസ്ദലിഫയിലേക്ക് തിരിച്ചു. അൽപ സമയം അവിടെ രാപാർത്തും ജംറത്തുൽ അഖബയിലേക്ക് എറിയാനുള്ള കല്ലുകൾ പൊറുക്കിയതിനും ശേഷം മിനായിലേക്ക് പോയി. തിരക്ക് ഭയന്ന് സുര്യോദയത്തിന് മുമ്പ് തന്നെ കല്ലേറു നടത്തി. അനന്തരം തലമുടി നീക്കി. പതിനൊന്നിന് മക്കയിൽ വന്ന് ത്വവാഫും സഅ് യും നിർവ്വഹിച്ചു.

ഇങ്ങനെ, മൂന്നു ദിവസങ്ങളിലായുള്ള രാപാർപ്പും നാലാം ദിവസത്തെ കല്ലേറും കഴിഞ്ഞ് ദുൽഹിജ്ജ 13-ന് മിനായിൽ നിന്നും  കെ.ടി ഉസ്താദും സംഘവും മക്കയിലേക്ക് തിരിച്ചു. അങ്ങനെ,ഹജ്ജെന്ന ജീവിതലാഭിലാഷം സാക്ഷാത്കരിച്ചു.


23-നാണ്  കെ.ടി ഉസ്താദും സംഘവും മക്കയിൽ നിന്നും മടങ്ങുന്നത്.9: 30 നാണ് ബസ്സ് പുറപ്പെട്ടത്. ബസ്സിന്റെ കേടുപാടുകൾ കാരണം 3 മണിക്കൂർ വഴി മധ്യേ താമസം നേരിട്ടു. രാത്രിയാണ് ജിദ്ദയിലെത്തിയത് മൂലം മദീനത്തുൽ ഹുജ്ജാജിൽ വന്നു താമസിച്ചു. പിറ്റെ ദിവസം രാവിലെ തന്നെ ഹവ്വാ ബീവി (റ) യുടെ മഖ്ബറ സന്ദർശിച്ചു. ഉച്ചക്ക് 1: 30-ന് കപ്പൽ തുറമുഖം വിട്ടു.ഏപ്രിൽ 2-ന് രാവിലെ  7:30 -ന് മുഹമ്മദീ ബോംബെ ഹാർബറിലെത്തി.അവിടെ നിന്നും പിന്നെ തീവണ്ടി യാത്രയായിരുന്നു.അങ്ങനെ, ഏപ്രിൽ  7-ന്  കെ.ടി ഉസ്താദും സംഘവും വീട്ടിൽ തിരിച്ചെത്തി.അങ്ങനെ, നാലു മാസത്തോളം നീണ്ടുനിന്ന  കെ. ടി ഉസ്താദിന്റെയും സംഘത്തിന്റെയും ഹജ്ജ് യാത്രക്ക് സമാപ്തിയായി. സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം സ്വർഗ്ഗമല്ലാതെ മറ്റൊന്നുമില്ലെന്ന ഹദീസ് സ്മരണീയമാണ്.

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...