Skip to main content

സമസ്ത; കാലങ്ങളെ അതിജയിച്ച നൂറ്റാണ്ടിന്റെ പുണ്യം.


 സമസ്ത;

 കാലങ്ങളെ അതിജയിച്ച നൂറ്റാണ്ടിന്റെ പുണ്യം.

✒ മിൻഹാജ് ഇ. കെ ചാഴിയോട്



സമസ്ത
കാലങ്ങളെ അതിജയിച്ച നൂറ്റാണ്ടിന്റെ പുണ്യം

ഇന്ത്യയുടെ തെക്കേ അറ്റത്ത് തെക്കുപടിഞ്ഞാറായി കിഴക്ക് പശ്ചിമഘട്ട പർവ്വതനിരകൾക്കും പടിഞ്ഞാർ അറബിക്കടലിനിടയിലുമായി ഇടുങ്ങിക്കിടക്കുന്ന പ്രകൃതിയുടെ സ്വർഗീയ ദേശമാണ് കേരളം.അനുഗ്രഹ നിദാനങ്ങളുടെ ഭൂമിശാസ്ത്ര പരമായ വൈവിധ്യം പോലെ വ്യതിരിക്തമായ സാംസ്കാരിക പൈതൃകവും മലയാള നാടിനുണ്ട്.

സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തന്നെ വൈദേശിക വാണിജ്യവും വ്യാവസായിക ബന്ധവുമുള്ള വിശാലമായ വർത്തമാനങ്ങൾ കേരളത്തിന്റെ ചരിത്രമാണ്.പലവിധ ജനപഥങ്ങളും നാഗരികതകളും സ്നേഹത്തിന്റെ മലയാളമണ്ണിലലിഞ്ഞ്, പൂത്തുലഞ്ഞ് പരിമളം പരത്തിയതാണ് ഇന്നലെകൾ.
മധ്യ-പൗരസ്ത ദേശങ്ങളിലെ രാഷ്ട്രീയ ചലനങ്ങളും സാമൂഹിക പരിവർത്തനങ്ങളും സാംസ്കാരിക ബോധങ്ങളും കടലോളങ്ങൾ കടന്ന് മലയാളത്തിനോട് ഇഴുകിച്ചേരുകയായിരുന്നു.

പ്രവാചക കാലത്ത് തന്നെ പരിശുദ്ധ ദീനിന്റെ പരിമളം പരന്നൊഴുകിയ പ്രദേശമെന്നതിലാണ് കേരളീയ മണ്ണിലെ ഇസ്‌ലാമിക വേരുകൾ ഫുൾസ്റ്റോപ്പിടാറുള്ളത്.അറേബ്യൻ മരുഭൂമിയിലെ മണൽക്കാറ്റേറ്റ് വളർന്നുപടന്ന ഇസ്‌ലാം മലയാളത്തിന്റെ ശാന്തസുന്ദരമായ പ്രകൃതിയിലും തഴച്ചുവളരുകയായിരുന്നു.ഓത്തുപള്ളികളും ദർസീ സംവിധാനങ്ങളും മദ്രസകളും ഉമ്മത്തിന്റെ മതകീയ വ്യവഹാരങ്ങൾക്കിടയിൽ അറിവിന്റെ അക്ഷയഖനികൾ ഇടതടവില്ലാത്ത പതഞ്ഞൊഴുക്കുകൾ സാധ്യമാക്കി സജീവതയുടെ മതബോധം നിലനിർത്തിത്തുടങ്ങി.

സാദാത്തീ സാന്നിധ്യവും ഹള്റമീ പാരമ്പര്യവും മഖ്ദൂമീ ഇടപെടലുകളും മതവൈജ്ഞാനിക മണ്ഡലങ്ങളിലെ തുഷാരവർഷമായി പെയ്തിറങ്ങിതോടെ കേരളീയ പരിസരത്ത് ഇസ്‌ലാം ഒഴുകിപ്പരക്കുകയായിരുന്നു.ഈമാനിന്റെ യമനീ ധവളപാതയിൽ നിന്നും വിരുന്നെത്തിയ പൊന്നാനി മഖ്ദൂമുമാരും കോഴിക്കോട് ഖാള്വിമാരും സാമൂതിരിക്കാലത്ത് ഉമ്മത്തിന്റെ ഓത്തുമുറിയിൽ ഈമാനികാവബോധനത്തിന്റെ കിതാബോതിക്കൊടുത്തു.തപം ചെയ്തെടുത്ത ഹൃദയരൂപങ്ങളായ മമ്പുറം തങ്ങളും ഉമർ ഖാള്വിയുമെല്ലാം ബ്രിട്ടീഷ് കാലത്ത് കരുത്തുറ്റ ഈമാനിന്റെ നൂലൂതിക്കൊടുത്തു.

ഇങ്ങനെ,കാലത്തിന്റെ ശരവേഗമാറ്റങ്ങൾക്കിടയിലും ഉമ്മത്തിന്റെ വിശ്വാസബോധം നൂറ്റാണ്ടുകളോളം പോറലേൽക്കാതെ പുരോപ്രയാണം തുടർന്നുവെന്നത് ഇന്നലെകളുടെ മനോഹരക്കഥയാണ്.കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ പന്ത്രണ്ടാളുകളിൽ നിന്നും ജനസംഖ്യയുടെ 27 % ശതമാനത്തിലേക്ക് പടർന്ന സുകൃതവർത്തമാനമാണ് കേരളീയ മുസ്‌ലിമിനുള്ളത്.

എന്നാൽ,1921-കളിലെ വൈദേശികാധിപത്യത്തിനെതിരെയുള്ള മലബാർ സമരം സമുദായത്തിന്റെ സർവ തലങ്ങളിലും തീരാനഷ്ടം തീർക്കുകയാരുന്നു.
സമരത്തിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിനും സമരം തീർത്ത മുറിപ്പാടുകൾ ഉണങ്ങുന്നതിനും മുമ്പേ ബിദ്അത്തിന്റെ വിഷബീജങ്ങളുള്ള കരിനാഗങ്ങൾ സമുദായസമക്ഷം പത്തിവിടർത്തിത്തുടങ്ങുകയായിരുന്നു.അൽ മനാറിന്റെ കെട്ടുകഥകൾ കൂട്ടിക്കെട്ടി ഉമ്മത്തിന്റെ വിശ്വാസബോധം കട്ടെടുക്കാൻ ചില അൽപന്മാരായ ഉത്പതിഷ്ണുക്കൾ കൊണ്ടുപിടിച്ച ശ്രമം തുടർന്നു.പാരമ്പര്യ ഇസ്‌ലാമിന്റെ മേൽ ഇത്തിൾക്കണ്ണികളായി പടർന്നുകയറി സമുദായത്തിന്റെ മുഴുവൻ ഊർജ്ജവും തിരിച്ചുവിടാൻ തക്കം പാർത്തിരിക്കുന്ന തസ്കരക്കൂട്ടങ്ങളെ തടഞ്ഞുനിർത്തണമെന്ന ബോധം സമുദായം മനസ്സിലാക്കിത്തുടങ്ങി.ഉമ്മത്തിന്റെ ഈമാൻ ഹിറയുടെ പരിശുദ്ധിയോടെ പരിപാലിക്കണമെങ്കിൽ സംഘടിത പ്രതിരോധം അനിവാര്യമാണെന്ന് പണ്ഡിതസമൂഹം തിരിച്ചറിഞ്ഞു.

