✒ റഹ്മത്തുള്ള മേലാറ്റൂർ
ഗതകാല ഇസ്‌ലാമിക ചരിത്രത്തിലും പ്രവാചക ജീവിതത്തിലും ഐതിഹാസികതയുടെ അതിപ്രധാനമായ അധ്യായമാണ് ഹിജ്റ.
ഇസ്‌ലാമിക മൗലികതയുടെയും പ്രവാചക ദൗത്യനിർവ്വഹണത്തിന്റെയും പൂർണതയിലേക്കുള്ള പ്രയാണമാണ് മദീനാ പലായനത്തിന്റെ സംക്ഷിപ്ത വായന.ഇസ്‌ലാമിക സംസ്കൃതിയുടെ സംസ്ഥാപനത്തിലേക്കുള്ള ചരിത്രത്തിന്റെ ബീജവാപമായിരുന്നു ഹിജ്റയെന്ന് ചുരുക്കം.
മക്കയുടെ പ്രദേശിക തലത്തിൽ നടന്നിരുന്ന വിശാലമായ ആശയ പ്രചരണത്തിൽ നിന്നും മാറി നിന്ന് ആഗോളതലത്തിൽ തന്നെ അഭിമാനത്തിന്റെ ഇസ്‌ലാമിക രാഷ്ട്രം പടുത്തുയർത്തുന്നതിലേക്കുള്ള ചുവടുവെപ്പായിരുന്നു ഹിജ്റ.
സുദീർഘമായ കാലഘട്ടത്തിനിടയിൽ സസൂക്ഷമമായി പ്രവാചകരും അനുയായി വൃന്ദവും പടുത്തുയർത്തിയ സമർത്ഥമായ ആസൂത്രണ മികവിന്റെ മഹാഗോപുരമാണ് ഹിജ്റ.
പ്രവാചക ദൗത്യനിർവഹണത്തിൽ വിളവെടുപ്പിന്റെ പച്ചമണ്ണും തേടിയുള്ള അന്വേഷണത്തിന്റെ തീർത്ഥാടനമായിരുന്നു ഹിജ്റയെന്ന പേരിൽ ചരിത്രം വിളിച്ചത്.ആദർശ സംഹിതയുടെ
പ്രബോധനത്തിൽ നിന്നും പ്രായോഗിക തലത്തിലേക്കുള്ള പരിണാമവും പ്രതിരോധത്തിന്റെ പാതയിൽ നിന്നും മുന്നേറ്റത്തിന്റെ മുറ്റത്തേക്കുള്ള മാറ്റമായിരുന്നു ഹിജ്റയെന്ന് ദേശാന്തരങ്ങളിൽ അറിയപ്പെട്ടത്.
ഹിജ്റ,ഒരിക്കലും പാരമ്പര്യ ശത്രുവിനെ ഭയന്നു കൊണ്ടുള്ള ഒളിച്ചോട്ടമായിരുന്നില്ല.
മക്കയുടെ സൈകത ഭൂമിയിലെ എതിർപ്പിന്റെ കനൽ നാളങ്ങളൾക്കിടയിൽ പ്രബോധനത്തിനപ്പുറം പ്രായോഗികതക്ക് അവസരമുണ്ടായിരുന്നില്ല.
നുബുവ്വത്തിന്റെ തുടക്കത്തിലെ പതിമൂന്ന് വർഷം നീണ്ട പ്രബോധന ജീവിതത്തിൽ മക്കയുടെ പരിസരങ്ങളും പശ്ചാത്തലങ്ങളും വേണ്ട രീതിയിൽ തിരുനബി(സ്വാ) തിരിച്ചറിഞ്ഞിരുന്നു.
അന്ധകാര നിബിഢമായ മക്കയുടെ പരിതസ്ഥിതിയിലെ ദുരാചാരങ്ങളെയെല്ലാം വിപാടനം ചെയ്ത് സമൂലമായ മാറ്റത്തിന്റെ പുതിയൊരു ശരീഅത്തിന്റെ പിറവിക്ക് പതിമൂന്ന് സംവൽത്സരങ്ങൾക്ക് ശേഷവും മക്കയുടെ മണ്ണും മനസ്സും പാകപ്പെട്ടിരുന്നില്ല.
നുബുവ്വത്തിന്റെ വർഷങ്ങൾക്കുശേഷം ക്രി-613-ലാണ് തിരുനബി(സ)ക്ക് പരസ്യ പ്രബോധനത്തിനുള്ള അനുമതി ലഭിക്കുന്നത്.ഉടനടി, തന്റെ ഉറ്റവരെയെല്ലാം ജബൽ ഖുബൈസിന്റെ ചെരുവിലേക്ക് വിളിച്ചുകൂട്ടി മുത്ത് നബി ദൗത്യനിർവഹണത്തിന് പ്രാരംഭം കുറിച്ചു.പ്രബോധനദൗത്യത്തിന്റെ പ്രാരംഭമെന്നൊമെന്നത്തിൽ തന്നെ എതിർപ്പിന്റെ സ്വരങ്ങളും ഭീഷണിയുടെ മുഴക്കങ്ങളുമെല്ലാം നുബുവ്വത്തിന്റെ കാതകങ്ങളിൽ മുയങ്ങിത്തുടങ്ങിയിരുന്നു.
