✒ യാസിർ മാമ്പുഴ
അനാദിയായ ഇലാഹ് തന്റെ സൃഷ്ടികളിലേക്ക് റഹ്മത്തിന്റെ പേമാരികൾ നിരന്തരമായി വർഷിപ്പിക്കുന്ന പരിശുദ്ധ മാസമാണ് മുഹറം.
വിശ്വാസിയുടെ ജീവിതക്കലണ്ടറിലെ
പുതുവർഷപ്പുലരിയെ ആത്മീയതയിലൂന്നിയ ആഘോഷത്തോടെയും ഉള്ളുണർത്തുന്ന സ്മരണയോടെയും സ്വീകരിച്ചിരുത്തുന്ന പിരിശവർത്തമാനങ്ങൾ മഹത്വമേറിയ മുഹറമിന്റെ മനോഹരവിശേഷങ്ങളാണ്.
എന്നാൽ,വിശാലമായ ഇസ്‌ലാമിക ചരിത്രത്തിലെ കണ്ണീരുണങ്ങാത്ത കർബലയുടെ മുറിപ്പാടുകൾ മുഹറമിന്റെ വിസ്മരിക്കാനാവാത്ത സ്മരണയാണ്.
അധികാര കസേരയിലെത്തി ഇസ്‌ലാമിക ഭരണത്തെ ദുരുപയോഗം ചെയ്ത്,പ്രവാചക തിരുമേനി (സ്വ) യുടെ പേരമകൻ ഹുസൈൻ (റ) ൻ്റെ നിഷ്ഠൂരമായ വധത്തിന്റെ കണ്ണീർ കാഴ്ചകളാണ് ഓരോ കർബലദിനവും വിശ്വാസിവൃന്ദത്തെ ഓർമിപ്പിക്കുന്നത്.
ഇസ്‌ലാമിക ചരിത്രത്തിൽ തന്നെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നത്താണ് ഈ സംഭവം.കാരണം,നുബുവ്വത്തിന്റെ നൂറൊഴുകുന്ന അഹലുബൈത്തിന് കർബലയിലേറ്റ മുറിവിന്റെ ആഴവും വ്യാപ്തിയും അത്രയേറെ അഗാധമേറിയതായിരുന്നു.യസീദിന്റെ ഭരണപ്രവേശനവും പ്രശ്നങ്ങളുടെ പ്രാരംഭവുമെല്ലാം നൂറ്റാണ്ടുകൾക്ക് പോലും സ്വന്തനിപ്പിക്കാനാകാത്ത കണ്ണീരുപ്പിന്റെ കറുത്ത അധ്യായത്തിലായിരുന്നു ഫുൾസ്റ്റോപ്പിട്ടത്.
കർബല
പിറവിയും പശ്ചാതലവും
ഇസ്‌ലാമിന്റെ നാലാം ഖലീഫയായ അലീ (റ ) ൻ്റെ വിയോഗാനന്തരമാണ് ഹുസൈൻ (റ)ൻ്റെ വധത്തിൽ കലാശിക്കുന്ന പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പിതാവ് അലിയ്യുബ്നു അബീ ത്വാലിബ് (റ)ൻ്റെ മരണാനന്തരം മകൻ ഹുസ്സൈൻ (റ) ഖലീഫയാവുകയായിരുന്നു.തുടർന്ന് ആറുമാസം മാത്രം ഭരിച്ച മഹാനവർകൾ മുആവിയതു ബിനു അബീസുഫിയാനെ ഭരണമേൽപ്പിച്ചു. പോരായ്മയുടെ അനുരണനങ്ങൾ ചിലയിടങ്ങളിലൊക്കെ മുളച്ചു പൊന്തിയിരുന്നെങ്കിലും അദ്ധേഹത്തിന്റെ ഭരണ കാലം അമവി ഭരണത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതാണ്.മക്ക വിജയത്തിന് ശേഷം ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം മൂന്നു വർഷം മാത്രമാണ് നബി (സ്വ) തങ്ങളോടുകൂടെ സഹവാസമുണ്ടായിരുന്നത്. അദ്ദേഹത്തിന് ഖുലഫാഉ റാഷിദുകളെ പോലെയും ഇതര സ്വഹാബികളെ പോലെയുള്ള ഉൾക്കാഴ്ച്ചയും അനുഭവ പരിജ്ഞാനവുമുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ, തന്റെ കാലശേഷം മുആവിയ (റ ) ഹുസ്സൈൻ (റ) നെ ഏൽപ്പിക്കുമെന്നായിരുന്നു സമൂഹമൊന്നടക്കം പ്രതീക്ഷിച്ചിരുന്നത്.