ഇങ്ങനെ,തീർത്തും കാലത്തിന്റെ അനിവാര്യതയെന്നോളം ഉലമാഇന്റെ ചന്തമുള്ള ചിന്തകളിൽ നിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിറവിയെടുത്തു.മലബാർ സമരാനന്തരം അജ്ഞതയുടെ അന്ധകാര നിബിഢമായ ജീവിതപരിസരങ്ങളിൽ കൂർക്കം വലിച്ചുറങ്ങിയിരുന്ന സമുദായത്തെ വിളിച്ചുണർത്തി സാമൂഹിക പുരോഗതിയുടെ ശാദ്വലതീരങ്ങളിലേക്ക് സമസ്തയാണ് വഴി നടത്തിയത്.
ഇഖ്ലാസ്വിന്റെ നിറകുടങ്ങളായ ഉലമാഇന്റെ കഠിനാദ്ധ്വാനത്തിന്റെ വിയർപ്പ് തുള്ളികളാണ്
സമുദായത്തിന്റെ സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക മേഖലകളിൽ ഇസ്സത്തിന്റെ ഇഷ്ടക്കഥകൾ തുന്നിച്ചേർത്തത്.

സജീവതയുടെ കർമ്മ നൈരന്തര്യം കൊണ്ട് നിറച്ചാർത്ത് പകർത്തി.സമുദായത്തിന്റെ സമകാലിക സമസ്യകളെ തിരിച്ചറിഞ്ഞ് മാറ്റത്തിരുത്തലില്ലാത്ത നിലപാടുകൾ രേഖപ്പെടുത്തി. ആവേശക്കമ്മിറ്റികളുടെ അജണ്ടകളിൽ നിന്നും പട്ടിൽ പൊതിഞ്ഞ മതപരിഷ്കാര ബോധത്തിൽ നിന്നും ഉമ്മത്തിന്റെ അകത്തളങ്ങൾ സംരക്ഷച്ചറുപ്പിച്ചു.
ഇങ്ങനെ, അശ്രാന്ത പരിശ്രമത്തിലൂടെ ഉമ്മത്തിന്റെ സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക മേഖലകളിൽ നവോത്ഥാന ബോധ്യങ്ങൾക്ക് നിറം പകർന്നത് സമസ്തയാണ്.

പൈതൃക മൂല്യങ്ങളുടെ തനിമയും ഗരിമയും കൈവിടാതെ പരിഷ്കൃത-പുരോഗമന കാലത്തിനോടൊപ്പം ചുവടൊപ്പിച്ച് സമസ്തയെന്ന ഉമ്മത്തിന്റെ സംഘടിതബോധം നടക്കാനിറങ്ങിയപ്പോൾ സമുദായം നവോത്ഥാനത്തിന്റെ പ്രതാപതീരത്തേക്ക് നടന്നടുക്കുകയായിരുന്നു.സുകൃത ജീവിതങ്ങളുടെ ഔസ്യത്ത് നൽകിയ മാതൃകയുടെ താവഴികളിൽ ഓരംചേരുന്നത് പോലും ജീവിതത്തിന്റെ കരുത്തെന്ന തിരിച്ചറിവാണ് സമസ്തയെന്ന കിതാബിലെ ഊർജ്ജം പകരുന്ന അധ്യായം.

കേരളീയ ഇസ്‌ലാമിന്റെ വളർച്ചയും സമസ്തയുടെ പിറവിയും.

കൊടുങ്ങല്ലൂരിൽ ശിലപാകിയ ഇസ്‌ലാമിക സംസ്കൃതി കാലക്രമേണ മറ്റു ദേശാന്തങ്ങളിലേക്ക് പരന്നൊഴുകി.കടലോരങ്ങൾ കേന്ദ്രീകരിച്ചാണ് പൂർവ്വകാല ഇസ്‌ലാമിക വളർച്ചയും വികാസവും സാധ്യമായതെന്നത് സർവ്വാംഗീകൃത സത്യമാണ്.കോഴിക്കോടും ചാലിയവും പൊന്നാനിയും വളപട്ടണവുമെല്ലാം ഇസ്‌ലാമിനെ സ്വീകരിച്ചിരുത്തിയ പ്രഥമ ദേശക്കരായി പിരിശം കൊണ്ടു.[ കേരള മുസ്‌ലിം ചരിത്രം. പി. എ സെയ്തു മുഹമ്മദ്.]
ഇത്തരത്തിൽ,പ്രാദേശികമായ പള്ളികളും ദർസുകളും ഇടതടവില്ലാത്ത വിധം സജീവമായ ദീനീബോധം നിലനിർത്താനുള്ള നിമിത്തങ്ങളാവുകയായിരുന്നു.

ഭൂരിഭാഗം അധികാരികളും അമുസ്‌ലിങ്ങളായിരുന്നുവെങ്കിലും മലയാളമണ്ണിലെക്ക് വിരുന്നെത്തിയ മുസ്‌ലികൾക്ക് മതപ്രചരണത്തിനും നാട്ടുസ്ത്രീകളെ വിവാഹം ചെയ്യാനുമെല്ലാം അവകാശം വകവെച്ചു നൽകിയിരുന്നു.[ മാപ്പിള റവ്യൂ. പി.സി മാനവവിക്രമൻ രാജ].കേരളക്കരയിലെ ഇസ്‌ലാമിക വിശേഷങ്ങൾ ദിനേന വർധനവിന്റെ ഗ്രാഫിലായിരുന്നെങ്കിലും എ.ഡി പതിനാലാം നൂറ്റാണ്ടുകളിൽ അഭൂതപൂർവ്വമായ വളർച്ചയിലേക്ക് എത്തുകയായിരുന്നു.ജനസംഖ്യയിലെ പ്രാധിനിത്യത്തിന്റെ വർധനവ് സമുദായത്തിന്റെ സർവ തലങ്ങളിലെ മുന്നേറ്റത്തിന്റെ നിദാനമാവുകയായിരുന്നു.