സത്യദീനിന്റെ സൗന്ദര്യത്തിൽ സ്വയം മറന്ന് ജനങ്ങൾ ഇസ്‌ലാമിലേക്ക് കൂട്ടമായി കടന്നുവന്നു തുടങ്ങി.പക്ഷേ,ഇസ്‌ലാമിന്റെ തീരത്തണയുന്ന നിഷ്കളങ്കരായ മനുഷ്യരോടുള്ള മക്കക്കാരുടെ പരുഷമായ പെരുമാറ്റങ്ങൾക്ക് പരിണാമങ്ങളുണ്ടായില്ല.മുസ്‌ലിമായതിന്റെ പേരിൽ മാത്രം കിരാതമായ നടപടികൾക്ക് വിധേയമാകുന്ന സ്വഹാബത്തിന്റെ കണ്ണുലക്കുന്ന ദയനീയമായ കാഴ്ചകൾ മുത്ത് നബിയുടെ അധരങ്ങളിൽ അസ്വസ്ഥതയുടെ നീറ്റലായി നീറിപ്പുകഞ്ഞു.
പ്രതിവിധിയെന്നോളം താന്താങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ സ്വതന്ത്രമുള്ള നജ്ജാശി രാജാവിന്റെ എത്യോപ്യയിലേക്ക് ചില സ്വഹാബികളോട് ഹിജ്റ പോകാൻ കൽപ്പിച്ചു. തുടർച്ചയെന്നോണം,നുബുവ്വത്തിന്റെ അഞ്ചാം വർഷം റജബിൽ ഉസ്മാൻ(റ)വിന്റെ നേതൃത്വത്തിലുള്ള സംഘം എത്യോപ്യയിലേക്ക് ഹിജ്റ പോവുകയും നജ്ജാശി രാജാവ് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
നുബുവ്വത്തിന്റെ പത്താം വർഷത്തിൽ 42 വർഷക്കാലം മുത്ത്നബിക്ക് സ്വാന്തനത്തിന്റെ അഭയമേകിയ പിതൃവ്യൻ അബൂത്വാലിബിന്റെയും സഹധർമ്മിണി ഖദീജ ബീവിയുടെയും വിടവാങ്ങലുകൾ തിരുജീവിതത്തെ വല്ലാതെ വേദനിപ്പിച്ചു.ദുഃ വർഷത്തിലെ സാഹചര്യങ്ങൾക്കും സമകാലിക മക്കയിലെ സമസ്യകൾക്കുമുള്ള പരിഹാരമെന്നോണം തിരുനബി(സ) മദീന പലായനത്തെ വീക്ഷിച്ചു തുടങ്ങിയിരുന്നു.
ഹജ്ജിന്റെ വേളകളിൽ അറഫയിലും മിനയിലും സാഹിത്യ ചർച്ചകളുടെ ഉക്കാള്,മിജന്ന,ദുൽ മജാസ് ചന്തകളിലേക്ക് വരുന്ന മദീന നിവാസികളോട് മുത്ത്നബി പരിശുദ്ധ ദീനിനെ പരിചയപ്പെടുത്തി.ഇങ്ങനെ,വിശുദ്ധിയുടെ വിത്തിറക്കുന്നതിന് മുമ്പ് തന്നെ പലായന ഭൂമികയെ കൃഷിയിറക്കാൻ പാകത്തിലുഴുതുമറിച്ച് മുത്ത്നബി [സ്വ] വേണ്ടവിധം പാകപ്പെടുത്തിയിരുന്നു.ശേഷം, നുബുവ്വത്തിന്റെ പതിനാലാം വർഷം സ്വഫർ 21-)o തിയ്യതി [ക്രി 622 സെപ്റ്റംബർ 13]ന് തിരുനബി മക്കയിലേക്ക് പലായനം ചെയ്തു.
സഞ്ചരിക്കാനുള്ള വഴികളിലെ വൈതരണികളും ദുർഘടങ്ങളും കണ്ട് ഭയവിഹ്വലരായി പതുങ്ങി നിൽക്കാതെ സാധ്യതയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടിനടന്ന് പ്രതാപത്തിന്റെ കഥ രചിച്ചതാണ് ഹിജ്റയുടെ ചരിത്രം.
ഭൗതിക ജീവിതത്തിന്റെ സർവ്വസമ്പാദ്യങ്ങളും സൃഷ്ടാവായ റബ്ബിന്റെ മാർഗത്തിൽ സമർപ്പിക്കാനും പ്രാദേശിക തലത്തിലോ, ആഗോള തലത്തിലോ മുസ്‌ലിം വിരുദ്ധതയുടെ കൊടുങ്കാറ്റടിച്ച് വീശിയാലും ഖൽബിനകത്തെ ഈമാനിൽ അടിയുറച്ചു നിൽക്കാനുമാണ് ഓരോ മുഹാജിറുകളുടെയും ജീവിത പരിസരങ്ങൾ കരുത്ത് പകരുന്നത്.
ചുരുക്കത്തിൽ,സുകൃത മൂല്യങ്ങളുടെ പ്രശോഭിതമായ താളുകൾ തുന്നിച്ചേർത്ത ചരിത്ര പ്രാധാന്യമുള്ള മനോഹരമായ പാഠപുസ്തകമാണ് ഹിജ്റ. തിരുനബിയും സ്വഹാബത്തും വരച്ചുവെച്ച ഹിജ്റയുടെ പാഠപുസ്തകങ്ങൾ സത്യവിശ്വാസിയുടെ ജീവിത മാർഗരേഖയാവണം.പടച്ച റബ്ബ് തുണക്കട്ടെ.. ആമീൻ

Comments
Post a Comment