എന്നാൽ, എല്ലാവരുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ച് മകൻ യസീദിനെ ഭരണമേൽപ്പിച്ചതോടെ സാമ്പ്രദായിക ഇസ്‌ലാമിക ഭരണ വ്യവസ്ഥയിൽ പുതിയൊരു സമ്പ്രദായത്തിന് തുടക്കം കുറിക്കുകയായിരുന്നു.അഥവാ,ഭരണാധികാരിയെ തിരഞ്ഞെടുക്കുകയെന്ന വ്യവസ്ഥയിൽ നിന്ന് മാറി റോമൻ സാമ്രാജ്യം പോലെ കുടുംബഭരണം രീതിയിലേക്ക് മാറിയത് അത്യധികം ജനങ്ങളെ പ്രകോപിച്ചു.എങ്കിലും,തന്റെ കരുത്ത് ഉപയോഗിച്ച് യസീദ് ഭരണത്തിൽ തുടരുകയായിരുന്നു.മദീനയിലെ ജനങ്ങളെ ശക്തി കൊണ്ട് കീഴ്പ്പെടുത്തിയ യാസീദിനെ ഹുസൈൻ (റ) അബ്ദുല്ലാഹിബ്നു അബൂബക്കർ (റ) ,അബ്ദുല്ലാഹിബിന് സുബൈർ (റ ) എന്നിവർ ബൈഅത്ത് ചെയ്തില്ല .യസീദിൻ്റെ കിരീടധാരണം വംശീയ പിന്തുടർച്ച ഭരണത്തിന് വഴി തെളിയുമെന്ന് മാത്രമായിരുന്നില്ല അവരുടെ എതിർപ്പിന് കാരണം,മറിച്ച് മുസ്‌ലിം നേതൃത്വം കൈക്കൊള്ളാനുള്ള മതപരവും ധാർമികപരവുമായ യോഗ്യതയുടെ കാച്ചിത്തുരുമ്പ് പോലും യസീദിനുണ്ടായിരുന്നില്ലത്രെ.യസീദിനെ ബൈഅത്ത് ചെയ്യാൻ സമ്മർദ്ദം ശക്തമായതോടെയാണ് ഹുസൈൻ (റ) മദീനയിൽ നിന്നും മക്കയിലേക്ക് താമസം മാറ്റി.തുടർന്നാണ് അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടുള്ള നിരവധി കത്തുകൾ കൂഫയിൽ നിന്നും വരുന്നത്.
അണിയറയിലെ കുതന്ത്രങ്ങളും വിശ്വാസത്തിന്റെ മുതലെടുപ്പും.
ഹുസൈൻ (റ) വന്ന് തങ്ങളിൽ നിന്ന് ബൈഅത്ത് സ്വീകരിക്കണമെന്നായിരുന്നു എല്ലാ കത്തുകളെയും ഉള്ളടക്കം.തുടർന്ന്, ഇത്തരത്തിലുള്ള 150-ഓളം കത്തുകൾ ലഭിച്ചപ്പോൾ കത്തിന്റെ യാഥാർഥ്യമറിയാനായി തൻ്റെ പിതൃസഹോദരൻ മുസ്‌ലി ബ്നു അഖീലിനെ കൂഫയിലേക്ക് അയച്ച ഹുസൈൻ (റ) തൻ്റെ നിഗമനം തെറ്റിയില്ല. മഹാനവർകൾക്ക് വേണ്ടി അവർ മുസ്‌ലിം (റ)ൻ്റെ കൈയ്യിൽ ബൈഅത് ചെയ്തിരുന്നു.ചെയ്തവരുടെ എണ്ണം പതിനെട്ടായിരം കവിഞ്ഞതിന് പുറമെ എല്ലാ സാഹചര്യവും തനിക്ക് അനുകൂലമാണെന്ന് മുസ്‌ലിം (റ) ൻ്റെ സന്ദേശം ലഭിച്ചത് മൂലം പോകാൻ തീരുമാനിച്ചു. ഇതറിഞ്ഞ മറ്റു സ്വഹാബികൾ ഏറെ വ്യാകുലപ്പെട്ടു.അബ്ദുറഹ്മാനുബ്നു അബ്ബാസ് (റ) പോലെയുള്ള പ്രമുഖ സഹാബികൾ ഹുസൈൻ (റ) ന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഹുസൈൻ (റ) തൻ്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.