തെളിമയുള്ള മലയാളിയുടെ .ഹൃദയത്തിലേക്ക് വെണ്മയുള്ള ഇസ്‌ലാമിക സ്വാധീനം സുകൃതങ്ങളുടെ സാമൂഹിക പരിവർത്തനം സാധ്യമാക്കി.കള്ളിത്തുണിയും ബനിയനും ധരിച്ച് പുരുഷന്മാരും കാച്ചിത്തുണിയും ഉമ്മക്കുപ്പായവും ഉപയോഗിച്ച് സ്ത്രീകളും ശരീരത്തിന്റെ ഔറത്ത് മറച്ചു.പ്രയാസങ്ങളുടെ പേമാരിപ്പെയ്ത്തിൽ ബദ്‌രീങ്ങളും മുഹ്‌യദ്ധീൻ ശൈഖും പടച്ചവനിലേക്കുള്ള പ്രതീക്ഷയുടെ പിടിവള്ളികളായി.നിസ്കാരവും ദർസോത്തും ഖുർആനോത്തുമായി ജീവിക്കുന്ന മാപ്പിള വീടുകളിൽ നേർച്ചക്കോഴികളും നേർച്ചാടുകളുമെല്ലാം അവർക്കൊപ്പം തന്നെ വളർന്നു.

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലായി മനുഷ്യരൂപം ധരിച്ച പിശാചായ വാസ്കോഡി ഗാമയും
ശേഷം അൽമേഡയും അൽ ബുക്കർക്കും കബ്രാളുമടങ്ങുന്ന വൈദേശിക ശക്തികളുടെ പ്രവേശനം സമുദായത്തെ വേണ്ടവിധം ബാധിച്ചുവെന്ന് തന്നെ പറയാം.ഹേതുകളില്ലാതെ മുസ്‌ലിങ്ങളെ മർദ്ദിക്കുകയും കൊലക്കിരയാക്കുകയും ചെയ്യുന്ന അധിനിവേശ മൃഗീയതയെ സൈനുദ്ധീൻ മഖ്ദൂം തുഹ്ഫത്തുൽ മുജാഹിദീനിൽ വ്യക്തമാക്കുന്നുണ്ട്.

കാലഭേദങ്ങൾക്കിടയിൽ ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമെല്ലാം അധിനിവേശക്കുപ്പായം ധരിച്ചെത്തിയെങ്കിലും സമുദായത്തിനോടുള്ള പരുഷമായ പെരുമാറ്റങ്ങൾക്ക് പരിവർത്തനങ്ങളുണ്ടായില്ല.ബ്രിട്ടീഷ് കാലങ്ങളിൽ അക്രമണത്തിന്റെയും അടിച്ചമർത്തലിന്റെയും രീതികൾക്ക് പൂർവ്വാധികം ശക്തികൈവന്നുവെന്ന് മാത്രം.1821-1921 കാലങ്ങളിൽ അമ്പെത്തിയൊന്ന് മാപ്പിള ലഹളകൾ മാത്രം നടന്നിട്ടുണ്ടെന്നതാണ് ചരിത്രം.ഇത്തരമൊരു ക്രൂരതയുടെ തുടർച്ചയായിരുന്നു മലബാർ സമരം. മറ്റൊരർത്ഥത്തിൽ,മലബാർ കലക്ടർ ഇ.എഫ് തോമസും നാഷണൽ കോൺഗ്രസും തീരുമാനിച്ച ഗൂഢാലോചനയുടെ സാക്ഷാത്കാരം കൂടിയായിരുന്നു.

മലബാർ സമരം ഉമ്മത്തിനെ അരക്ഷിതാവസ്ഥയുടെ നീർച്ചുഴിയിലേക്ക് വലിച്ചുനീക്കുകയായിരുന്നു.തീർത്തും നാഥനില്ലാ പടയണിയായുള്ള മലബാറിന്റെ സ്ഥിതി ഭീതിതമായിരുന്നു.ഇത്തരമൊരു വിഷാദങ്ങളുടെ വർത്തമാനങ്ങളിലേക്കാണ് നവോത്ഥാനത്തിന്റെ പച്ചില കാട്ടി വഹാബിയൻ വാക്താക്കൾ രംഗപ്രവേശനം ചെയ്യുന്നത്.വെളിച്ചം മങ്ങിത്തുടങ്ങിയ പൊന്നാനിയൻ സ്ഥിതിയും നിർജീവമായ ദർസീകൂട്ടങ്ങളുടെ വർത്തമാനങ്ങളും വഹാബിസം പരമാവധി മുതലെടുക്കാൻ കിണഞ്ഞു ശ്രമിച്ചു.

1921-ഏപ്രിൽ 23,24,25,26 തിയ്യതികളിൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന കോൺഗ്രസ്-ഖിലാഫത്ത് സമ്മേളനത്തിൽ കെ.എം മൗലവി പ്രസിഡണ്ടായി അദബിന്റെ അതിരുകൾ ഭേദിച്ച് മത പണ്ഡിതർക്കിടയിലെ പരിഷ്കാരികളായി ഒരുപറ്റം പണ്ഡിതർ കേരള മജ്ലിസുൽ ഉലമ രൂപീകരിച്ചു.[ സമസ്ത: ചരിത്രത്തിന്റെ നാൾവഴികൾ. പി.എ. സ്വാദിഖ് ഫൈസി താനൂർ.]1992-ൽ നിഷ്പക്ഷ സംഘം രൂപീകരിക്കുകയും ശേഷം ഐക്യ സംഘമായും വിപുലീകരിക്കപ്പെട്ടു.മുമ്പ് തന്നെ വഹാബിസത്തിന്റെ മുടന്തൻ ഫത് വകൾ ചുമന്നിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി [1873-1932] 1923-ൽ നടന്ന ഐക്യ സംഘത്തിന്റെ പ്രഥമ വാർഷികത്തിൽ അധ്യക്ഷനായതോടെ സംഘത്തിന്റെ സഞ്ചാരശാസ്ത്രം പണ്ഡിതർ തിരിച്ചറിയുകയായിരുന്നു.