തുടർന്ന് തന്റെ കുടുംബത്തിലെ സ്ത്രീകളടക്കം 72 പേരുമായി കൂഫയിലേക്ക് പുറപ്പെടുകയും ചെയ്തു.സന്ദർശനമറിഞ്ഞ യസീദ് കൂഫയിലെ ഗവർണർ ബഷീറിനെ തിരിച്ചു വിളിക്കുകയും ബസ്റയിലേ ഗവർണറും കഠിനമനസ്കാനുമായ ഉബൈദുലാഹിബ്നു സിയാദിനെ അയക്കുകയും ചെയ്തു. തുടർന്ന് സിയാദ് മുസ്‌ലിം (റ)വിനെ വധിക്കുകയും അവിടുത്തെ ജനങ്ങളെ തന്റെ വശത്താക്കിയതിന് പുറമെ ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞ് ഹുസൈൻ (റ) വിന് കത്തയക്കുകയും ചെയ്തു.വഞ്ചനയുടെ ഇരുണ്ടമുഖം നേരിൽ കണ്ട അദ്ദേഹം എല്ലാം അല്ലാഹുവിലേക്ക് സമർപ്പിച്ച് യാത്ര തുടരുകയായിരുന്നു.എന്നാൽ,മരണത്തിന്റെ വഴിയിലേക്കാണ് താൻ നടന്നു നീങ്ങുന്നതെന്ന് ഹുസ്സൈൻ (റ) വിന് ബോധ്യമുണ്ടായിരുന്നു. അങ്ങനെ ഹുസ്സൈൻ (റ) ഒരു വിജനമായ സ്ഥലത്തെത്തി.പ്രസ്തുത സ്ഥലത്തിൻ്റെ പേര് കർബല എന്നായിരുന്നു. കർബ് എന്നാൽ കഷ്ടപ്പാട്,ബലപരീക്ഷണമെന്നാണ് സൂചിപ്പിക്കുന്നത്.
കണ്ണില്ലാത്ത ക്രൂരതയുടെ കണ്ണീർ പാടുകൾ.
ഒരു തുള്ളി ജലം പോലും നൽകാതെ മൂന്ന് ദിവസത്തെ ഉപരോധത്തിനു ശേഷം മുഹറം പത്തിന് വെള്ളിയാഴ്ച അല്ലെങ്കിൽ ശനിയാഴ്ച സുബഹി നിസ്കാരാനന്തരം ഹുസൈൻ (റ) തൻ്റെ സൈന്യവുമായി 32 കുതിര പടയാളികളും 40 കാലാളുകളുമുൾപ്പെടെ 72 പേരായിരുന്നു മഹാനവർകൾ വിന്യസിച്ചിരുന്നത്.തുടർന്ന് പല പ്രസംഗങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ശത്രുപക്ഷത്ത് നിന്ന് ഉമറുബിനു സഅദ് വില്ലെടുത്ത് സൈന്യത്തിന് നേരെ അസ്ത്രമയച്ചത്തിന് പുറമെ ദ്വന്തയുദ്ധത്തിനു വേണ്ടി ഇബിനു സിയാദിന്റെ വിമോചിത അടിമ യാസറിനെ ഹുസൈൻ (റ) ൻ്റെ പക്ഷത്ത് നിന്നും കൂഫയിൽ നിന്നും വന്ന ഉമൈറുൽ കൽബ് എന്നയാൾ യുദ്ധം ചെയ്യുകയും വധിക്കുകയും ചെയ്തു. എന്നാൽ,ധീരമായ ചെറുത്തുനിൽപ്പ് തുടർന്ന സൈന്യത്തിനെതിരെ വിജയം അസാധ്യമെന്ന് ബോധ്യമായപ്പോൾ അടിയന്തര സൈനിക സഹായത്തിനായി ആവശ്യപ്പെട്ടതോടെ ധാരാളം അമ്പെയ്ത്ത് വിദഗ്ധരും കാലാളുകളും സഹായത്തിനെത്തി. തുടർന്ന് ശരവർഷത്തിന് തുടക്കംകുറിച്ചതോടെ ഹുസൈൻ (റ) ൻ്റെ സൈന്യത്തിനെതിരെ ആധിപത്യം ചെലുത്താൻ സാധിച്ചു.തന്റെ മരണം ഏതാണ്ട് ഉറപ്പിച്ച മഹാനവർകൾ അനുചരുടെ കൂടെ യുദ്ധക്കളത്തിൽ വെച്ച് ളുഹ്ർ നിസ്കരിച്ചു.