ഇങ്ങനെ,ബ്രിട്ടീഷ് വിരുദ്ധതയുടെ പേരിൽ കണ്ണുകെട്ടിയ കലാപങ്ങൾക്ക് ശിലപാകുകയും കലാപത്തിന്റെ വിടവിലൂടെ സമുദായത്തിന്റെ വിശ്വാസപാരമ്പര്യം പിച്ചിച്ചീന്താനുമുള്ള ചില അത്പന്മാരായ ഉത്പതിഷ്ണുക്കളുടെ കൊണ്ടുപിടിച്ച ശ്രമങ്ങൾ ക്രാന്തദർശികളായ പണ്ഡിതവരേണ്യർ മനസ്സിലാക്കിത്തുടങ്ങി.വൈയക്തിക പ്രതിരോധങ്ങൾക്ക് പകരം സംഘടിതമായ പ്രതിരോധം കാലത്തിന്റെ അനിവാര്യതയാണെന്ന
ബോധ്യങ്ങളിൽ നിന്ന് 1925-ൽ കുറ്റിച്ചിറ പള്ളിയിൽ വെച്ച് നടന്ന യോഗത്തിൽ കെ.പി മുഹമ്മദ് മീറാൻ മൗലവി [1894-1947] പ്രസിഡണ്ടും പാറോൽ ഹുസൈൻ മൗലവി [ 1900-1954] സെക്രട്ടറിയായും കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമായി.
ഒരു വർഷത്തിനുള്ളിൽ തന്നെ,അകത്തെ പള്ളിക്കകത്തും കിതാബിന്റെ താളുകളിലും ഒതുങ്ങിക്കൂടിയിരുന്ന പണ്ഡിതരെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും കോഴിക്കോട്,ചാലിയം,മഞ്ചേരി,എടവണ്ണ എന്നിവടങ്ങളിലെല്ലാം സമ്മേളനങ്ങൾ സംഘടിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കാനും സംഘത്തിന് സാധിച്ചുവെന്നത് സ്തുത്യർഹമാണ്.[ സമസ്ത 85ാം വാർഷികോപഹാരം.]

കേരള ജംഇയ്യത്തുൽ ഉലമ തുടങ്ങിവെച്ച ദൗത്യപൂർത്തീകരണമായിട്ടാണ് 1926 ജൂൺ 26-ന് മലയാളക്കരയിലെ അറിവിന്റെ നിറകുടങ്ങളും സൂക്ഷമതയുടെ പര്യായവുമായിരുന്ന പണ്ഡിതവസന്തങ്ങൾ സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് ടൗൺഹാളിൽ ഒരുമിച്ചിരിക്കുന്നത്.
യോഗത്തിൽ 
മൗലാനാ പാങ്ങിൽ ഉസ്താദ് വിഷയത്തിന്റെ ഗൗരവം മനോഹരമായി അവതരിപ്പിച്ചു.
സംഘടിതമായി കടന്നുവരുന്ന നവീനവാദികളെ സംഘടിതമായി പ്രതിരോധിക്കണമെന്ന് തീരുമാനിച്ചു.
മനോഹരമായ ഒത്തുചേരലുകൾക്കും വിശാലമായ ചർച്ചകൾക്കുമിടയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപനം നിർവ്വഹിക്കപ്പെട്ടു.പാണ്ഡിത്യത്തിന്റെ ലാളിത്യവും സൂക്ഷമതയുടെ സൗരഭ്യവും സമ്മേളിച്ച സയ്യിദ് അബ്ദുറഹ്മാൻ ബാ അലവി വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡണ്ടും പള്ളിവീട്ടിൽ മുഹമ്മദ് മൗലവി [ 1881-1950] സെക്രട്ടറിയുമായി പ്രഥമ കമ്മിറ്റി നിലവിൽ വന്നു.[ സഹപാഠി. SKSBV സിൽവർ ജൂബിലി ഉപഹാരം.]

ഇങ്ങനെ,തിരുസ്വാഹബത്തിൽ നിന്നും സ്വായത്വമാക്കിയ പരിശുദ്ധ ദീനീബോധ്യങ്ങൾ പോറലേൽക്കാതെ നൂറ്റാണ്ടുകളോളം പരിപാലിക്കാനും കാലത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഉമ്മത്തിന്റെ ഉത്തരമേകാനും സമസ്തയെന്ന മഹിത സംഘം പിറവിയെടുക്കുകയായിരുന്നു.

പാരമ്പര്യ സംരക്ഷണത്തിന്റെ സമസ്ത സാക്ഷ്യം.

ചത്ത സംഭവികാസങ്ങളുടെ തുടർച്ച മാത്രമല്ല പാരമ്പര്യം.മനോഹരമായ ഇന്നലെകൾ പിൻഗാമിയായ നാളെകൾക്ക് എടുത്തുവെച്ച സുകൃതങ്ങളുടെ സുന്ദരമായ കൈമാറ്റമാണ് പൈതൃകങ്ങൾ.ഇസ്‌ലാമിക ചരിത്രതാളുകളിലും മുസ്‌ലിമിന്റെ ജീവിതവ്യവഹാരങ്ങളിലുമെല്ലാം പാരമ്പര്യമൂല്യങ്ങളെ മുറുകെപ്പിടിക്കേണ്ടതിന്റെ അനിവാര്യത പരിശുദ്ധമതം സുവ്യക്തമായി പറഞ്ഞുവെച്ചതാണ്.പ്രശ്നങ്ങൾ പേമാരി പോലെ പെയ്തിറങ്ങുന്ന പ്രതിസന്ധി കാലങ്ങളിലും സമുദായം തന്റെയും തന്റെ ഖലീഫമാരുടെയും ചര്യകൾ പിടിവിടാതെ പിടിക്കണമെന്ന പ്രവാചകാധ്യാപനം വിരൽചൂണ്ടുന്നതും പാരമ്പര്യ സംരക്ഷണത്തിന്റെ പ്രധാന്യത്തിലേക്കാണ്.

2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യ 3.34 കോടിയാണ്.അതിൽ 26.56% മുസ്‌ലികളാണ്.കഴിഞ്ഞ വർഷങ്ങളിലെല്ലാം ഏറ്റവും കൂടുതൽ വളർച്ച നിരക്ക് നേടിയെടുത്തും ഇസ്‌ലാമാണ്.കേരളത്തിലെ ചെറുതല്ലാത്ത സമുദായമായ ഇസ്‌ലാമിന്റെ പാരമ്പര്യത്തെയും മുഖ്യധാരയെയും പ്രതിനിധാനം ചെയ്യുന്ന മത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.