ചെറുത്തുനിൽപ്പ് ഇനി അസാധ്യമാണെന്ന് അറിഞ്ഞ ഹുസൈൻ (റ) ഓരോരുത്തരായി യുദ്ധത്തിന് അയക്കുകയായിരുന്നു.ഇതിനിടയിൽ ഹുസൈൻ (റ) വിന് കഠിനമായ ദാഹം അനുഭവപ്പെട്ടു.തുടർന്ന് പെടുന്നനെ അസ്ത്രമുപയോഗിച്ച് പിന്തിരിപ്പിച്ചു. ശത്രുപക്ഷത്തിന് വധിക്കാൻ എല്ലാവിധ സാഹചര്യങ്ങൾ ഒത്തു വന്നപ്പോഴും വധിക്കാൻ ഭയപ്പെട്ടത് അദ്ദേഹത്തിൻ്റെ ധീരതയെയാണെന്ന് വ്യക്തമാക്കിത്തരുന്നത്.ഒടുവിൽ സിനാനുബിനു അനസ് എന്നയാൾ ഹുസൈൻ (റ) സുജൂദിലായിരിക്കെ കുന്തം ഉപയോഗിച്ചുകൊണ്ട് ശതമേൽപ്പിക്കുകയും അങ്ങനെ ഒടുവിൽ ആ വിശുദ്ധ ശരീരം ഭൂമിയിൽ ചേതനയേറ്റ വീഴുകയും ചെയ്തു. ഷഹീദാകുമ്പോൾ അമ്പത്തിയാറ് വയസ്സായിരുന്നു മഹാനാവറുകളുടെ പ്രായം. കുന്തം കൊണ്ട് 33 മുറിവുകളും വാളുകൊണ്ട് വെട്ടേറ്റ 24 മുറിവുകളും ശരീരത്തിലുണ്ടായിരുന്നു. ഹുസൈൻ (റ) ൻ്റെ ശിരസറുത്ത് സിറിയയിലെ ദിമിശ്കിലെ പല പ്രദേശങ്ങളിലും പ്രദർശിപ്പിച്ച് ശത്രുക്കൾ ആഹ്ലാദനിർത്തം ചവിട്ടി. കർബലയിൽ വെച്ച് തൻ്റെ പേര മകൻ ഹുസൈൻ(റ) കൊല്ലപ്പെടുമെന്ന് മുത്ത് നബിയുടെ (സ്വ) പ്രവചനം പുലരുകയായിരുന്നു അന്നവിടെ.അങ്ങനെ യുദ്ധം കഴിഞ്ഞതിനു ശേഷം കുറ്റം മുഴുവനും ഇബിനുസിയാദിൽ ചുമത്തി ബാക്കിയായവരെല്ലാം സമാധാനത്തോടെ മടക്കി അയക്കാനായിരുന്നു യസീദിന്റെ തീരുമാനം. യുദ്ധതടവുകാരെ പോലെ യസീദിൻ്റെ കൊട്ടാരത്തിലേക്ക് കൊണ്ടുവരപ്പെട്ട നബി(സ്വ) തങ്ങളുടെ കുടുംബത്തെ കണ്ട് ജനങ്ങൾ പൊട്ടിക്കരഞ്ഞു.അങ്ങനെ യസീദ് ഹുസൈൻ (റ) വിൻ്റെ തല വെട്ടിയെടുത്ത് മദീനയിലേക്ക് കൊടുത്തയച്ചു.ജന്നത്തുൽ ബഖീൽ ഉമ്മ ഫാത്തിമ ബീവി(റ) അരികിലാണ് മറവ് ചെയ്തത്. ഹുസൈൻ (റ) വിൻ്റെ ശിരസ്സില്ലാത്ത ശരീരം കർബലയിലെ നദികരികിൽ മറവ് ചെയ്തു. കർബലയിൽ തന്റെ മകൻ സൈനുൽ ആബിദ് (റ) ഒഴികെ എല്ലാവരും രക്ത സാക്ഷികളാവുകയായിരുന്നു.ഇസ്‌ലാമിക് ചരിത്രത്തിൽ എന്നും വേദനിക്കുന്ന ഒരുപാട് ഓർമ്മകളുമായി കർബല വിശ്വാസികളുടെ മനസ്സിൽ ഇന്നുമൊരു മുറിപ്പാടായി നിലകൊള്ളുന്നു.

Comments
Post a Comment