മതകീയ ആദർശനത്തിന്റെ ലേബലിലുള്ള പ്രാസ്ഥാനിക രൂപമെന്ന വായനയിൽ സമസ്ത ഏറ്റവും കൂടുതൽ പാരമ്പര്യസംരക്ഷണത്തിന്റെ തടയണ നിർമ്മിക്കേണ്ടത് ഉമ്മത്തിന്റെ വിശ്വാസബോധ്യങ്ങളിലാണ്.പ്രവാചക കാലത്ത് പരിശുദ്ധ സ്വഹാബത്തിൽ നിന്നും സ്വായത്തമാക്കിയ പുണ്യദീനിന്റെ നയ-നിലപാടുകളുടെ സംരക്ഷണങ്ങളിൽ സമസ്ത നിർലോഭമായ സാന്നിധ്യമാണെന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ മനോഹരമായ ചരിത്രമാണ്.ഇസ്‌ലാമിക വിരുദ്ധ നയങ്ങളുടെ ഗർഭം ധരിച്ച ബിദ്അത്തിന്റെ അടിവേരുകൾ പിഴുതെറിഞ്ഞും പട്ടിൽപൊതിഞ്ഞ അദ്ധ്യാത്മികതയുടെ വേഷംകെട്ടിയ വ്യാജ ത്വരീഖത്തുകളെ പിച്ചിചീന്തിയെറിഞ്ഞും പൊതയില്ലാ കുമിളികൾ നിറച്ച സി.എൻ മൗലവിയുടെ വിതണ്ഡവാദങ്ങൾ വലിച്ചെറിഞ്ഞും ദീനേ ഇലാഹിയും പിടിച്ച് സ്വയം പ്രഖ്യാപിത സരളാത്മക ദീനുമായി വന്ന ചേകന്നൂരികളെ നാമാവശേഷമാക്കിയും ഉമ്മത്തിന്റെ ഈമാനിൽ മാമോദീസ മുക്കി കുരിശുചാർത്താൻ അരിച്ചാക്കുമായി വന്ന ക്രൈസ്തവ മിഷ്ണറികളെ ഉറക്കം കെടുത്തിയും സമസ്തയെന്ന മഹിത സംഘടനയും നേതൃത്വവും പാരമ്പര്യ സംരക്ഷണ വായനകൾ അതുല്യമാണ്.

പുരോഗമന കാലത്തിന്റെ ലേബലിൽ പുതുമകൾ കൊട്ടിഘോഷിക്കപ്പെടുന്നതാണ് വർത്തമാനം. പാരമ്പര്യങ്ങളെ പഴഞ്ചനെന്ന് മുദ്രകുത്തി മാറ്റിനിർത്തുന്നതാണ് സമകാലികം.ഇത്തരമൊരു കാലത്തും മനോഹരമായ പാരമ്പര്യങ്ങൾക്ക് പോറലേൽക്കാത്ത വിധം തനിമയിൽ പുതുമ കണ്ടെത്തുകയായിരുന്നു സമസ്ത.മത പഠന രംഗങ്ങളിലെല്ലാം ഭീതിജനകമായ അധിനിവേശങ്ങളാണ് കയറിക്കൂടുന്നത്.
ഇത്തരമൊരു, കാലത്തും പാരമ്പര്യത്തിന്റെ തനിമ ചോരാത്ത ദർസീ സമ്പ്രദായവും പാരമ്പര്യ കിതാബുകളോടൊപ്പം പുതുമകളെ സ്വീകരിച്ച അറബിക് കോളേജുകളും മദ്രസാ സംവിധാനങ്ങളും സ്തുത്യർഹമായ രീതിയിൽ സമസ്തക്ക് കീഴിൽ പ്രവർത്തിക്കുന്നു.പാരമ്പര്യത്തിന്റെ തനിമ ചോരാത്ത ദർസീകൂട്ടങ്ങളുടെ സജീവതക്കായി ജംഇയ്യത്തുൽ മുദരിസീൻ എന്ന കീഴ്ഘടകം തന്നെ സമസ്തക്ക് കീഴിലുണ്ട്.

ഉമ്മത്തിന്റെ സംഭാവനയുടെ കരുത്തിൽ
മതകീയ ലേബലിൽ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത് മതനിരാസ കേന്ദ്രങ്ങളായി മാറുന്ന എം.ഇ.എസ്. മോഡലിന്റെ കാലത്തും ഹിറയുടെ വിശുദ്ധിയോടെ നമ്മുടെ വൈജ്ഞാനിക സ്ഥാപനങ്ങൾ ജൈത്രയാത്ര തുടരുന്നു.ലിബറലിസത്തിന്റെ ഉട്ട്യോപതകൾ ക്യാമ്പസുകളെ ഉടച്ചുവാർക്കുന്ന പാരമ്പര്യ ധാർമ്മിക മൂല്യങ്ങൾക്ക് കാവലിരിക്കുന്ന SKSSF ക്യാമ്പസ് വിംഗുകൾ ഇന്ന് സജീവമാണ്..

പാരമ്പര്യ ധർമ്മ ബോധങ്ങളുള്ള വിദ്യാർത്ഥിനായി SKSSF,SKSBV തുടങ്ങിയ കീഴ്ഘടകങ്ങളെല്ലാം ഇന്നും സജീവമായി രംഗത്തുണ്ട്.കാലാനുസൃതമായ പ്രബോധനത്തിന്റെ രീതികളും മാർഗങ്ങളുമെല്ലാം സ്വീകരിക്കുമ്പോൾ തന്നെ തെളിച്ചമുള്ള ജീവിതമാണ് വെളിച്ചമുള്ള ഇസ്‌ലാമിക പ്രചരണത്തിന്റെ ഉദാത്തമായ പാതയെന്ന പൂർവ്വിക താവഴിയാണ് ഇന്നും സമസ്ത സ്വീകരിക്കുന്നത്.ഭാഷാ പഠനങ്ങളും കാലോചിത കിതാബുകളുമെല്ലാം കരിക്കുലങ്ങളിൽ സ്വീകരിക്കുമ്പോൾ തന്നെ നൂറ്റാണ്ടുകൾക്ക് മുമ്പ് മഖ്ദൂമുമാരും കോഴിക്കോട് ഖാളിമാരും മമ്പുറം തങ്ങളും ഉമർ ഖാളിയും ചാലിലകത്തുമെല്ലാം ഓതിവെച്ച പാരമ്പര്യ കിതാബുകൾ ഇന്നും സമസ്തയുടെ സ്ഥാപനങ്ങളിലെ സിലബസുകളിലുണ്ട്.

ഇങ്ങനെ,ഇന്നലെകളുടെ ഇസ്സത്തേകിയ പാരമ്പര്യബോധങ്ങൾക്ക് സ്വത്വം നഷ്ടപ്പെടാത്ത വിധം സജീവത നിലനിർത്തിയതോടൊപ്പം പാരമ്പര്യത്തിന്റെ കടക്കൽ കത്തിവെക്കാൻ വന്നവർക്കെതിരെ തേരോട്ട ഭൂമികയിൽ പോരാട്ടം നയിച്ചതാണ് സമസ്തയുടെ ചരിത്രം.എന്നാൽ, പാരമ്പര്യ പരിപാലനത്തോടൊപ്പം തന്നെ നവോത്ഥാനത്തിന്റെ സാധ്യമാകുന്ന വഴികളെല്ലാം സമസ്ത സാധൂകരിച്ചതും ശ്രദ്ധേയമാണ്.

സാമുദായിക നവോത്ഥാനത്തിന്റെ സമസ്ത മോഡൽ.

വിജ്ഞാനദ്യുദയമെന്നാണ് ഭാഷാ നിഘണ്ടുവിലെ നവോത്ഥാന നിർവ്വചനമെങ്കിൽ പ്രാമാണിക യോഗ്യവും പൈതൃക ലഭ്യവുമായ പൂർവ്വിക പാതയെ മറികടന്ന് നവീകരിക്കുകയെന്നതാണ് ആംഗേലിയൻ ഭാഷയിലെ നവോത്ഥാനം അർത്ഥമാക്കുന്നത്. ഇത്തരത്തിലുള്ള ഭാഷാ നിഘണ്ടുവിലെ നിർവ്വചന വ്യതിരിക്തതകൾക്കിടയിൽ വിജ്ഞാനാദ്യയം. സാമുദായിക പുരോഗതി,സാമൂഹിക മുന്നേറ്റം എന്നീ വീക്ഷണങ്ങളിലുള്ള മുന്നേറ്റം എന്നീ വീക്ഷണങ്ങളിലുള്ള നവോത്ഥാനം കേരളീയ മതകീയ പരിസരത്ത് സമസ്തയാണ് സാധ്യമാക്കിയത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ സഞ്ചാരത്തിനിടയിൽ സമുദായം സ്വായത്തമാക്കിയ മത-വൈജ്ഞാനിക-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങളിലെല്ലാം സമസ്തയെന്ന സത്യസംഘത്തിന്റെ പങ്ക് അവിസ്മരണീയമാണ്.
മറ്റൊരർത്ഥത്തിൽ,മലബാർ സമരാനന്തരം കൂർക്കം വലിച്ചുറങ്ങിയിരുന്ന ഉമ്മത്തിനെ വിളിച്ചുണർത്തി നവോത്ഥാനത്തിന്റെ ശാദ്വലതീരത്തേക്ക് വഴിനടത്തിയത് സമസ്തയാണെന്ന് ചുരുക്കം.

വിജ്ഞാനം പരിശുദ്ധമതത്തിന്റെ ജീവശ്വാസമാണെന്ന തിരുവചനത്തിന്റെ ഓരംപറ്റി ഉമ്മത്തിന്റെ നവോത്ഥാന മുറ്റത്തേക്ക് ഇറങ്ങിരിച്ച സമസ്ത പ്രഥമമായി വൈജ്ഞാനിക വിപ്ലവത്തിന്റെ വിത്താണെറിയുന്നത്.1951-ൽ പ്രഥമ കീഴഘടകമായി പിറവിയെടുക്കുന്നത് തന്നെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡാണ്.പതിനായിരത്തിലധികം മദ്രസകളിലായി പത്ത് ലക്ഷത്തോളം വിദ്യാർഥികളും രണ്ട് ലക്ഷത്തോളം അധ്യാപകരുമായി വിദ്യാഭ്യാസ ബോർഡ് ഇന്ന് പുരോഗതിയുടെ ടോപ്പ് ഗിയറിലാണ്.
മലബാർ സമരാനന്തരം അജ്ഞതയുടെ മുറിവുണക്കാൻ പിറവി കൊണ്ട മദ്രസാ പ്രസ്ഥാനം പടിപടിയായി വളർന്നുവന്ന് ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളിൽ പോലും മലബാരീ തലക്കെട്ടുകാരുടെ ശബ്ദമുയർത്തുന്ന തരത്തിലേക്ക് എത്തിച്ചത് നാഴികക്കല്ലാണ്.
അഞ്ചു ലക്ഷത്തിലധികം പെൺകുട്ടികൾ മാത്രം സമസ്തയുടെ കീഴിൽ വിദ്യയഭ്യസിക്കുന്നുവെന്നത് സമസ്ത 
സ്ത്രീ വിദ്യാഭ്യാസത്തിന് നൽകിയ മനോഹരമായ പിന്തുണയുടെ മാതൃകാപരമായ വായനയാണ്.

ഇത്തരത്തിലുള്ള,വൈജ്ഞാനിക നവോത്ഥാന വായനകളോടൊപ്പം ഉമ്മത്തിന്റെ സാമൂഹിക-സാംസ്കാരിക നവോത്ഥാനം നിർമ്മിച്ചെടുത്തതും സമസ്തയാണ്.
കേരളേതര സംസ്ഥാനങ്ങളിൽ നിന്നും തീർത്തും വ്യതിരിക്തമായി മതകീയമായ ഓജസ്സും ആത്മീകമായ തേജസ്സും മലയാളീ മുസ്‌ലിമിന് പരിചയപ്പെടുത്തിയത് സമസ്തയാണ്.വളക്കൂറുള്ള ഉത്തരേന്ത്യയുടെ മണ്ണ് മതകീയ ബോധങ്ങളിൽ ഊഷരതയെ പുൽകിയത് സമസ്തയെപ്പോലെ മറ്റൊരു സംഘടിത ബോധമില്ലാത്തതിന്റെ പരിണിതിയാണ്.

ബഹുസ്വരതയുടെ കേരളീയ പശ്ചാത്തലത്തിലും എത്രയധികം ശാന്തിയോടെയും മനോഹാരിതയോടെയുമാണ് മുസ്‌ലിം സമൂഹം ജീവിതം നയിക്കുന്നത്. പതിനായിരക്കണക്കിന് മദ്രസകളും പള്ളികളും സജീവമായി നിലകൊള്ളുന്നുവെന്ന് മാത്രമല്ല.ഭൂരിഭാഗം മുസ്‌ലിങ്ങളിലും ഇസ്‌ലാമിക സംസ്കാരം പകർന്നേകിയതും സാമൂഹിക മണ്ഡലങ്ങളിൽ അഭിമാനകരമായ അസ്തിത്വം പണിതതും ശ്രദ്ധേയമാണ്.

ഉമ്മത്തിനായി നിലകൊണ്ട നൂറാണ്ടുകൾ.

വ്യക്തി കേന്ദ്രീകൃത നേതൃത്വത്തേക്കാൾ സംഘടിത മുന്നേറ്റമാണ് പ്രതാപമെന്നത് പടിഞ്ഞാറാണ് ലോകത്തിന് സംഭാവന നൽകിയത്.ഖലീഫയെയും ഇമാമിനെയും നേതൃത്വമായി പ്രതിഷ്ഠിക്കുകയും സമൂഹം അവരെ പിന്തുടരുകയും ചെയ്യുന്നതാണ് നൂറ്റാണ്ടുകളോളമുള്ള ഇസ്‌ലാമിക പാരമ്പര്യം.
ഇത്തരമൊരു,സ്ഥിതിവിശേഷണങ്ങളിൽ നിന്നും വ്യതിരിക്തമായി പടിഞ്ഞാർ പരിചയപ്പെടുത്തിയ സംഘടിത ബോധത്തിന്റെ അപ്പടിയായുള്ള പിന്തുടർച്ചയായിരുന്നു നവീനവാദികൾ മലയാളമണ്ണിൽ പരീക്ഷിച്ചത്. ഈയൊരു സ്ഥിതിവിശേഷണം നവീനവാദികളെ വളരെയധികം സഹായിച്ചുവെന്ന് തന്നെ പറയാം.  

സംഘടിത ബോധമാണ് സൗകര്യാത്മക രീതിയിൽ ദീനീ പ്രബോധനത്തിനും പ്രചരണത്തിനും ലക്ഷ്യപൂർത്തീകരണത്തിനും ഉദാത്തമെന്ന ഉലമാഇന്റെ തിരിച്ചറിവിന്റെ ഉത്തരമാണ് സമസ്ത.
കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ സഞ്ചാരത്തിനിടയിൽ സമുദായം സംഭ്രമിച്ച സാഹചര്യങ്ങളിലെല്ലാം സമുദായത്തിനായി നേരിന്റെ പക്ഷം നിന്ന് നിലപാട് പറഞ്ഞത് സമസ്തയാണ്.അവകാശം നേടിയെടുക്കുക.

രാജ്യത്തിന്റെ ന്യൂനപക്ഷമെന്ന നിലയിൽ പലപ്പോഴും സർക്കാർ സംവിധാനങ്ങളുടെ ചിറ്റമ്മ നയത്തിന് സമുദായം ഇരയാകാറുണ്ട്.അവകാശ ധ്വംസനത്തിന്റെ പേരിലും അർഹതാ നിഷേധത്തിന്റെ പേരിലും പലപോഴും ഉമ്മത്തിനെ കുഴക്കുന്നത് ഭരണകക്ഷികളുടെ ഹോബിയാണ്. എന്നാൽ, എത്രയധികം പ്രതിസന്ധികളുടെ കനലിടങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഉമ്മത്തിന്റെ സംരക്ഷണത്തിനും സ്വത്വ പരിപാലനത്തിനുമായി എക്കാലവും നിലകൊണ്ടത് സമസ്തയാണ്.

തുടക്കകാലങ്ങളിൽ സമുദായത്തിന്റെ നയവും നിലപാടും വ്യക്തമാക്കാൻ സമസ്തയുടെ നേതൃത്വം മീഡിയൻ പ്രവർത്തകരെ സമീപിക്കുന്ന രീതിയായിരുന്നെങ്കിൽ പ്രയാസ ഘട്ടങ്ങളിൽ ഉമ്മത്തിന്റെ നിലപാട് തേടി മാധ്യമങ്ങൾ ഇന്ന് സമസ്തയെയാണ് സമീപിക്കുന്നത്.1984-ൽ രാജ്യത്തെ ചൂടേറിയ വാർത്താ വിഭവമായിരുന്ന ശാബാനു കേസ് മുതൽ നിലവിലെ ഏകസിവിൽ കോഡ് വരെയുള്ള സാമുദായിക അരികുവത്ക്കരണത്തിന്റെ സർക്കാർ സൗജന്യ കുതന്ത്രങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും എക്കാലവും സമസ്ത മുന്നിലുണ്ട്.

മുത്വലാഖ്, പൗരത്വ ബില്ല് തുടങ്ങിയുള്ള വിഷയങ്ങളിൽ പ്രതിഷേധമിരമ്പിയ പ്രതിരോധത്തിന്റെ മഹാ സമ്മേളനങ്ങൾ തീർത്തും
കോടതി വരാന്തകൾ കയറിയിറങ്ങിയതും സമസ്തയായിരുന്നു.നിലവിൽ, സമുദായം നേരിടുന്ന മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ്, ഏക സിവിൽ കോഡ് വിഷയങ്ങളിലെല്ലാം ഉമ്മത്തിനായി സമസ്ത രംഗത്തിറങ്ങിയെന്നത് അകലങ്ങളില്ലാത്ത ഇന്നലെകളുടെ അനുഭവയാഥാർത്ഥ്യങ്ങളാണ്.

ഇങ്ങനെ,നൂറാണ്ടിന്റെ മനോഹരമായ സഞ്ചാരത്തിൽ പ്രശോഭിതമായ താളുകളെ തുന്നിച്ചേർത്ത് സമുദായത്തിനായി വിയർപ്പൊഴുക്കിയതാണ് നാളിതുവരെയുള്ള സമസ്തയുടെ ചരിത്രം.
എങ്കിലും,മനോഹരമായ നൂറ്റാണ്ടിന്റെ ജൈത്രയാത്രയിലും സ്വരഭേദങ്ങളും ആരോപണങ്ങളും വിമർശനങ്ങളും സ്വാഭാവികമെന്നോളം സമസ്തക്കെതിരെയുണ്ട്.

സ്വരഭേദങ്ങളുടെയും ആരോപണങ്ങളുടെയും മറുപുറം:-

കേരളീയ മുസ്‌ലിം ഉമ്മത്തിനിടയിൽ ഒമ്പതരപ്പതിറ്റാണ്ടിന്റെ പ്രതാപ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സമസ്ത അജയ്യമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
സമസ്തയുടെ ആദർശനിഷ്ഠയും ആൾബലവും അസഹനീയമായി അനുഭവപ്പെട്ട എതിർകക്ഷികൾ പ്രസ്ഥാനത്തെ കുത്തിനോവിപ്പിക്കാൻ കഴിവതും ശ്രമിച്ചിതോടൊപ്പം തന്നെ പലരും പല കാലങ്ങളിലും സ്വരഭേദങ്ങളുടെ പേരിൽ മാറ്റി നിർത്തുകയും മാറ്റിനിർത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

1947-ൽ ഖുതുബ പരിഭാഷക്കെതിരെ കൊടിയത്തൂർ ഖാള്വിയായിരുന്ന അബ്ദുൽ അസീസ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ ജംഇയ്യത്തെ ഉലമാഇ സ്സുന്നിയ്യ എന്ന നാമകരണത്തിൽ സമാന്തര സംഘടനക്ക് പിറവി നൽകി.1966-ൽ സമസ്തക്കെതിരെ കൊടുങ്കാറ്റായി വന്ന അഖില പിന്നീട് എരിഞ്ഞമരുകയായിരുന്നു.ജുമുഅ ഖുതുബയിലും ബാങ്കിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് യാതൊരു വിരോധമില്ല എന്ന 08. 04. 1967 -ന് കൂടിയ മുശവറയുടെ തീരുമാനത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കെ.കെ സ്വദഖത്തുള്ള മുസ്‌ലിയാരും അനുയായികളും സംസ്ഥാന ജംഇയ്യത്തുൽ ഉലമ രൂപീകരിച്ച് ഒറ്റകക്ഷിയായി പോയെങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ല.ദക്ഷിണയും കാന്തപുരം വിഭാഗവുമെല്ലാം വ്യത്യസ്തമായി യാത്ര തുടങ്ങിയെങ്കിലും സമസ്തയുടെ വളർച്ചക്കും വികാസത്തിനുമെതിരെ കാര്യമായി ഒന്നും ചെയ്യാനായില്ല.

സ്ത്രീ രംഗപ്രവേശന നിഷേധം,ഖുർആൻ പരിഭാഷ,മദ്രസ പ്രസ്ഥാനം, തുടങ്ങിയ വിഷയങ്ങളിൽ ചിലർ സമസ്തയെ എതിർത്തുവെങ്കിലും സമസ്തയുടെ പക്ഷമാണ് ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു. കാരണം സമസ്തയുടെ തീരുമാനങ്ങൾ മുഴുവൻ സൂക്ഷ്മതയിൽ അധിഷ്ഠിതമായ, കർമശാസ്ത്ര ബദ്ധമായി രൂപംകൊണ്ടതാണ്.

സ്വരഭേദങ്ങൾക്കൊപ്പം സാമുദായിക പാർട്ടിയുടെ അടിമയെന്നും യാഥാസ്ഥികരുടെ സംഘടിത കൂട്ടായ്മയെന്നുമുള്ള പല ആരോപണങ്ങൾ എതിർവരമ്പുകളിൽ നിന്ന് ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും കാതലില്ലാത്ത അത്തരം ആരോപണങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല.

ഇങ്ങനെ,മലവെള്ളപ്പാച്ചിൽ കണക്കെ ആരോപണങ്ങളും അപവാദങ്ങളും സമസ്തക്കെതിരെ കുത്തിയൊലിച്ചു വന്നെങ്കിലും അവയ്ക്കൊന്നും നമ്മുടെ അജയ്യമായ കുതിപ്പിന് വിഘാതം സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

ചുരുക്കത്തിൽ,നബവീ കാലത്തെ ഇസ്‌ലാമിക പ്രവേശനത്തിന്റെ അനുമാനവായനകളിലാണ് കേരളീയ ഇസ്‌ലാമിന്റെ അടിവേരുകൾ കിടക്കുന്നത്.
പ്രവാചക കാലത്ത് സ്വായത്തമാക്കിയ സത്യദീനിന്റെ സഫല ബോധ്യങ്ങൾ നൂറ്റാണ്ടുകളോളം പോറലേൽക്കാതെ പരിപാലിച്ചതാണ് ചരിത്രം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭദശകങ്ങളിലെ മലബാർ സമരം ഉമ്മത്തിനെ വളരെയധികം അരക്ഷിതാവസ്ഥയുടെ അകത്തളങ്ങളിലേക്ക് തള്ളിയാടുകയായിരുന്നു.

ഇത്തരമൊരു,നിരാലംബതയുടെ കാലത്താണ് പുരോഗമന പരിഷ്കാരത്തിന്റെ പച്ചില കാട്ടി ഉമ്മത്തിന്റെ ഈമാനിക ബോധം കട്ടെടുക്കാൻ വഹാബിസം കടന്നുവരുന്നത്.വഹാബിസത്തിന്റെ കടന്നു കയറ്റത്തിനെതിരെ സംഘടിതമായ പ്രതിരോധമാണ് അനിവാര്യമെന്ന ഉലമാഇന്റെ ബോധ്യങ്ങളിലുദിച്ച മനോഹാരിതയാണ് സമസ്ത.
പാരമ്പര്യ സനാതന മൂല്യങ്ങളെ പോറലേൽക്കാതെ പരിപാലിച്ചതോടൊപ്പം കാലാനുസൃതമായ പരിഷ്കാരങ്ങളുടെ ഓരംചേർന്ന് ഉമ്മത്തിന്റെ നവോത്ഥാന മുറ്റത്ത് നൂറ്റാണ്ട് കാലം സജീവമായതാണ് സമസ്തയുടെ ചരിത്രം.

കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം ഉമ്മത്തിന്റെ മത-സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക രംഗങ്ങളിലെ നിത്യസുരഭില വസന്തമാണ് സമസ്ത.
വിശ്വാസ രംഗത്ത് നിതാന്ത ജാഗ്രത മുറുകെപ്പിടിച്ചും സാമുദായിക ഉത്തരവാദിത്വങ്ങളെ ഉള്ളുണർത്തി ബോധ്യപ്പെടുത്തിയും ഉമ്മത്തിന്റെ അവകാശങ്ങൾക്ക് നിലകൊണ്ടും പ്രസ്ഥാനം മുന്നേറുകയാണ്. വിമർശകരുടെ വിതണ്ഡവാദങ്ങളും സ്വരഭേദങ്ങളുടെ അകൽച്ചയും ലവലേശം തൊട്ടുതീണ്ടാതെ ഉമ്മത്തിന്റെ സേവനരംഗത്ത് പാരമ്പര്യത്തിന്റെ തനിമയുള്ള നവോത്ഥാന നൗക ശാന്തമായ മുന്നേറ്റത്തിലാണ്. ഖൽബിൽ ഈമാനും നെഞ്ചിൽ തുടിപ്പുമുള്ള കാലത്തോളം സത്യസമസ്തയിൽ പാറപോലെ അടിയുറച്ച് നിന്ന് പർവ്വതം പോലെ ഉയർന്നു പ്രവർത്തിക്കാൻ പടച്ചറബ്ബ്  
തൗഫീഖ് നൽകട്ടെ -ആമീൻ.

അവലംബം


1:കേരള മുസ്‌ലിം ചരിത്രം. [പി. എ സെയ്തു മുഹമ്മദ്.]

2:മാപ്പിള റവ്യൂ. [പി.സി മാനവവിക്രമൻ രാജ]

3: തുഹ്ഫത്തുൽ മുജാഹിദീൻ
[സൈനുദ്ധീൻ മഖ്ദൂം]

4:സമസ്ത: ചരിത്രത്തിന്റെ നാൾവഴികൾ. [പി.എ. സ്വാദിഖ് ഫൈസി താനൂർ.]

5:സമസ്ത 85ാം വാർഷികോപഹാരം

6: സഹപാഠി. SKSBV സിൽവർ ജൂബിലി ഉപഹാരം

7: സമസ്ത 90)o വാർഷിക സ്മാരക ഗ്രന്ഥം.

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...